അമേരിക്കന്‍ സാമ്രാജ്യത്വവുമായി സഹകരിക്കാന്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ യുഎസ് നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ചകളുടെ വിക്കിലീക്സ് രേഖകള്‍ പുറത്തുവന്നത്, ലോകമാസകലമുള്ള കമ്മ്യൂണിസ്റ്റുകാരുടെ പിതൃഭൂമിയായിരുന്ന സോവിയറ്റ് യൂണിയന് തകര്‍ന്നതിന്റെ ഇരുപതാം വാര്‍ഷികവേളയിലാണെന്നത് യാദൃശ്ചികമാവാം. അമേരിക്കന്‍ മൂലധനത്തിന് കേരളത്തില്‍ ചുവപ്പ് പരവതാനി വിരിക്കാനുള്ള വ്യഗ്രതയില്‍ കൊക്കകോള സമരത്തെപ്പോലും തള്ളിപ്പറഞ്ഞുകൊണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരെ സുഖിപ്പിക്കുന്നതിനായി തങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ പിടിവാശികളില്ലെന്ന് പിണറായി വിജയനും തോമസ് ഐസക്കും എം.എ.ബേബിയും വ്യക്തമാക്കിയതായുള്ള വിക്കിലീക്സ് രേഖകള്‍ അവരുടെ പഴയ പിതൃഭൂമിയെ തകര്‍ത്ത ‘പെരിസ്ട്രോയിക്ക’ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പകര്‍ത്താനുള്ള പുറപ്പാടിലാണെന്ന തോന്നലുളവാക്കി. അതു സംബന്ധിച്ചുള്ള ഒരു ചാനല്‍ചര്‍ച്ചയില്‍ കഴിഞ്ഞയാഴ്ച പങ്കെടുക്കവേ, സിപിഎമ്മിനെ പ്രതിനിധീകരിച്ച് സംസാരിച്ച സുഹൃത്തിന്റെ വാദങ്ങള്‍ കേട്ടപ്പോള്‍ ആ തോന്നല്‍ ബലപ്പെട്ടു. പ്രത്യയശാസ്ത്രപരമായ പിടിവാശികള്‍ വികസനത്തിന് വിഘാതമാണെന്നും കേരളത്തിന്റെ വികസനത്തിനുള്ള വിഘാതം അത് മാത്രമാണെന്നും ഉള്ള അഭിപ്രായം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പല കേന്ദ്രങ്ങളില്‍നിന്ന് കേട്ടുതുടങ്ങിയിരിക്കുന്നു. എന്നാല്‍ കേരളത്തിലെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് തന്നെ ആ അഭിപ്രായമാണുള്ളതെന്ന് അറിഞ്ഞത് വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെയാണ്. അതേയവസരത്തില്‍ ഇന്ന് സിപിഎം സെക്രട്ടറിയായ പിണറായി വിജയന് പണ്ട് വൈദ്യുതി മന്ത്രിയായിരിക്കവേയാണ് പില്ക്കാലത്ത് തകര്‍ന്നടിഞ്ഞ എന്റോണ്‍ എന്ന അമേരിക്കന്‍ ബഹുരാഷ്ട്രകുത്തകയെ കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനരംഗത്തേക്ക് ആനയിക്കാന്‍ ശ്രമിച്ചതെന്നതും ഇവിടെ ഓര്‍ക്കണം.
പ്രത്യയശാസ്ത്രപരമായ പിടിവാശികള്‍ക്ക് പ്രസക്തിയില്ലെന്ന വാദത്തിനും വിശ്വാസത്തിനും, ആഗോളീകരണത്തിന്റെ ആവിര്‍ഭാവത്തോടെ അംഗീകാരമേറിയിട്ടുണ്ട്. വി.എസ്.അച്യുതാനന്ദനെ വികസന വിരോധിയായി ചിത്രീകരിക്കാന്‍ ഇടക്കാലത്ത് അദ്ദേഹത്തിന്റെ തന്നെ സഖാക്കളില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാരോട് മത്സരിച്ചത് പ്രത്യയശാസ്ത്രപരമായ പിടിവാശി കാലഹരണപ്പെട്ടതാണെന്ന കണക്കുകൂട്ടലിലായിരുന്നു. പ്രത്യയശാസ്ത്രത്തിന് അവധി പ്രഖ്യാപിക്കാന്‍ പ്രസ്ഥാനങ്ങളും പാര്‍ട്ടികളും നിര്‍ബന്ധിതരാവുന്നുവെന്നത് പൊതുവസ്തുതയാണ്. സിപിഎമ്മില്‍ മാത്രമല്ല ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയുള്ള ഇതര ജനാധിപത്യ പാര്‍ട്ടികളില്‍ പോലും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ബിജെപി നേതാവ് എല്‍.കെ.അദ്വാനി ഉപപ്രധാനമന്ത്രി ആയിരിക്കവേയാണ് ‘ഭരണത്തിന് പ്രത്യയശാസ്ത്രമില്ലെ’ന്ന് ഒരഭിമുഖത്തില്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാവട്ടെ പ്രത്യയശാസ്ത്ര അടിത്തറയോ പ്രത്യയശാസ്ത്രപരമായ പിടിവാശികളോ പണ്ടുമുതല്ക്കേ ഇല്ലാത്ത പ്രസ്ഥാനമാണ്.
പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ സോവിയറ്റ് യൂണിയനാണ് ഇരുപതാണ്ട് മുമ്പ് നിലംപതിച്ചത്. മറുവശത്ത്, പ്രത്യയശാസ്ത്ര അടിത്തറയില്ലാത്ത അമേരിക്കന്‍ മുതലാളിത്തം ഇന്ന് തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുന്നതും നാം കാണുന്നു. പ്രത്യയശാസ്ത്രത്തിന്റെ പരാജയമാണ് സോവിയറ്റ് യൂണിയനെ തകര്‍ത്തതെന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധരും അതല്ല പ്രത്യയശാസ്ത്രമല്ല അതിന്റെ പ്രയോഗമാണ് സോവിയറ്റ് യൂണിയനില്‍ പരാജയപ്പെട്ടതെന്ന് കമ്മ്യൂണിസ്റ്റുകാരും അഭിപ്രായപ്പെടുന്നു. അതിനിടയിലാണ് അടുത്തകാലത്ത് ‘അറ്റ്ലാന്റിക്’ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സോവിയറ്റ് ശൈലിയിലുള്ള കമ്മ്യൂണിസത്തില്‍ അധിഷ്ഠിതമായ ക്യൂബന്‍ മാതൃക മറ്റ് രാഷ്ട്രങ്ങള്‍ക്ക് പകര്‍ത്താനാവുമോ എന്ന ചോദ്യത്തിന്, “ക്യൂബന്‍ മാതൃക ക്യൂബയില്‍ പോലും പ്രായോഗികമല്ലെ”ന്ന് ഫിഡല്‍ കാസ്ട്രോ പ്രഖ്യാപിച്ചത്. അതിനിടെ പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപ്പിടിച്ചാല്‍ മതി എന്ന ഡെംഗ്സിയാവോ പിങ്ങിന്റെ സിദ്ധാന്തം ചൈനയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അംഗീകരിച്ചു കഴിഞ്ഞു.
പക്ഷെ ലോകചരിത്രം തിരുത്തിക്കുറിച്ച ‘പെരിസ്ട്രോയിക്ക’യുടേയും ‘ഗ്ലാസ്നസ്’തിന്റെയും പിതാവായ മിഖായേല്‍ ഗര്‍ബച്ചേവ് ഇന്ന് ബഹുരാഷ്ട്രകുത്തകകളുടെ ആഡംബര ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ് അംബാസഡറായി പ്രവര്‍ത്തിക്കുമ്പോഴും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ വേദനിക്കുന്നു. പ്രമുഖ ജര്‍മന്‍ ദിനപത്രമായ ‘സ്പീഗലി’ന് നല്കിയ അഭിമുഖത്തില്‍ വൈവിധ്യമാര്‍ന്ന ഭാഷയുടേയും സംസ്ക്കാരത്തിന്റേയും സമ്പദ്വ്യവസ്ഥയുടേയും കൂട്ടായ്മയായിരുന്നു സോവിയറ്റ് യൂണിയന് ഇല്ലാതായതോടെ തകര്‍ന്നതെന്ന് ഗര്‍ബച്ചേവ് ചൂണ്ടിക്കാണിക്കുന്നു. സോവിയറ്റ് യൂണിയന് നിലനില്ക്കുന്നതായിരുന്നു നല്ലതെന്നും എങ്കില്‍ മുന്നൂറ് ദശലക്ഷം ജനങ്ങള്‍ ഒരു മുതല്‍ക്കൂട്ടാവുമായിരുന്നെന്നും ഗര്‍ബച്ചേവ് ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ആ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു.
അതെ! സോവിയറ്റ് യൂണിയന് നിലനില്ക്കുന്നതായിരുന്നു നല്ലത്. നിസ്സാരനായ എനിക്കും പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനും അതൊരു ‘ചെക്ക്’ ആവുമായിരുന്നു എങ്കില്‍. സോവിയറ്റ് യൂണിയനില്ലാത്ത ലോകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ലാത്ത കേരളം പോലെയാണ് അനുഭവപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തില്‍ കമ്മ്യൂണിസം കൈവിടുകയാണല്ലൊ-ഉപ്പിന് ഉപ്പുരസം നഷ്ടപ്പെടുന്നതുപോലെ. ഒരു കമ്മ്യൂണിസ്റ്റൊ കമ്മ്യൂണിസ്റ്റു വിരുദ്ധനൊ അല്ലെങ്കില്‍ക്കൂടി, സോവിയറ്റ് മാതൃക മഹത്തരം എന്ന അഭിപ്രായം എനിക്ക് അന്നും ഇന്നുമില്ല. മറിച്ച് സോവിയറ്റ് കമ്മ്യൂണിസത്തോടും സോവിയറ്റ് യൂണിയനോടും കടുത്ത എതിര്‍പ്പായിരുന്നു എനിക്കെന്റെ വിദ്യാര്‍ത്ഥി ജീവിതത്തില്‍. ആ എതിര്‍പ്പിന്റെ ഭാഗമായി തിരുവനന്തപുരത്തെ സോവിയറ്റ് സാംസ്കാരിക കേന്ദ്രമായ ‘ഗോര്‍ക്കി ഭവനു’ മുന്നില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചതും ‘പ്രവ്ദ’ കത്തിച്ചതും എന്റെ ഓര്‍മയിലുണ്ട്. സി. അച്യുതമേനോന് മുഖ്യമന്ത്രി ആയിരിക്കെ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തില് കെട്ടിപ്പൊക്കിയ സോവിയറ്റ് സാംസ്ക്കാരിക കേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കുന്നതുവരെ ആരോരുമറിയാതെ പരമരഹസ്യമായി സൂക്ഷിച്ചിരുന്നതിനെപ്പറ്റി അക്കാലത്ത് സുബ്രഹ്മണ്യം സ്വാമി പാര്‍ലമെന്റില്‍ പരാതിപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ അമേരിക്കന്‍ സാംസ്ക്കാരിക കേന്ദ്രം അടച്ചുപൂട്ടിയതിനു പിന്നാലെയാണ് സോവിയറ്റ് സാംസ്ക്കാരിക കേന്ദ്രം ആരംഭിച്ചത്. അലക് സി കോസിജിന്റെ കോലം അന്ന് ഞങ്ങള്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഗോര്‍ക്കിഭവന്റെ അങ്കണത്തില്‍ അഗ്നിക്കിരയാക്കി. ഒപ്പം ‘പ്രവ്ദ’യുടെ പ്രതികളും. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഒരാളെ സാംസ്ക്കാരിക കേന്ദ്രത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്ന ഖുട്നോവ് എന്ന റഷ്യാക്കാരനുമായി സംസാരിക്കാനും വിവരങ്ങള്‍ ആരായുന്നതിനുമായി അവിടുള്ള ജീവനക്കാര്‍ അന്ന് കൂട്ടിക്കൊണ്ടുപോയി. പ്രതിഷേധസമരത്തിന്റെ പിന്നിലെ മസ്തിഷ്കം ആരുടേതെന്നതായിരുന്നു വുട്നോവിനും മറ്റും അറിയേണ്ടിയിരുന്നത്. സോവിയറ്റ് സാംസ്ക്കാരിക കേന്ദ്രത്തില്‍ വെച്ച് അന്ന് ചോദ്യം ചെയ്യപ്പെട്ട ആ വിദ്യാര്‍ത്ഥി ഇന്ന് മക്മില്ലന് പബ്ലിഷേഴ്സില്‍ ബംഗളൂരുവില്‍ അസോഷ്യേറ്റ് എഡിറ്ററാണ്. ഇടക്കാലത്ത് അദ്ദേഹം ‘ജന്മഭൂമി’ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് സോവിയറ്റ് സാംസ്ക്കാരിക കേന്ദ്രമില്ല. സോവിയറ്റ് യൂണിയനും ഇല്ല. അവശേഷിക്കുന്നത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന കുറെ ഓര്‍മകള്‍ മാത്രം.
ഹരി എസ്. കര്‍ത്താ:-
പ്രതികരിക്കാൻ ഇവിടെ എഴുതുക: