Categories: Kerala

വ്യാജകറന്‍സി വ്യാപനത്തില്‍ വന്‍ വര്‍ധന: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ആശങ്കയില്‍

Published by

കൊച്ചി: വ്യാജ കറന്‍സി (കള്ളനോട്ടുകള്‍) ഇടപാടുകളില്‍ വന്‍വര്‍ധനവെന്ന്‌ റിപ്പോര്‍ട്ട്‌. സാമ്പത്തിക രംഗത്ത്‌ അനിയന്ത്രിതമായി വളരുന്ന വ്യാജകറന്‍സി ഇടപാടുകള്‍ അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചു കഴിഞ്ഞു. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞവര്‍ഷം ഒന്‍പത്‌ ശതമാനമാണ്‌ വ്യാജകറന്‍സികളുടെ ഇടപാടുകള്‍ വര്‍ധിച്ചത്‌. ബാങ്കിങ്‌ രംഗത്ത്‌ മാത്രമുള്ള ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകളെ അധികരിച്ചാണ്‌ റിസര്‍വ്‌ ബാങ്കിന്റെ റിപ്പോര്‍ട്ട്‌. ഇതരമേഖലയിലും വിപണിയിലുമുള്ള ഇടപാടുകള്‍ കണക്കാക്കിയാല്‍ ഇതിന്റെ വ്യാപ്തി ഭയാനകമായിരിക്കുമെന്നാണ്‌ സാമ്പത്തിക മേഖലയില്‍നിന്നുള്ളവര്‍ പറയുന്നത്‌.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല-സ്വകാര്യമേഖല-സഹകരണ രംഗം, വിദേശബാങ്കുകള്‍ എന്നിവയടങ്ങുന്ന 60-ഓളം ബാങ്കുകളുടെ 16,000ത്തിലേറെ ശാഖകളില്‍നിന്നുള്ള വിവരശേഖരണവുമായാണ്‌ ആര്‍ബിഐ റിപ്പോര്‍ട്ട്‌. 2008-09 സാമ്പത്തിക വര്‍ഷം 5,03,160 ദശലക്ഷം (503 കോടി) കറന്‍സി നോട്ടുകള്‍ ഇടപാടുകളില്‍ കൈകാര്യം ചെയ്ത ബാങ്കിംഗ്‌ മേഖലയില്‍ 2009-10 വര്‍ഷമിത്‌ 5,65,549 ദശലക്ഷം (565 കോടി) നോട്ടുകളായി വര്‍ധിച്ചു. 2010-11 വര്‍ഷമിത്‌ 64577 ദശലക്ഷം (645 കോടി) നോട്ടുകളായി ഉയരുകയും ചെയ്തു. 2009-10 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 11.2 ശതമാനം വര്‍ധനവുണ്ടായപ്പോള്‍, 2010-11 വര്‍ഷം ബാങ്കുകള്‍ കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്തതിലുണ്ടായ വര്‍ധന 14 ശതമാനമാണെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. ഇതിനിടയിലാണ്‌ വ്യാജ കറന്‍സി കണ്ടെത്തിയ വര്‍ധന 9 ശതമാനമെന്നത്‌ ആശങ്കയ്‌ക്കിടയാക്കുന്നത്‌. കഴിഞ്ഞ ഏതാനും വര്‍ഷമായി വ്യാജകറന്‍സികള്‍ കണ്ടെത്തുന്നതിന്റെ തോത്‌ വര്‍ധിച്ചുവരുകയാണെന്നും ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നു. റിസര്‍വ്ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്ക്‌ പ്രകാരം 2008-09 വര്‍ഷം 3,98,111 വ്യാജ കറന്‍സിനോട്ടുകളാണ്‌ പിടികൂടിയത്‌. 2009-10 വര്‍ഷമിത്‌ 401476 നോട്ടുകളായി ഉയര്‍ന്നു. 2010-11 വര്‍ഷമിത്‌ 435,607 നോട്ടുകളായി കുതിച്ചുയരുകയും ചെയ്തു. പ്രതിവര്‍ഷം വ്യാജകറന്‍സികള്‍ കണ്ടെത്തുന്നതിന്റെ മൂല്യത്തിലും സമാനമായ വര്‍ധനവുണ്ട്‌. 2009- ല്‍ 3060 കോടി രൂപയുടെ വ്യാജ കറന്‍സികളാണ്‌ ബാങ്കുകള്‍ പിടികൂടിയത്‌. 2010 ലിത്‌ 3200 കോടി രൂപയുടെ മൂല്യമായി ഉയര്‍ന്നു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്നുമാണ്‌ വ്യാജ കറന്‍സികളിലേറെയും കണ്ടെത്തുന്നതും പിടികൂടുന്നതും. കഴിഞ്ഞ നാല്‌ വര്‍ഷമായി ബാങ്കിംഗ്‌ മേഖലയില്‍ നടപ്പിലാക്കുന്ന സൂക്ഷ്മ നിരീക്ഷണ സംവിധാനത്തിന്റെ ഫലമാണിതെന്നാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. വ്യാജ കറന്‍സികള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേകം സജ്ജമാക്കിയ ‘സോര്‍ട്ടിംഗ്‌ മെഷീനുകള്‍’ ഇതിനകം പ്രമുഖ ബാങ്കിംഗ്‌ ശാഖകളില്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം 4000 ത്തോളം മെഷീനുകളാണ്‌ ബാങ്കുകളില്‍ ഇതിനകം സ്ഥാപിച്ചിരിക്കുന്നത്‌. അടുത്തവര്‍ഷം 1800 ഓളം ഇത്തരം മെഷീനുകള്‍ കൂടി സ്ഥാപിക്കുവാനും നടപടികള്‍ എടുത്തതായി റിസര്‍വ്‌ ബാങ്ക്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പിടികൂടിയ വ്യാജ കറന്‍സികളുടെ 90 ശതമാനവും ബാങ്കുകളില്‍നിന്നുള്ളതാണ്‌ മെഷീനുകള്‍ കൂടുതല്‍ സ്ഥാപിക്കുവാന്‍ കാരണമെന്നും വ്യക്തമാക്കുന്നുണ്ട്‌.

ബാങ്കുകളിലൂടെ കണ്ടെടുത്ത വ്യാജനോട്ടുകള്‍ നശിപ്പിക്കുന്ന നടപടിയാണ്‌ ആര്‍ബിഐ കൈക്കൊള്ളുന്നത്‌. 2010-11 വര്‍ഷം 131 കോടിയോളം നോട്ടുകള്‍ ഇപ്രകാരം നശിപ്പിച്ചതായും ആര്‍ബിഐ പറയുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 8 കോടി നോട്ടുകള്‍ അധികമാണിത്‌. വ്യാജനോട്ടുകള്‍ കണ്ടെത്തിയാലുടന്‍ അതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ എടുക്കണമെന്ന്‌ ആര്‍ബിഐ ബാങ്കിംഗ്‌-സാമ്പത്തിക മേഖലാ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഒരേസമയം നാല്‌ നോട്ടുകള്‍വരെ പിടികൂടിയാല്‍ ഒരു പോലീസ്‌ എഫ്‌ഐആര്‍ (പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌) തയ്യാറാക്കണമെന്നും അഞ്ച്‌ നോട്ടില്‍ കൂടുതലാണെങ്കില്‍ പ്രത്യേകം എഫ്‌ഐആര്‍ വേണമെന്നും ആര്‍ബിഐ നിഷ്കര്‍ഷിച്ചിട്ടുണ്ട്‌.

ആദ്യഘട്ടങ്ങളില്‍ ഇന്ത്യയിലെ നാല്‌ മെട്രോസിറ്റികള്‍ക്കൊപ്പം അതിര്‍ത്തി സംസ്ഥാന പ്രദേശങ്ങളിലാണ്‌ വ്യാജ കറന്‍സികള്‍ ഏറെയും പിടികൂടപ്പെടുന്നതും കണ്ടെത്തുന്നതുമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടിലെ സ്ഥിതിയില്‍ വന്‍മാറ്റമാണുണ്ടായിരിക്കുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 2009ല്‍ വ്യാജനോട്ടുകള്‍ പിടികൂടിയതില്‍ ഉത്തര്‍പ്രദേശാണ്‌ ഒന്നാം സ്ഥാനത്ത്‌. മഹാരാഷ്‌ട്ര രണ്ടും ആന്ധ്രപ്രദേശ്‌ മൂന്നും ദല്‍ഹി നാലും തമിഴ്‌നാട്‌ അഞ്ചും ചണ്ഡിഗഢ്‌ ആറാം സ്ഥാനത്തുമാണ്‌. പട്ടികയില്‍ കേരളവുമുണ്ട്‌. 88287 വ്യാജനോട്ടുകളാണ്‌ യുപിയില്‍നിന്ന്‌ 2009 ല്‍ പിടികൂടിയത്‌. 2.23 കോടി രൂപയായിരുന്നു ഇതിന്റെ മൂല്യം. 1000,500,100 എന്നിവയാണ്‌ പിടിച്ചെടുത്ത നോട്ടുകള്‍. പിടികൂടിയ നോട്ടുകളുടെ മൂല്യത്തില്‍ മഹാരാഷ്‌ട്രയാണ്‌ ഒന്നാം സ്ഥാനത്ത്‌. മൂന്ന്‌ കോടി രൂപയുടെ മൂല്യമുള്ള 70770 വ്യാജനോട്ടുകളാണ്‌ ഇവിടെനിന്നും പിടികൂടിയത്‌. ആന്ധ്രയില്‍നിന്ന്‌ 60922 നോട്ടുകള്‍ മൂല്യം 2.38 കോടി രൂപ, ദല്‍ഹിയില്‍നിന്നാകട്ടെ 2.44 കോടി രൂപ മൂല്യമുള്ള 58217 വ്യാജ നോട്ടുകളും ചണ്ഡിഗഢില്‍നിന്ന്‌ 73 ലക്ഷം രൂപ മൂല്യമുള്ള 36502 നോട്ടുകളുമാണ്‌ പിടികൂടിയത്‌. 2010 ല്‍ പിടികൂടിയ വ്യാജനോട്ടുകളുടെ മൂല്യവും എണ്ണവുമടങ്ങുന്ന റിപ്പോര്‍ട്ട്‌ ആര്‍ബിഐ തയ്യാറാക്കുകയാണ്‌.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ഏഴ്‌ കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 2009-ല്‍ 23കോടി രൂപയുടെ ആറ്‌ ലക്ഷം വ്യാജനോട്ടുകളാണ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ പിടികൂടിയത്‌. ഇതില്‍ നാല്‌ ലക്ഷവും ബാങ്കിംഗ്‌ മേഖലയില്‍ നിന്നുമാണ്‌. ഈ കാലയളവില്‍ സംസ്ഥാനങ്ങളില്‍നിന്നു പിടികൂടിയ നോട്ടുകളുടെ മൂല്യം 20 കോടി രൂപയാണ്‌. കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുള്ള നോട്ടുകളുടെ മൂല്യം 3 കോടി രൂപയുടെതുമാണെന്ന്‌ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ വ്യാജ കറന്‍സികളുടെ വ്യാപനത്തിനും അച്ചടിയ്‌ക്കും ആഭ്യന്തര തലത്തില്‍ തന്നെയുള്ള സംഘങ്ങളായിരുന്നു സജീവമായിരുന്നതെങ്കില്‍, പുതിയ ഘട്ടത്തില്‍ ഇത്‌ കടന്നെത്തുന്ന ഭീകരസംഘമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ സൃഷ്ടിക്കുന്ന-നിര്‍മിക്കുന്ന-വ്യാജ കറന്‍സികളാണ്‌ അടുത്തയിടെ പിടികൂടുന്നവയില്‍ ഏറെയെന്നത്‌ ഇതിന്‌ പിന്‍ബലമായും ചൂണ്ടിക്കാട്ടുന്നു. ഇതിനെ മറികടക്കുവാനുള്ള ശ്രമങ്ങളാണ്‌ ആര്‍ബിഐ വൃത്തങ്ങള്‍ നടത്തുന്നത്‌.

എസ്‌.കൃഷ്ണകുമാര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by