തിരുവനന്തപുരം: ചന്ദനക്കുറി തൊടുന്നതിനും മുല്ലപ്പൂ ചൂടുന്നതിനും മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിന് കോര്‍പ്പ് ഓഫീസുകളില്‍ വിലക്ക്. സ്ത്രീകള്‍ക്ക് കണ്ണെഴുതുന്നതിനും മൂര്‍ധാവില്‍ സിന്ദൂരപ്പൊട്ട് തൊടുന്നതിനും ഉണ്ട് വിലക്ക്. 1350 ശാഖകളിലെ ജീവനക്കാര്‍ മേലില്‍ ചന്ദനം തൊടുകയോ സിന്ദൂരം അണിയുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും സര്‍ക്കുലര്‍ എല്ലാ ശാഖകളിലേക്കും അയച്ചിട്ടുണ്ട്. ജീവനക്കാരുടെ ഡ്രസ് കോഡിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
പുരുഷന്മാര് ഒരു മാലയും വിവാഹമോതിരവും വാച്ചും ഒഴികെ കൂടുതല്‍ ആഭരണങ്ങള്‍ ധരിക്കരുത്. നെറ്റിയില്‍ ഒരു തരത്തിലുള്ള കുറിയും തൊടരുത്. സ്ത്രീകള്‍ക്ക് ഒരു മാലയും രണ്ടു വളയും ഒരു മോതിരവും ഒരു വാച്ചും ധരിക്കാം. കണ്ണെഴുതാന്‍ പാടില്ല. ഒരു തരത്തിലുള്ള കുറികളും തൊടരുത്. തലമുടിയില്‍ പൂ ചൂടാനും പാടില്ല.
മംഗല്യവതികളായ സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂര തിലകം ചാര്‍ത്തുന്നത് ആചാരത്തിന്റെ ഭാഗമാണ്. ക്ഷേത്രത്തില്‍ പോകുന്നവര്‍ നെറ്റിയില്‍ ചന്ദനം തൊടുന്നതും പരമ്പരാഗതമായ അനുഷ്ഠാനമാണ്. ക്ഷേത്രത്തില്‍ പോകാതെ തന്നെ രാവിലെ കുളിച്ചാലുടന്‍ കുറി തൊടുന്നവരും ഉണ്ട്.
കുറി തൊടുന്നതും പൂ ചൂടുന്നതും കണ്ണെഴുതുന്നതും മൗലികാവകാശവും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗവും ആണെന്നിരിക്കെ മുത്തൂറ്റു സ്ഥാപനങ്ങളില്‍ ഇതിനൊക്കെ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ട്. സ്വര്‍ണപണമിടപാടു സ്ഥാപനമായി തുടങ്ങി ഇന്ന് രാജ്യത്തെ തന്നെ വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായി വളര്‍ന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. സ്വര്‍ണപണയം, ഭവനവായ്പ, കാര്‍ വായ്പ, ബിസിനസ് ലോണ്‍, വസ്തു വായ്പ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഫിന്‍കോര്‍പ്പിന് 525 കോടി രൂപയുടെ മൂലധനമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: