Categories: Ernakulam

റെയില്‍വേ മന്ത്രിക്ക്‌ നിവേദനം സമര്‍പ്പിച്ചു

Published by

കൊച്ചി: റെയില്‍വേ ബജറ്റിന്‌ മുന്നോടിയായി കേരളത്തിന്റെ സമഗ്ര റെയില്‍വേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.മാത്യുപോള്‍ റെയില്‍വേ മന്ത്രിക്കു സമര്‍പ്പിച്ചു.

കേരളത്തിലെ റെയില്‍വേ വികസനം കഴിഞ്ഞ്‌ മൂന്ന്‌ ദശകങ്ങളായി മുരടിച്ചിരിക്കുകയാണെന്നും പ്രത്യേകിച്ച്‌ മലബാര്‍ മേഖല കടുത്ത അവഗണയിലാണെന്നും പ്രസ്തുത സാഹചര്യത്തില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിന്‌ ആക്കം കൂട്ടാന്‍ കേരളം കേന്ദ്രമാക്കി ഒരു റെയില്‍വേ സോണും കോഴിക്കോടോ കണ്ണൂരോ കേന്ദ്രമാക്കി ഒരു റെയില്‍വേ ഡിവിഷനും അനുവദിക്കണമെന്നുമാണ്‌ പ്രധാന ആവശ്യം.

മംഗലാപുരം മുതല്‍ കന്യാകുമാരി വരെയുള്ള പാത പൂര്‍ണമായും ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്യുക, അതിനുവേണ്ട മുഴുവന്‍ തുകയും ഈ ബജറ്റില്‍ തന്നെ അനുവദിക്കുക, ശബരിപാതയും താനൂര്‍-ഗുരുവായൂര്‍-ഇടപ്പള്ളി പാതയും ഉടനെ പ്രാവര്‍ത്തികമാക്കുക, കേരളത്തിന്റെ ഗതാഗത പ്രശ്നത്തിന്റെ രൂക്ഷത കണക്കിലെടുത്ത്‌ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക്‌ കേരളത്തില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക. എറണാകുളം നോര്‍ത്ത്‌, ആലുവ സ്റ്റേഷനുകളില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ്‌ അനുവദിക്കുക, പാസഞ്ചര്‍ ട്രെയിനുകളിലെ കംപാര്‍ട്ടുമെന്റുകളുടെ എണ്ണം 20 ആക്കി നിജപ്പെടുത്തുക, പാതകളുടെ വളവുകള്‍ നിവര്‍ത്തുക, ഓട്ടോമാറ്റിക്‌ സിഗ്നലിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തുക, പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കുക, മേല്‍ക്കൂര പണിയുക, ട്രെയിനുകള്‍ക്ക്‌ അകത്തും പുറത്തുമുള്ള സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ 26 ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്‌.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദല്‍ഹി, മുംബൈ, ഹൈദരാബാദ്‌, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും കേരളീയരുടേയും അന്യസംസ്ഥാന തൊഴിലാളികളുടേയും സൗകര്യാര്‍ത്ഥം കൊല്‍ക്കത്തയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by