കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഇനിയും കൂടുതല്‍ കര്‍ക്കശമാക്കി ശക്തിപ്പെടുത്തുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജില്‍ ലഹരി വിമുക്തകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1953-നുശേഷം കേരളത്തില്‍ മദ്യനയത്തില്‍ കാതലായ മാറ്റമുണ്ടാകുന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. എല്ലാ മേഖലകളിലും മുന്നിലെത്തി രാജ്യത്തിനു മാതൃകയായ കേരളം ഇന്ന് മദ്യത്തിന്റെ ഉപഭോഗത്തിലും മുന്നിലാണ്. മദ്യോപഭോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വ്യാപകമായി ബാര്‍ ലൈസന്‍സ് നല്കുന്ന സമ്പ്രദായത്തിനു അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ മാറ്റം വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ചതുര് നക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ. നേരത്തെ 10 മുറി മാത്രമുള്ള ഇത്തരം ഹോട്ടലുകള്‍ക്കു അടുത്ത വര്‍ഷം മുതല്‍ 20 മുറി വേണമെന്ന് ഭേദഗതി വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍ എന്നിവയുമായി ഇവയ്ക്കുണ്ടായിരുന്ന അകലം 50 മീറ്ററില്‍ നിന്നു 200 മീറ്ററായും ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനടുത്ത വര്‍ഷം മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമായിരിക്കും ലൈസന്‍സ് നല്‍കുക. ഇന്നത്തെ കണക്കനുസരിച്ച് പത്തോളം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മാത്രമാണിവിടെയുള്ളത്. നിയമം കൂടുതല്‍ കര്‍ക്കശമാകുന്നതോടെ വ്യാപകമായി ലൈസന്‍സ് ഉള്ളത് മാറുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആഗ്രഹിക്കുന്നത് സമ്പൂര്‍ണ മദ്യനിരോധനമാണെന്നും ഒറ്റയടിക്ക് നിരോധനമേര്‍പ്പെടുത്തിയാല്‍ ഉണ്ടാകാനിടയുള്ള വിപത്ത് മുന്നില്‍ക്കണ്ടാണ് ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറക്കുന്നതിനുള്ള നടപടികള്‍ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: