Categories: Samskriti

ചാണക്യദര്‍ശനം

Published by

യഥാ ധേനു സഹസ്രേഷു

വത്സോ ഗച്ഛന്തി മാതരം

തഥാ യച്ച കൃത്യം കര്‍മ്മ

കര്‍ത്താരം അനുഗച്ഛതി

ശ്ലോകാര്‍ത്ഥം: വിസ്തൃതമായൊരു മൈതാനത്തില്‍ പുല്ലുമേയുന്ന കന്നുകാലിക്കൂട്ടങ്ങള്‍ക്കിടയില്‍ പശുക്കുട്ടി തെറ്റുപറ്റാത്തവിധം സ്വന്തം അമ്മയെ കണ്ടെത്തുന്നു. കര്‍മ്മഫലവും ഇതുപോലെ കര്‍മ്മിയെ പിന്തുടരുന്നു.”

ഇതല്‍പം കട്ടിയായ വേദാന്തമാണ്‌. 21-ാ‍ം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്ക്‌ കര്‍മ്മത്തെക്കുറിച്ച്‌ കര്‍മ്മഫലത്തെക്കുറിച്ചോ തെല്ലും പരിഭ്രാന്തിയില്ല. അതിന്‌ കാരണങ്ങളുണ്ട്‌. ഒന്നാമത്തെ കാര്യം കര്‍മ്മമെന്തെന്ന്‌ പലര്‍ക്കും അറിയില്ല. രണ്ടാമത്‌, ഓരോ കര്‍മ്മത്തിനും അതിന്റേതെന്ന്‌ നിശ്ചയിക്കപ്പെട്ട കര്‍മ്മഫലവും ഉണ്ട്‌ (പശുവിന്‌ കിടാവ്‌ ഉള്ളതുപോലെ) എന്നും അറിഞ്ഞുകൂടാ. പൗരാണികര്‍ ഈ പ്രശ്നം വളരെ ഗൗരവമായി എടുക്കുകയും ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും പലവിധത്തില്‍ വ്യാഖ്യാനിക്കുകയും ഉണ്ടായിട്ടുണ്ട്‌. എത്രയൊക്കെ തര്‍ക്കിച്ചാലും ആര്‍ക്കും അവസാനം ചെന്നെത്താവുന്ന ഒരു കേന്ദ്രമുണ്ട്‌. കര്‍മ്മവും അതിന്റെ ഫലവും 50 ലക്ഷം കൊല്ലങ്ങളായി ഭാരതീയര്‍ പിന്തുടരുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ക്ക്‌ ശേഷവും നമുക്ക്‌ ഉത്തമബോദ്ധ്യമാണ്‌ ഇത്‌. കര്‍മ്മഫലത്തെക്കുറിച്ച്‌ ഗീതയില്‍ പറയുന്നതുപോലെ കര്‍മ്മം, അകര്‍മ്മം, വികര്‍മ്മം എന്നിവയിലേക്കൊന്നും തല്‍ക്കാലം കടക്കുന്നില്ല. വഴി നടക്കുമ്പോള്‍ സ്ഥലം വിട്ടുപോകണമല്ലോ. കാലുകഴയ്‌ക്കണമല്ലോ, പുതിയ സ്ഥലമെത്തണമല്ലോ, സാധാരണ നിലയ്‌ക്ക്‌ ഇതിലേതെങ്കിലുമൊന്ന്‌ കര്‍മ്മഫലമായിരിക്കും. എന്ത്‌ ഉദ്ദേശത്തോടെ വഴിനടന്നു? എന്ന ചോദ്യത്തിന്‌ ഇതിലേതെങ്കിലും ഒന്നാണ്‌ ഉത്തരം നല്‍കുന്നതെങ്കില്‍ അത്‌ സേദ്ദേശമായ കര്‍മ്മം. ഈ ഉദ്ദേശങ്ങളൊന്നുമില്ലെങ്കില്‍ ഉദ്ദേശരഹിതമായ കര്‍മ്മം. ലോട്ടറി ടിക്കേറ്റ്ടുത്താല്‍ പണം കിട്ടാം, കിട്ടാതിരിക്കാം. ഞാന്‍ ലോട്ടറി ടിക്കറ്റ്‌ എടുത്തിരുന്നു. അതുകൊണ്ട്‌ പണം കിട്ടിയേ മതിയാവൂ എന്ന്‌ വാശിപിടിക്കുന്നതും പണം തന്നില്ലെങ്കില്‍ തട്ടിപ്പറിക്കുന്നതും പണത്തിന്മേല്‍ അവകാശമുണ്ടെന്ന ധാരണയോടെയാണ്‌. സത്യത്തില്‍ കര്‍മ്മം ചെയ്യുന്നതോടെ നമ്മുടെ ചുമതല അവസാനിക്കുന്നു. ഫലമുണ്ടായിട്ടും ഇല്ലാതെയും വരാം. കുട്ടിയെ ലാളിക്കുന്ന അച്ഛന്‍ 50 കൊല്ലം കഴിഞ്ഞ്‌ തന്റെ വാര്‍ദ്ധക്യത്തില്‍ ഈ മകന്‍ നോക്കാനുണ്ടാകും. ചിലപ്പോള്‍ നോക്കിയില്ലെന്നും വരാം. ചുരുക്കത്തില്‍ കര്‍മ്മം ചെയ്യാന്‍ മാത്രമേ നമുക്കധികാരമുള്ളൂ. ഫലത്തിന്റെ കാര്യത്തില്‍ യാതൊരധികാരവുമില്ല. ഇതുതന്നെ ഗീതയിലും പറയുന്നു.

“കര്‍മ്മണ്യേവ അധികാരസ്ഥേ മാ ഫലേഷഉ കദാചന”

ഗുരു ചാണക്യന്‍ പൗരാണികന്മാരെ പിന്തുടര്‍ന്നുകൊണ്ട്‌ അനുശാസിക്കുന്നതെന്തെന്നാല്‍ കര്‍മ്മം ചെയ്യുന്ന നിങ്ങള്‍ ഫലമെവിടെ, ഫലമെവിടെ എന്ന്‌ അന്വേഷിച്ച്‌ നടക്കേണ്ട ആവശ്യമില്ല. സ്വന്തം മാതാവായ തള്ളപശുവിന്റെ അടുത്തേക്ക്‌ തെറ്റുപറ്റാതെ പശുക്കിടാവ്‌ ഓടിയെത്തുന്നതുപോലെ നാം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മെ തേടി എത്തുന്നതാണ്‌. പശുവിന്റെ ഗര്‍ഭത്തില്‍ പശുക്കിടാവ്‌ ഉണ്ടായിരുന്നതുപോലെ കര്‍മമത്തിന്റെ ഗര്‍ഭത്തില്‍ കര്‍മ്മഫലവും സ്ഥിതിചെയ്യുന്നു. പ്രസവശേഷം പശുക്കിടാവ്‌ അകലെപ്പോയി എന്നല്ലാതെ ആ ബന്ധം ഒരുവിധത്തിലും വിച്ഛേദിക്കപ്പെടുന്നില്ല. എല്ലാ പശുക്കളും ഒരേ ആകൃതിയാല്‍ പോലും തന്റെ തള്ളയെ പശുക്കിടാവ്‌ തിരിച്ചറിയുന്നു. പശുക്കിടാങ്ങള്‍ ഒരേ ആകൃതിയായിരുന്നാല്‍ ഒരു പക്ഷേ തള്ള പശുവിന്‌ തെറ്റിപ്പോയെന്നുവരാം. ഇന്നുവരെ ചരിത്രത്തിലൊരിക്കലും കര്‍മ്മത്തെ പിന്തുടരുന്നതില്‍ കര്‍മ്മഫലത്തിന്‌ തെറ്റുപറ്റിയിട്ടില്ല.

– എം.പി.നീലകണ്ഠന്‍ നമ്പൂതിരി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by