Categories: Ernakulam

ഹരിതോത്സവം ലക്ഷ്യംകണ്ടില്ല: ധൂര്‍ത്തും അഴിമതിയും ബാക്കിപത്രം

Published by

മരട്‌: കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കപ്പെട്ട ഹരിതോത്സവം ലക്ഷ്യംകണ്ടില്ലെന്ന്‌ വ്യാപകമായ ആക്ഷേപം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹോട്ടികോര്‍പ്പ്‌ മിഷന്റെ മേല്‍നോട്ടത്തിലാണ്‌ കഴിഞ്ഞ 4-ന്‌ മുതല്‍ 7 വരെ മരട്‌ നെട്ടൂരെപച്ചക്കറി മൊത്തവ്യാപാര വിപണനകേന്ദ്രത്തില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടത്‌. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന സാധ്യത വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമാക്കിയാണ്‌ മേള മുഖ്യമായും സംഘടിപ്പിക്കപ്പെട്ടത്‌. എന്നാല്‍ ഇതുകൈവരിക്കുന്നതില്‍ സംരഭം പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ്‌ ഹരിതോത്സവത്തില്‍ മുഖ്യപങ്കാളിത്തം വഹിച്ച കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിലയിരുത്തല്‍.

100 സ്റ്റാളുകളാണ്‌ ഹരിതോത്സവത്തിന്റെ ഭാഗമായി പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരുന്നത്‌. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ വകുപ്പുകളും, സ്ഥാപനങ്ങളുമാണ്‌ നടത്തിയത്‌. ഒരു സ്റ്റാളില്‍ പോലും കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടായില്ല. കൃഷിക്കാരും, കര്‍ഷകരുടെ സ്വയം സഹായ സഹകരണ സംഘങ്ങളും മേളയില്‍ പങ്കാളികളായില്ല. ജില്ലയിലെ വന്‍തോതില്‍ പച്ചക്കറി ഉദ്പാദിപ്പിച്ച്‌ വിപണനം നടത്തുന്ന സംഘങ്ങള്‍ക്ക്‌ ഒന്നിനുപോലും ഹരിതോത്സവത്തില്‍ പങ്കാളിത്തം ഉണ്ടായിരുന്നില്ല. നാലുദിവസത്തേക്കുള്ള ഒരുസ്റ്റാളിന്‌ 3 ലക്ഷം രൂപയാണ്‌ വാടക നിശ്ചയിച്ചിരുന്നത്‌.

ഇത്‌ വളരെ കൂടുതലായതിനാല്‍ സ്വകാര്യ- സഹകരണ സംരഭകര്‍ സ്റ്റാളുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും വിട്ടുനിന്നു. ഈ സാഹചര്യത്തില്‍ വകുപ്പുമേധാവികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സാമ്പത്തികനഷ്ടം സഹിച്ച്‌ പ്രദര്‍ശന സ്റ്റാളുകള്‍ നടത്തേണ്ട ഉത്തരവാദിത്ത്വം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഏറ്റെടുക്കേണ്ടതായും വന്നു.

കൃഷിക്കാരുടേയും, മറ്റുകാര്‍ഷിക സംരഭകരുടേയും പങ്കാളിത്തം ഏറെ കുറവായിരുന്നുവെങ്കിലും പണം ധൂര്‍ത്തടിക്കുന്നതില്‍ മേള ഒട്ടും പിന്നിലായിരുന്നില്ല. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇവന്റ്‌ മാനേജ്മെന്റ്‌ സ്ഥാപനത്തിനായിരുന്നു ഹരിതോത്സവത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനുള്ള ചുമതല. സംഘാടനവുമായി നേരിട്ട്‌ ബന്ധമുള്ള കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ പ്രത്യേകതാല്‍പര്യപ്രകാരമാണ്‌ ഈ സ്ഥാപനത്തെ ഹരിതോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി നിയോഗിച്ചതെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. 2.5 കോടിയാണ്‌ ഇതിനായി സ്ഥാപനത്തിന്‌ നല്‍കിയ ഫീസ്‌. ഹരിതോത്സവം നടന്ന നാലുദിവസങ്ങളില്‍ വിവിധ കലാപരിപാടികള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ വേറെയും ചെലവഴിച്ചു.

മാധ്യമ വാര്‍ത്തകളും, പരസ്യങ്ങളും കണ്ട്‌ ധാരളം പേര്‍ ഹരിതോല്‍സവം സന്ദര്‍ശിക്കാനായി എത്തിയിരുന്നുവെങ്കിലും നിരാശയോടെയാണ്‌ എല്ലാവരും മടങ്ങിയത്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം മേള സംഘടിപ്പിക്കുന്നതിനായി ഒരു സൊസൈറ്റി രൂപീകരിച്ചു എന്നതൊഴിച്ചാല്‍, നടപ്പിലാവാന്‍ സാധ്യതയില്ലാത്ത കുറേ വാഗ്ദാനങ്ങള്‍ പ്രസ്താവിച്ച്‌ ഹരിതോത്സവം ലക്ഷ്യം കാണാത്ത ഒരു സ്ഥിരം സര്‍ക്കാര്‍ പരിപാടിയായി അവസാനിച്ചു എന്നാണ്‌ ആരോപണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by