Categories: Ernakulam

ഹോട്ടലുകളിലെ പഴകിയ ഭക്ഷണം: കേസ്‌ ഒതുക്കുന്നതില്‍ വ്യാപക പ്രതിഷേധം

Published by

അങ്കമാലി: അങ്കമാലിയിലെ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണം പിടികൂടിയിട്ട്‌ പിഴ അടിച്ച്‌ കേസ്സ്‌ ഒതുക്കുന്നതില്‍ വ്യാപകമായ പ്രതിഷേധം. ഈ കഴിഞ്ഞ ദിവസങ്ങളില്‍ അങ്കമാലിയിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡുകളില്‍ പഴകിയതും പുഴു അരിക്കുന്നതുമായ ഭക്ഷണം പിടിക്കൂടിയ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ അങ്കമാലി നഗരസഭ ഹെല്‍ത്ത്‌ വിഭാഗം പിഴ അടപ്പിക്കുവാനുള്ള ശ്രമം മാത്രമാണ്‌ നടത്തിയിട്ടുള്ളത്‌.

ഇതു മൂലം പഴകിയ ഭക്ഷണം പിടിച്ചാല്‍ പരമാവധി പിഴ മാത്രമേ അടയ്‌ക്കേണ്ടി വരുകയുള്ളൂ എന്ന ചിന്ത മൂലം ഹോട്ടലുകാര്‍ വീണ്ടും ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്‌ ജനങ്ങളുടെ ഇടയില്‍ ഭീതി വളര്‍ത്തുന്നുണ്ട്‌. കഴിഞ്ഞ ദിവസം അങ്കമാലി കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിന്‌ സമീപമുള്ള ഹോട്ടല്‍ ഹില്‍സ്‌ പാര്‍ക്കില്‍ നിന്നും വാങ്ങിയ ബിരിയാണിയിയില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. ഒരാഴ്ചയായിട്ടും അങ്കമാലി നഗരസഭ ഹെല്‍ത്ത്‌ വിഭാഗം ഇവിടെ പരിശോധന നടത്തി നോട്ടീസ്‌ കൊടുക്കുക മാത്രമാണ്‌ ചെയ്തിട്ടുള്ളത്‌. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എം. സി. റോഡിന്റെ ആരംഭഭാഗത്തുള്ള ഗാര്‍ഡന്‍ ഐസ്ക്രീം പാര്‍ലറിന്റെ പാചകശാലയില്‍നിന്നും കണ്ടെത്തിയ പഴകിയ ഭക്ഷണത്തിന്‌ പിഴ അടപ്പിക്കുകയും പാചകശാല മാത്രം അടപ്പിക്കുകമാത്രമാണ്‌ ചെയ്തത്‌. ഐസ്ക്രീം പാര്‍ലര്‍ പഴയ രീതിയില്‍ തന്നെ തുടര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു.

ഇവിടെനിന്ന്‌ കട്ലെറ്റ്‌ ഉണ്ടാക്കുവാന്‍ വേണ്ടി വാങ്ങിയിരുന്ന പോത്തിന്റെ നാക്കും ആഴ്ചകളോളം ഉപയോഗിച്ച വെളിച്ചെണ്ണയും ആഴ്ചകളോളം കഴുകാത്ത പാത്രങ്ങളുമാണ്‌ പിടിച്ചെടുത്തത്‌. ഇവര്‍ മറ്റൊരു സ്ഥലത്ത്‌ പാചകശാല തുറക്കുവാനുള്ള ശ്രമത്തിലാണ്‌. ഐസ്ക്രീം പാര്‍ലറിനെതിരെ നടപടിയെടുക്കാതെ ഇവിടെ നടക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ കൃത്രിമത്വം മാറ്റുവാന്‍ കഴിയുകയില്ലയെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്‌. കഴിഞ്ഞ ആഴ്ച അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയ്‌ക്ക്‌ എതിര്‍വശത്തുള്ള ശ്രീലക്ഷ്മി ഹോട്ടലില്‍നിന്നും മീന്‍ ഉള്‍പ്പെടെയുള്ള പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിക്കൂടിയിരുന്നു. ഇവിടെയും ഫൈന്‍ അടച്ച്‌ കേസ്സ്‌ ഒതുക്കി തീര്‍ക്കുവാന്‍ നഗരസഭാ അധികൃതരുടെ ഭാഗത്ത്‌ നിന്നും നീക്കം നടക്കുന്നത്‌.

ഇങ്ങനെ പിഴ അടുപ്പിക്കാതെ പഴകിയ ഭക്ഷണങ്ങള്‍ പിടിക്കൂടുന്ന ഹോട്ടലുകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കിയാല്‍ മാത്രമേ പഴകിയ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഹോട്ടലുകള്‍ പിന്‍മാറുകയുള്ളുയെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. പഴകിയ ഭക്ഷണങ്ങള്‍ പിടിക്കൂടുന്നതുമൂലം അങ്കമാലിയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by