ദേശീയ വാര്‍ത്താചാനലായ സിഎന്‍എന്‍-ഐബി എന്നില്‍ കരണ്‍ താപ്പര്‍ ഡോ.സുബ്രഹ്മണ്യന്സ്വാമിയുമായി നടത്തിയ അഭിമുഖ സംഭാഷണം.
കരണ്‍ താപ്പര്‍: ഹലോ! ഡെവിള്‍സ് അഡ്വക്കേറ്റിലേക്കു സ്വാഗതം. ഡിഎന്‍എ പത്രത്തില്‍ ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ സുബ്രഹ്മണ്യന് സ്വാമി ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഒന്നുകില്‍ അവരുടെ ഹിന്ദുപൂര്വികരെയും പാരമ്പര്യത്തെയും അഭിമാനപൂര്‍വം അംഗീകരിക്കുകയോ അല്ലെങ്കില്‍ വോട്ടവകാശം പിന്‍വലിക്കുന്നതിനെ നേരിടുകയോ വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നിരവധിപേര്‍ ഇതിനെ വര്‍ഗീയതയും വെറുപ്പും നിഴലിക്കുന്ന ഒരു ദുരഭിപ്രായമായിട്ടാണ് വീക്ഷിച്ചത്. എങ്ങനെയാണ് ഡോക്ടര്‍ സ്വാമി ഈ വീക്ഷണത്തിനെ പ്രതിരോധിക്കുന്നത്? ഞാന്‍ ഇന്നു സുബ്രഹ്മണ്യന്‍സ്വാമിക്ക് മുന്നില്‍ നേരിട്ട് ഉന്നയിക്കുന്ന പ്രധാന പ്രശ്നം ഇതാണ്. ഡോ.സ്വാമി, താങ്കള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും മുന്‍ കേന്ദ്രമന്ത്രിയുമാണ്. 2ജി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ അങ്ങ് മുഖ്യ പങ്ക് വഹിച്ചു. മുസ്ലീങ്ങള്‍ക്കെതിരെ വെറുപ്പും പകയും വഴിഞ്ഞൊഴുകുന്ന ഈ അഭിപ്രായത്തെ അങ്ങ് എങ്ങനെ വിശദീകരിക്കും?
സുബ്രഹ്മണ്യന് സ്വാമി: അത് തീര്‍ച്ചയായും വെറുപ്പും വിദ്വേഷവും നിറഞ്ഞതല്ല. നമ്മുടെ ഡിഎന്‍എ തന്നെയാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും ഉള്ളതെന്നത് വസ്തുതാപരമായി ശരിയാണ്. അതിനാല്‍ അവര്‍ അവരുടെ പൂര്‍വികര്‍ ഹിന്ദുമത വിശ്വാസികളാണെന്ന് അംഗീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഹിന്ദുക്കളല്ല അവരുടെ മാതാപിതാമഹര് എന്നവര്‍ പറയുന്നുവെങ്കില്‍, പിന്നെ ആരാണവരുടെ പിതൃക്കള്‍? ഹിന്ദുസഹോദരന്മാരുമായി ഒത്തു ജീവിക്കാന്‍ തയ്യാറില്ലാതിരുന്ന മുസ്ലീങ്ങള്‍ക്കായിരുന്നു നാം പാക്കിസ്ഥാന് സൃഷ്ടിച്ചുകൊടുത്തത്. ഇന്ത്യയെ വിഭജിച്ചത്.
രണ്ട് ഇനത്തില്‍ പെട്ട മുസ്ലീങ്ങള്ക്കായാണ്: ഒരു സാദൃശ്യത്തിന്റെ പേരില്‍ ഹിന്ദുക്കളോടൊപ്പം ജീവിക്കാന്‍ തയ്യാറായവര്‍ക്കും ഹിന്ദുക്കളുമായി ഒരു ഇടപാടിനുമില്ല എന്ന നിലപാട് എടുത്തവര്‍ക്കും വേണ്ടി.
കരണ്‍താപ്പര്‍: മുസ്ലീങ്ങള്‍ക്കു മേല്‍ ചുമത്തിയ ഈ വ്യവസ്ഥ അങ്ങ് ക്രിസ്ത്യാനികള്‍ക്കും ജൈനന്മാര്ക്കും സിക്കുകാര്‍ക്കും നല്‍കുന്നില്ല. ലേഖനത്തില്‍ അവരെ പരാമര്‍ശിക്കുന്നില്ല.
സുബ്രഹ്മണ്യന് സ്വാമി: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന്‍ പ്രസ്തുത ലേഖനമെഴുതിയത്. “ഹിന്ദുത്വ ആന്റ് നാഷണല്‍ റെനേയ്സന്സ്” എന്ന പുസ്തകത്തില്‍ ഞാന്‍ ക്രിസ്ത്യാനികളെക്കുറിച്ചും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
കരണ്‍ താപ്പര്‍: ഡിഎന്‍എ ലേഖനത്തില്‍നിന്നും ഞാന്‍ ഉദ്ധരിക്കയാണ്: “ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം”
സുബ്രഹ്മണ്യന് സ്വാമി: അതെ.
കരണ്‍ താപ്പര്‍: ഹിന്ദുക്കളുടേയും ഹിന്ദുക്കള്‍ പൂര്വികരായവരുടേയും രാജ്യമായി ഇന്ത്യയെ ഹിന്ദുസ്ഥാന്‍ എന്നു പുനര്‍നാമകരണം ചെയ്യുക. പിന്നെ അങ്ങു പറയുന്നു, 300 മുസ്ലീം പള്ളികളെ ഇല്ലാതാക്കണം.
സുബ്രഹ്മണ്യന് സ്വാമി: മുസ്ലീങ്ങള്‍ ഭീകരാക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ തിരിച്ചടിയായി അങ്ങനെ ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്.
കരണ്‍ താപ്പര്‍: ഹിന്ദുരാഷ്ട്രം എന്നുപറയുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് ഇടമില്ലാത്ത ഇന്ത്യ എന്നതാണ് നിങ്ങളുടെ ആശയം.
സുബ്രഹ്മണ്യന്‍സ്വാമി: തീര്‍ച്ചയായും അല്ല! ഹിന്ദുക്കള്‍ എന്നുപറയുമ്പോള്‍ ഹിന്ദുമതപരമായ ദൈവശാസ്ത്രത്തെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
കരണ്‍താപ്പര്‍: പിന്നെ, ഹിന്ദുക്കള്‍ എന്നു പറഞ്ഞാലെന്താണ്? ഹിന്ദു എന്ന സംജ്ഞയുടെ അര്‍ത്ഥമെന്ത്?
സുബ്രഹ്മണ്യന് സ്വാമി: ഹിന്ദു എന്നു പറഞ്ഞാല്‍ ഒരു മൂല്യവ്യവസ്ഥിതിയാകുന്നു. വിവേകാനന്ദനും ഇതു പറഞ്ഞിട്ടുണ്ട്. അംബേദ്കര്‍ രചനകളിലും ഇതു കാണാം.
കരണ്‍ താപ്പര്‍: എന്തിനും മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കായുള്ള ഒരു മൂല്യവ്യവസ്ഥിതിയെ പിന്തുടരണം?
സുബ്രഹ്മണ്യന് സ്വാമി: കാരണം, ഞങ്ങള്‍ ഹിന്ദുക്കള്‍ എല്ലാ മതങ്ങളും ദൈവത്തിലേക്ക് നയിക്കുന്നു എന്നു വിശ്വസിക്കുന്നു. മുസ്ലീങ്ങളും അങ്ങനെ വിശ്വസിക്ക തന്നെ വേണം.
കരണ്‍ താപ്പര്‍: പക്ഷേ, മുസ്ലീങ്ങള്‍ക്ക് അവരുടെ മതം ദൈവത്തിലേക്കുള്ള അവരുടെ പാതയാണെന്ന് വിശ്വസിക്കാന്‍ അവകാശമുണ്ട്. ഹൈന്ദവമൂല്യങ്ങളെ അവര്‍ അംഗീകരിക്കേണ്ടതില്ല.
സുബ്രഹ്മണ്യന് സ്വാമി: അല്ല. ഇസ്ലാം മതം അതു മാത്രമല്ല. ‘ദാറുല്‍ ഇസ്ലാം’ എന്തെന്നും ‘ദാറുല്‍ ഹറബ്’ എന്തെന്നും ഇസ്ലാം നിര്‍വചിക്കുന്നുണ്ട്.
കരണ്‍ താപ്പര്‍: ആദ്യമായി ഞാന്‍ അങ്ങയോട് ചോദിക്കട്ടെ. അങ്ങ് ആ ലേഖനം ഹിന്ദുക്കളുടെ താല്‍പ്പര്യാര്‍ത്ഥം എഴുതിയതാണ്. ഭൂരിപക്ഷം ഹിന്ദുക്കളും അങ്ങയോട് യോജിക്കുന്നുവെന്ന് അങ്ങേക്ക് തോന്നുന്നുവോ?
സുബ്രഹ്ണ്യന്‍ സ്വാമി: അവരോട് സംസാരിച്ചു നോക്കൂ.
കരണ്‍താപ്പര്‍: അവരോട് സംസാരിക്കുക. എന്നത് കൊണ്ടു താങ്കള്‍ ഉദ്ദേശിക്കുന്നതെന്ത്?
സുബ്രഹ്മണ്യന്‍സ്വാമി: എന്റെ ലേഖനത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വിലയിരുത്തുമ്പോള്‍, ഹിന്ദുക്കള്‍ അത്ഭുതകരമാംവണ്ണം അതിലെ ആശയങ്ങളെ ആവേശപൂര്‍വം പിന്തുണയ്ക്കുകയാണ്.
കരണ്‍ താപ്പര്‍: അങ്ങയെപ്പോലെ ഹിന്ദുക്കള്‍ മുഴുവന്‍ വര്‍ഗീയ ചിന്താഗതിക്കാരാണ് എന്നാണോ അങ്ങ് പറയുന്നത്?
സുബ്രഹ്മണ്യന് സ്വാമി: താങ്കള്‍ എങ്ങിനെയാണ് വര്‍ഗീയതയെ നിര്വചിക്കുന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. ഞാന്‍ എഴുതിയതിനെ താങ്കള്‍ വര്‍ഗീയമായി പരിഗണിക്കുന്നുവെങ്കില്‍ ഞാന്‍ പറയുന്നു 99 ശതമാനം ഹിന്ദുക്കളും വര്‍ഗീയ വാദികളാണ്.
കരണ്‍ താപ്പര്‍: 99 ശതമാനം ഹിന്ദുക്കള്‍ വര്‍ഗീയ വാദികളാണെന്നോ?
സുബ്രഹ്മണ്യന്‍സ്വാമി: താങ്കള്‍ പറയുന്നതുപോലെയാണ് ഹിന്ദുവിന്റേയും വര്ഗീയതുടേയും നിര്‍വചനമെങ്കില്‍.
കരണ്‍താപ്പര്‍: “മുസ്ലീങ്ങളെക്കുറിച്ച് ഇത്തരമൊരു വീക്ഷണത്തിലും മനോഭാവത്തിലും അങ്ങ് എത്തിച്ചേരാനുള്ള കാരണങ്ങളിലേക്കും നമുക്ക് വരാം. അങ്ങ് എഴുതിയത് ഞാന്‍ ഉദ്ധരിക്കാം.
“മൗലികവാദികളാകാനും അങ്ങനെ ഹിന്ദുക്കള്‍ക്കെതിരെ ചാവേറുകളാകാനും ഇന്ത്യയിലെ മുസ്ലീങ്ങള്‍ മന്ദഗതിയിലുള്ള ഒരു പ്രക്രിയയിലൂടെ പ്രോഗ്രാം ചെയ്യപ്പെട്ടു വരികയാണ്” ഇങ്ങനെ പറയാന്‍ അങ്ങയുടെ പക്കല്‍ എന്തു തെളിവാണുള്ളത്?
സുബ്രഹ്മണ്യന് സ്വാമി: ആരാണ് ബോംബെയില്‍ ഭീകരാക്രമണം നടത്തിയത്?
കരണ്‍ താപ്പര്‍: സ്വാമി അസിമാനന്ദ കേണല്‍ പുരോഹിത്, പ്രജ്ഞാസിംഗ് ഠാക്കൂര്‍ ഇവരെക്കുറിച്ച് എന്തു പറയുന്നു?
സുബ്രഹ്മണ്യന് സ്വാമി: വിഷയം മാറ്റാതെ! രാജ്യത്തിനകത്തുനിന്നുതന്നെ മുസ്ലീം വ്യക്തികള്‍ ഭീകരന്മാരായി മാറിയിട്ടുള്ളതിന് മതിയായ തെളിവുകളുണ്ട്.
കരണ്‍ താപ്പര്‍: അതോടൊപ്പം രാജ്യത്തിനകത്തുനിന്ന് തന്നെയുള്ള ഹിന്ദുക്കള്‍ ഭീകരരായി മാറിയെന്നതിനും മതിയായ തെളിവുകളുണ്ട്.
സുബ്രഹ്മണ്യന് സ്വാമി: വിഷയത്തില്‍നിന്ന് വ്യതിചലിക്കരുത്. ആദ്യം നമുക്ക് ഈ പോയിന്റ് പറഞ്ഞു തീര്‍ക്കാം. ഇതാദ്യമായാണ് നമ്മുടെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ പക്കല്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ഭീകരരാകാന്‍ പ്രോഗ്രാം ചെയ്യപ്പെടുന്നു എന്നതിന് തെളിവുണ്ട് എന്നു ഞാന്‍ അറിയുന്നത്.
കരണ്‍ താപ്പര്‍: വാദത്തിന് വേണ്ടി മാത്രം ഞാനിത് സമ്മതിച്ചു തരാം. പക്ഷേ, ഒരു ചെറിയ കൂട്ടം ഭ്രാന്തന്മാരുടെ പേരില്‍ മുഴുവന്‍ മുസ്ലീം സമൂഹത്തേയും എന്തിന് പഴി ചാരണം?
സുബ്രഹ്മണ്യന് സ്വാമി: ഞാന്‍ അങ്ങനെ ചെയ്യുന്നില്ല. എന്റെ വാചകം വായിച്ചു നോക്കുക. “അവര്‍ പതിയെ അങ്ങനെ പ്രോഗ്രാം ചെയ്യപ്പെട്ടു വരുന്നു” എന്നാണ് ഞാന്‍ പറയുന്നത്. അതിപ്പോള്‍ തന്നെ സംഭവിച്ചിരിക്കുന്നു എന്ന് അര്‍ത്ഥമില്ല.
കരണ്‍ താപ്പര്‍: പക്ഷേ അങ്ങ് പറയുന്നത് “ഇന്ത്യയിലെ മുസ്ലീങ്ങള്‍” എന്നാണ്, കുറച്ചു മുസ്ലീങ്ങള്‍ എന്നല്ല.
സുബ്രഹ്മണ്യന് സ്വാമി: അവരെല്ലാം ഉന്നം വെയ്ക്കപ്പെട്ടിരിക്കുന്നു.
കരണ്‍ താപ്പര്‍: അവിടെയാണ് അങ്ങ്. ഒരു ചെറിയ ന്യൂനപക്ഷത്തിനെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് മുഴുവന്‍ മുസ്ലീം സമൂഹത്തേയും ഭീകരരായി മുദ്ര കുത്തുന്നത്.
സുബ്രഹ്മണ്യന് സ്വാമി: മുഴുവന്‍ സമൂഹത്തേയും ഞാന്‍ ഭീകരതയുമായി ബന്ധപ്പെടുത്തുന്നില്ല; മുസ്ലീം സമൂഹം പൂര്‍ണമായും ഭീകരതയാല്‍ ഉന്നം വെയ്ക്കപ്പെടുന്നു എന്നാണ് ഞാന്‍ എഴുതിയത്.
കരണ്‍ താപ്പര്‍: അങ്ങ് ഒരുപടി മുന്നോട്ടുപോകുക കൂടി ചെയ്യുന്നുണ്ട്. ഒരു ന്യൂനപക്ഷത്തിന്റെ വിക്രിയകളെ അങ്ങ് മുഴുവന്‍ സമൂഹവുമായി ബന്ധപ്പെടുത്തുക മാത്രമല്ല, ആ ചെറു വിഭാഗത്തിന്റെ പേരില്‍, മുഴുവന്‍ സമൂഹം അവരുടെ ഹൈന്ദവ പൂര്‍വികതയെ അംഗീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ഒന്നായി വോട്ടവകാശം നിഷേധിക്കണമെന്നുകൂടി പറയുന്നു.
സുബ്രഹ്മണ്യന് സ്വാമി: അത് താങ്കളുടെ അനുമാനമാണ് അതല്ല അവിടെ എഴുതിയിരിക്കുന്നത്.
കരണ്‍ താപ്പര്‍: അത് ഏവരുടേയും അനുമാനമാണ്. തികച്ചും യുക്തിപരമായ അനുമാനം.
സുബ്രഹ്മണ്യന് സ്വാമി: അത്തരം അനുമാനത്തിലെത്തിച്ചേര്ന്നുവെന്ന് താങ്കള്‍ പറയുന്നവരില്‍ ഓരോ വ്യക്തിയേയും എന്റെ മുന്നില്‍ കൊണ്ടു വരിക. ബദലായി, അതല്ല ശരി എന്നുപറയുന്ന 200 പേരെ വീതം ഞാന്‍ കൊണ്ടുവരാം.
കരണ്‍ താപ്പര്‍: ഡോ.സ്വാമി. അങ്ങയുടെ ലേഖനം വായിച്ചാല്‍ മറ്റൊരു അനുമാനത്തിലും എത്തുക സാധ്യമല്ല. ഒരു കൂട്ടം ഭ്രാന്തന്മാരുടെ പേരില്‍ ഭൂരിപക്ഷം മുസ്ലീങ്ങളേയും പഴിചാരുകയാണ് അങ്ങ് ചെയ്യുന്നത്.
സുബ്രഹ്മണ്യന് സ്വാമി: ദയവായി കേള്‍ക്കൂ! താങ്കള്‍ ഒരു നിര്‍ബന്ധബുദ്ധിയും ഉല്‍ക്കപോലുള്ള അഭിപ്രായങ്ങള്‍ പേറുന്നയാളുമാണ്. താങ്കള്‍ക്ക് എന്റെ ലേഖനത്തെക്കുറിച്ച് എന്തഭിപ്രായവും പറയാം. ഞാന്‍ എന്താണ് എഴുതുന്നത് എന്ന് തീര്‍ത്തും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാന്‍ അത് എഴുതിയത്. ഞാന്‍ താങ്കളോട് പറയുന്നു: ഭീകരന്മാര് മുസ്ലീങ്ങളെ ഒരു സമൂഹം എന്ന നിലക്ക് ടാര്‍ഗറ്റ് ചെയ്യുകയും പ്രചാരണങ്ങള്‍ നടത്തി അവരെ ഹിന്ദുക്കള്‍ക്കെതിരായി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ ഈ ലക്ഷ്യം നിറവേറിയിരുന്നില്ല. ഇന്ന് ആ ലക്ഷ്യം സാധിതപ്രായമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ നാം അതിനെതിരെ എന്തെങ്കിലും ചെയ്തേ പറ്റൂ.
കരണ്‍ താപ്പര്‍: അതവിടെ ഇരിക്കട്ടെ. അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുതന്നെ ഞാന്‍ അടുത്ത പോയിന്റിലേക്ക് കടക്കാം. പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്ലാം ഹിന്ദുയിസത്തെ നേരിടുമെന്നും അങ്ങ് ലേഖനത്തില്‍ പറയുന്നുണ്ട്.
സുബ്രഹ്മണ്യന് സ്വാമി: അതെ.
കരണ്‍ താപ്പര്‍: എല്ലാ മതങ്ങളിലുമുള്ളതുപോലെ, ഇസ്ലാമിലും ഉള്ള മതഭ്രാന്തന്മാരായ ഒരു ചെറിയ കൂട്ടത്തിന് ആ അഭിപ്രായമുണ്ടാകാം. അത് ഭൂരിപക്ഷം മുസ്ലീങ്ങളുടെ വീക്ഷണമല്ല. അത്തരം ഒരു നിലപാടിനെ ഇസ്ലാം അംഗീകരിക്കുന്നുമില്ല.
സുബ്രഹ്മണ്യന് സ്വാമി: ഞാന്‍ പരാമര്‍ശിച്ചത് ഭീകരന്റെ വീക്ഷണമാണ്. അവ ഭീകരസംഘടനകളുടെ നിലപാടുകളാണ്.
കരണ്‍ താപ്പര്‍: പക്ഷേ, അങ്ങ് പറയുന്നത് ഇസ്ലാം ഹിന്ദുമതത്തോട് ഏറ്റുമുട്ടുമെന്നാണ്.
സുബ്രഹ്മണ്യന് സ്വാമി: അതെ, അതാണ് തീര്‍ച്ചയായും ഇസ്ലാമിക ദൈവശാസ്ത്രം ദാറുല്‍ ഇസ്ലാമയില് മുസ്ലീങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറേണ്ടതുണ്ട്. ഉദാഹരണത്തിന് സൗദി അറേബ്യയില്‍ ക്ഷേത്രം പണിയാന്‍ അനുവദിക്കില്ല.
കരണ്‍ താപ്പര്‍: അപ്പോള്‍ അങ്ങയുടെ ഉന്നം ഇസ്ലാമാണ്, ഭീകരര്‍ അല്ല.?
സുബ്രഹ്മണ്യന് സ്വാമി: ഇസ്ലാമിനെ ഉന്നം വെയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. ഖുര്‍ ആനില്‍ കൂടിയായാലും ഹദീസുകളില്‍ കൂടി വീക്ഷിച്ചാലും ഇസ്ലാമിക ചിന്ത ഓരോ മുസ്ലീമിനോടും കാഫറിനെ തട്ടിക്കളയാന്‍ ആഹ്വാനം ചെയ്യുന്നു.
കരണ്‍ താപ്പര്‍: എന്നു പറഞ്ഞാല്‍, അങ്ങ് ഇസ്ലാമിനെ ഉന്നം വെയ്ക്കുന്നു.
സുബ്രഹ്മണ്യന് സ്വാമി: ഇസ്ലാമിനെ ഉന്നമിടുക എന്നതുകൊണ്ട് താങ്കള്‍ എന്താണുദ്ദേശിക്കുന്നത്? ഞാന്‍ താങ്കള്‍ക്ക് ഇസ്ലാം എന്തെന്ന് പറഞ്ഞു തരികയാണ്. താങ്കളോട് ഞാന്‍ ഇസ്ലാമിക പ്രബോധനം നടത്തുകയാണ്. എനിക്ക് ഒരു ഉന്നത്തിന്റെ ആവശ്യമില്ല.
കരണ്‍താപ്പര്‍: അങ്ങ് എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്ന് അങ്ങേയ്ക്കറിയാമോ? അങ്ങ് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ അവിശ്വാസത്തിന്റെ വിത്തുകള്‍ വിതയ്ക്കുകയാണ്.
സുബ്രഹ്മണ്യന് സ്വാമി: അത് താങ്കളുടെ മാനസികാപഗ്രഥനം മാത്രം.
കരണ്‍ താപ്പര്‍: അങ്ങ് ഇന്ത്യയെ ഭിന്നിപ്പിക്കയാണ്. കൂടാതെ അങ്ങ് ഹിന്ദുക്കളെ പ്രകോപിപ്പിക്ക കൂടി ചെയ്യുന്നു. ഏറ്റവും മോശമായ സംഗതി, അങ്ങ് ഇത് മനഃപൂര്‍വമായും ബോധപൂര്‍വമായും ചെയ്യുന്നുവെന്നതാണ്.
സുബ്രഹ്മണ്യന് സ്വാമി: ഞാന്‍ അത്തരം കാര്യങ്ങള്‍ ചെയ്തിട്ടില്ല. അതൊക്കെ താങ്കളുടെ അനുമാനവും അഭ്യൂഹവും മാത്രമാണ്. അംബേദ്കറിനെ പോലുള്ള വ്യക്തികള്‍ വളരെ മുന്നെ തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്ക മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ വ്യത്യസ്തമായ രീതിയില്‍ അവയെ പറഞ്ഞു എന്നുമാത്രം. പക്ഷേ പ്രസ്തുത വസ്തുതകള്‍ നേരത്തെ തന്നെയുള്ളതാണ്. നമ്മള് അവയെ കണ്ടിട്ടുണ്ട്. അവയെ നാം അംഗീകരിക്കേണ്ടതുണ്ട്.
കരണ്‍ താപ്പര്‍: ഇത്തരം വീക്ഷണങ്ങളില്‍ അങ്ങ് അഭിമാനം കൊള്ളുന്നുവോ?
സുബ്രഹ്മണ്യം സ്വാമി: തീര്‍ച്ചയായും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അഭിമാനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. ഇവ എന്റെ വീക്ഷണങ്ങളാണ്. ഇന്ത്യയിലെ ജനങ്ങള്‍ അതില്‍ അഭിമാനിക്കുന്നു എന്നു ഞാന്‍ കരുതുന്നു.
കരണ്‍ താപ്പര്‍: അങ്ങയോട് സംഭാഷണം നടത്തിയത് ഉത്തേജക അനുഭവമാണ്. നന്ദി. നമസ്കാരം.
ഡോ.സുബ്രഹ്മണ്യന് സ്വാമി: –
പ്രതികരിക്കാൻ ഇവിടെ എഴുതുക: