Categories: India

ദല്‍ഹി സര്‍ക്കാര്‍ മൂവായിരംകോടി ഖജനാവിന്‌ നഷ്ടമുണ്ടാക്കി: സിഎജി

Published by

ന്യൂദല്‍ഹി: കെടുകാര്യസ്ഥതയും നികുതി കുറവിന്‌ കൃത്യമായി അപേക്ഷിക്കാതിരിക്കലും നികുതികള്‍ പിരിച്ചെടുക്കുന്നതില്‍ വന്ന വീഴ്ചയും മൂലം 2009-2010 സാമ്പത്തിക വര്‍ഷത്തില്‍ ദല്‍ഹി ഭരണകൂടം 3000 കോടി രൂപ പൊതുഖജനാവിന്‌ നഷ്ടം വരുത്തിയതായി കണ്‍ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഈ പിഴവുകള്‍ നികത്തിയാല്‍ കൂടുതല്‍ നികുതി സമാഹരണം സാധിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു.

2009-2010 സാമ്പത്തിക വര്‍ഷത്തിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ നികുതി നിര്‍ണയത്തിലെ കുറവ്‌, കുറഞ്ഞ തുക അടക്കല്‍ ഇവ മൂലം 2696 കേസുകളിലായി 3140 കോടി രൂപയുടെ നഷ്ടമാണ്‌ കണ്ടെത്താനായത്‌. നികുതി കണക്കാക്കുന്നതില്‍ വാറ്റ്‌ നികുതിയിനത്തില്‍ മാത്രം 2672 കോടി രൂപ കുറച്ചാണ്‌ കണ്ടിരുന്നത്‌. ചില കേസുകളില്‍ നികുതി പൂര്‍ണമായും ഒഴിവാക്കിയതായും കണ്ടെത്തിയിട്ടുണ്ട്‌.

68 യൂണിറ്റുകളിലെ വാറ്റ്‌ നികുതികള്‍ പരിശോധന ഓഡിറ്റ്‌ നടത്തിയപ്പോള്‍ 2579 കേസുകളിലായി 2672 കോടി രൂപയുടെ നികുതി കുറക്കുന്ന ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ്‌ ഇനത്തില്‍ കുറവായി കണ്ടത്‌ ഏതാണ്ട്‌ 467കോടി രൂപയോളമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമപ്രകാരം സ്റ്റാമ്പ്‌ ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഈടാക്കിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നില്ലെന്നും കണ്‍ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by