Categories: Ernakulam

മഴമാറിയാലും നഗരത്തിലെ റോഡുകളുടെ ദുര്‍ഗതിമാറാന്‍ കാത്തിരിക്കേണ്ടിവരും

Published by

കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക്‌ പരിഹാരമാകാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ്‌ ഇന്നലത്തെ കൗണ്‍സില്‍യോഗം നല്‍കുന്നത്‌. റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍പെട്ടന്ന്‌ കഴിയില്ലെന്നും അനുയോജ്യമായ അന്തരീക്ഷം ഉണ്ടായാല്‍ മാത്രമേ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മേയറുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷനേതാവ്‌ എ.ജെ.ജേക്കബാണ്‌ റോഡുകളുടെ ശോച്യാവസ്ഥയെ സംബന്ധിച്ച്‌ പ്രസ്താവന നടത്തിയത്‌. നഗത്തിലെ ഒരു റോഡിലൂടെപോലും വാഹനങ്ങള്‍ക്ക്‌ മാത്രമല്ല കാല്‍നടയാത്രക്കാര്‍പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട്‌ സംസാരിച്ച പ്രതിപക്ഷ കൗണ്‍സില്‍ മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാല്‍ നഗരസഭ ഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍ ഇന്നലെത്തെ യോഗത്തില്‍ നേരത്തെതില്‍ നിന്നും വ്യത്യസ്തമായി അയഞ്ഞസമീപനമാണ്‌ സ്വീകരിച്ചത്‌. മേയര്‍ക്കെതിരെ കെപിസിസി പ്രസിഡന്റിന്‌ പരാതിനല്‍കിയ വേണുഗോപാല്‍ ഇന്നലത്തെ യോഗത്തില്‍ ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ കരുതിയിരുന്നവരെ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. കൗണ്‍സില്‍ യോഗത്തിന്റെ തലേന്ന്‌ നടന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന്‌ ശേഷമാണ്‌ അദ്ദേഹത്തിന്റെ നിലപാടില്‍ അയവ്‌ വന്നതെന്ന്‌ പറയുന്നു. നഗരസഭയുടെ ധനകാര്യസ്ഥിതിയെ കുറിച്ച്‌ ചര്‍ച്ചനടത്തണമെന്നാവശ്യപ്പെട്ട്‌ വേണുഗോപാല്‍ മേയര്‍ക്ക്‌ കത്ത്‌ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഒരു സ്പെഷ്യല്‍ കൗണ്‍സില്‍യോഗം ഉടനെ ചേരുമെന്ന്‌ മേയര്‍ ടോണിചമ്മണി അറിയിച്ചു.

നഗരസഭയുടെ കീഴിലുള്ള ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ കാണാതായിട്ട്‌ മൂന്ന്‌ ദിവസം കഴിഞ്ഞെന്നും ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ നഗരസഭ തയ്യാറാകണമെന്നും ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്‌.പ്രഭു കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ സുധാദിലീപ്‌ കുമാര്‍, അഡ്വ.സുനില്‍കുമാര്‍, അനില്‍കുമാര്‍, ലിനോ ജേക്കബ്‌, മനോജ്‌, തമ്പിസുബ്രഹ്മണ്യം ആര്‍.ത്യാഗരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by