Categories: Ernakulam

ബസ്സുകള്‍ കേന്ദ്രീകരിച്ച്‌ കവര്‍ച്ചക്ക്‌ വന്‍ സംഘം രംഗത്ത്‌

Published by

പള്ളുരുത്തി: ഓണാഘോഷത്തിരക്കില്‍ കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളില്‍ കവര്‍ച്ച നടത്തുവാനുള്ള ലക്ഷ്യത്തോടെ വന്‍ മോഷണസംഘം രംഗത്തെത്തിയിട്ടുള്ളതായി പോലീസിന്‌ സൂചന ലഭിച്ചു.വരും ദിവസങ്ങളില്‍ നഗരവുമായി ബന്ധപ്പെട്ട്‌ പതിനായിരക്കണക്കിന്‌ ആളുകളാണ്‌ ദിനംപ്രതി സ്വകാര്യബസുകളെ ആശ്രയിക്കേണ്ടിവരുന്നത്‌.ഇനി വരുന്ന ഓരോ ദിനവും നഗരത്തില്‍ തിരക്ക്‌ കൂടുതലായിരിക്കുമെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വകാര്യ ബസ്സുകളിലെ വന്‍ തിരക്ക്‌ മുതലെടുത്ത്‌ പണവും ആഭരണവും കവരുകയെന്ന ലക്ഷ്യംവെച്ചാണ്‌ മോഷണസംഘം പദ്ധതിയിട്ടുള്ളതെന്നും പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സ്വകാര്യ ബസ്സുകളില്‍ പത്തില്‍ കുറയാത്ത മോഷണസംഘം കയറി കൃത്രിമ തിരക്ക്‌ സൃഷ്ടിച്ച്‌ മോഷണം നടത്തുകയാണ്‌ സംഘത്തിന്റെ പദ്ധതികളില്‍ ഒന്നെന്ന്‌ പോലീസ്‌ പറയുന്നു. നഗരത്തിലെ ഓരോ പോലീസ്‌ സ്റ്റേഷനു കീഴിലെ കവര്‍ച്ചക്കേസുകളിലെ പ്രതികളെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്ത്‌ റിമാന്റ്‌ ചെയ്തിട്ടുണ്ടെങ്കിലും സംഘത്തലവന്മാര്‍ ഇപ്പോഴും മോഷണ രംഗത്ത്‌ സജീവമാണെന്ന്‌ പറയപ്പെടുന്നു.നഗരത്തിന്‌ പുറത്തെ ജില്ലകളില്‍നിന്നും മോഷണസംഘത്തെ എത്തിച്ചുള്ള മോഷണ പദ്ധതികള്‍ക്കാണ്‌ സംഘം രൂപം നല്‍കിയിട്ടുള്ളത്‌. ഓണത്തിരക്ക്‌ നിയന്ത്രിക്കുന്നതിനും മറ്റു രക്ഷാകാര്യങ്ങള്‍ക്കും പോലീസിനെ വേണ്ടവിധത്തില്‍ നിയോഗിച്ചിട്ടില്ലായെന്ന്‌ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്‌. സേനാംഗങ്ങളുടെ കുറവാണ്‌ കാരണമായി പറയുന്നത്‌. ഓണത്തിരക്കില്‍ നഗരം മുഴുവന്‍ ട്രാഫിക്‌ ജാമില്‍ വീര്‍പ്പുമുട്ടുമ്പോള്‍ വിരലിലെണ്ണാവുന്ന ട്രാഫിക്‌ പോലീസിനെ ഉപയോഗിച്ച്‌ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണുന്നതിനും കഴിയുന്നില്ലായെന്ന്‌ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by