കാബൂള്‍: അമേരിക്കന്‍ എംബസിയില്‍ അക്രമം നടത്തിയ അവസാനത്തെ താലിബാന് ഭീകരനെയും 20 മണിക്കൂറിനുള്ളില്‍ അഫ്ഗാന് സേന വധിച്ചു. ഭീകരര്‍ താവളമാക്കിയ ഒരു ബഹുനില കെട്ടിടത്തിലെ അവസാനത്തെ ഭീകരനേയും വധിച്ചതായി അഫ്ഗാന് അധികൃതര്‍ വെളിപ്പെടുത്തി. ഒമ്പത് താലിബാന് ഭീകരരും നാല് പോലീസുകാരുമടക്കം മറ്റ് ഏഴുപേരും കൊല്ലപ്പെട്ടതായി വക്താവ് അറിയിച്ചു. അമേരിക്കയുടെയും മറ്റുവിദേശ രാജ്യങ്ങളുടെയും സൈന്യങ്ങള്‍ കാബൂളില്‍ നിന്ന് പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് രാജ്യത്ത് അക്രമങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. തങ്ങളുടെ സ്റ്റാഫ് അംഗങ്ങള്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ അന്തര്‍ദേശീയ സുരക്ഷ സൈനികരില്‍ ആറ് പേര് കൊല്ലപ്പെട്ടതായി നാറ്റോ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
ഒരു ബഹുനില കെട്ടിടത്തില്‍ അഭയം തേടിയ ഭീകരരെ വളരെ പണിപ്പെട്ടാണ് കീഴടക്കിയത്. പരിസരത്ത് മറ്റ് നയതന്ത്ര കാര്യാലയങ്ങള്‍ ഉള്ളതിനാല്‍ പ്രത്യാക്രമണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വന്നു. ഇതിനുശേഷമാണ് മുഴുവന്‍ ഭീകരരും കൊല്ലപ്പെട്ടതായി അഫ്ഗാന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.
ഭീകരരുടെ പക്കല്‍ ധാരാളം ആയുധങ്ങളുണ്ടായിരുന്നതായും അവര്‍ മൂന്നുദിവസമായി കെട്ടിടത്തില്‍ തങ്ങി പദ്ധതികള്‍ തയ്യാറാക്കിയതായും സംശയിക്കപ്പെടുന്നു. നഗരമധ്യത്തിലുള്ള സ്ഥലത്ത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ ഭീകരര്‍ എങ്ങനെ കഴിഞ്ഞുകൂടി എന്ന വസ്തുത അധികൃതരെ അത്ഭുതപ്പെടുത്തുകയാണ്. ആക്രമണത്തിന് ശേഷം കാബൂളില്‍ സ്ഥിതിഗതികള്‍ ശാന്തമായതായി ആഭ്യന്തരകാര്യമന്ത്രാലയം അറിയിച്ചു.
ഭീകരരെ പിടികൂടാനുള്ള ശ്രമത്തില്‍ ഒരു അമേരിക്കന്‍ സൈനിക ഹെലികോപ്ടറും അഫ്ഗാന് സൈന്യത്തിന്റെ ഹെലികോപ്റ്ററും പങ്കെടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണം ആരംഭിച്ചു. ഭീകരര്‍ ബുര്‍ക്കകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് ഒരു വാനില്‍ സംഭരിച്ചിരുന്നതായും അവരുടെ കൈവശം ഗ്രനേഡുകളും കൈത്തോക്കുകളും ഉണ്ടായിരുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: