Categories: Ernakulam

യോഗയും ധ്യാനവും ഭാരതീയസംസ്ക്കാരത്തിന്റെ ഭാഗം: മന്ത്രി കെ.വി.തോമസ്‌

Published by

കൊച്ചി: മൊറാര്‍ജിദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ യോഗയുടെ ആഭിമുഖ്യത്തിലുള്ള സ്വാമി വിവേകാനന്ദ ഡിസ്ട്രിക്‌ യോഗ വെല്‍നെസ്‌ സെന്റര്‍ എറണാകുളം കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ വകുപ്പ്‌ മന്ത്രി പ്രൊഫ. കെ.വി.തോമസ്‌ നിര്‍വഹിച്ചു. യോഗയും, ധ്യാനവും ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും, എല്ലാമതവിശ്വാസികള്‍ക്കും അഭ്യസിക്കാവുന്ന ഒന്നാണതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. യോഗ പരിശീലനത്തിലൂടെ മന: ശാന്തിയും, സന്തോഷവും നമുക്ക്‌ സദാലഭിക്കുമെന്ന്‌ സ്വാനുഭവത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. അതിവേഗം വളര്‍ന്‍ങ്കൊണ്ടിരിക്കുന്ന സമൂഹത്തിന്‌ ഏറ്റവും അത്യാവശ്യമാണ്‌ ആദ്ധ്യാത്മിക ശക്തി. അത്‌ ഇത്തരം യോഗപരിശീലനത്തിലൂടെ സാദ്ധ്യമാകട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു.

പതഞ്ജലി യോഗവിദ്യാപീഠം വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ വി.വി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ ജെ.നന്ദകുമാര്‍ പ്രഭാഷണം നടത്തി. ഇന്നത്തെ കാലഘട്ടത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ യോഗപാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം സവിസ്തരം പ്രതിപാദിക്കുകയുണ്ടായി.

പ്രശസ്ത കവി എസ്‌.രമേശന്‍ നായര്‍, വൈഐസി കോഴ്സ്‌ പൂര്‍ത്തിയാക്കിയവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്തു. പതഞ്ജലി യോഗ്യവിദ്യാപീഠം അക്കാദമിക്ക്‌ കൗണ്‍സില്‍ ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി സ്വാഗത ആശംസിക്കുകയും, പതഞ്ജലി യോഗവിദ്യാപീഠം സെക്രട്ടറി ടി.മനോജ്‌ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by