പതിനാല് ദിവസത്തെ ജനലോക്പാല്‍ നിയമത്തിനുവേണ്ടിയുള്ള അണ്ണാഹസാരെയുടെ ഉപവാസം ജനപ്രതിനിധികളെ ജനഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതരാക്കി എന്നത് ഐതിഹാസികമായ വിജയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ സമാധാനപരമായി നടന്ന സമരം, ഒരു രാഷ്ട്രീയ കക്ഷിയുടേയൊ സംഘടിത ശക്തിയുടെയോ പ്രത്യക്ഷമായ പിന്തുണ ഇല്ലാതെ നടന്ന സമരം വിജയം കണ്ടത് ലോകരാഷ്ട്രങ്ങള്‍ തന്നെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലും ചൈനയിലും പോലും ഹസാരെയുടെ സമരം ചലനങ്ങള്‍ സൃഷ്ടിച്ചു.
അണ്ണാ ഹസാരെയുടെ ഉപവാസ, സത്യഗ്രഹസമരം പ്രത്യക്ഷമായ അതിന്റെ ഉജ്ജ്വല വിജയത്തിനുപുറമെ അഭിലഷണീയമായ മറ്റുപലതും വെളിപ്പെടുത്തി. ശക്തമായ ഒരു അഴിമതി നിരോധന നിയമത്തിന് അടിത്തറപാകിയതിനുമപ്പുറം ഇന്ത്യന്‍ ജനതയുടെ സാമൂഹിക കാഴ്ചപ്പാടും ഭാരതസംസ്ക്കാരത്തിന്റെ മാനബിന്ദുക്കളും ഇന്നും പ്രോജ്വലമായി ഭാരതമണ്ണില്‍ നിലനില്ക്കുന്നു എന്ന് ഈ സമരം തെളിയിച്ചു.
സ്വാതന്ത്ര്യത്തിന്റെ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതികരണശേഷിക്ക് കാര്യമായ ക്ഷയം സംഭവിച്ചിട്ടുണ്ട് എന്നൊരു മിഥ്യാധാരണ നിലനിന്നിരുന്നു. അനീതിക്കും അന്യായത്തിനുമെതിരായ ജനകീയ ചെറുത്തുനില്‍പ്പിന്റെ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിന്റെ ഇതളുകളില്‍ മാത്രമായി ഒതുങ്ങുകയാണ് എന്നു പലരും കരുതി. അടിയന്തരാവസ്ഥയ്ക്കുശേഷം ശക്തമായ ജനകീയ പ്രതിരോധം കണ്ടത് നന്ദിഗ്രാമിലും സിംഗൂരിലും മാത്രമായിരുന്നു. പശ്ചിമബംഗാളില്‍ ദീര്‍ഘകാലം നീണ്ടുനിന്ന പാര്‍ട്ടി രാജിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ അനിവാര്യഫലം മാത്രമാണ് സംഘടിതവും സംഘര്ഷാത്മകവുമായിരുന്ന നന്ദിഗ്രാം-സിംഗൂര്‍ സമരങ്ങള്‍ എന്നു വിവക്ഷിക്കാനാണ് മാധ്യമങ്ങള്‍ പോലും തുനിഞ്ഞത്. ആസന്നമായ ജീവല്‍ പ്രശ്നങ്ങള്‍ അല്ലെങ്കില്‍പ്പോലും രാജ്യതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ സമൂഹം ഒരുമിച്ചുയരും എന്ന് ഹസാരെയുടെ സമരം തെളിയിച്ചു.
ആഗോളവല്ക്കരണവും സാമ്പത്തിക ഉദാരവല്ക്കരണവും ഇന്ത്യയിലെ യുവാക്കളുടെ സ്വപ്നങ്ങളേയും ചിന്താരീതികളേയും സംസ്ക്കാരത്തെത്തന്നെയും പാടേ മാറ്റി എന്നതായിരുന്നു മറ്റൊരു വിശ്വാസം. പുതിയ തലമുറയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും മാത്രമാണ് താല്‍പ്പര്യം, കലാലയങ്ങളിലും മറ്റു മണ്ഡലങ്ങളിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും താല്‍പ്പര്യവും പങ്കും തുലോം ഇല്ലാതായിരിക്കുന്നു, സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത, ഉപഭോഗത്തിലധിഷ്ഠിതമായ കാപിറ്റലിസ്റ്റ് സംസ്ക്കാരത്തെ പുണരാനാഗ്രഹിക്കുന്ന ഒരു പുത്തന്‍ തലമുറയാണ് ഭാരതത്തില്‍ വളര്‍ന്നുവരുന്നത് എന്നൊക്കെ പലരും കരുതി. അങ്ങനെ കരുതിയവരുടെ നിരാശപൂണ്ട ഹൃദയങ്ങളില്‍ പ്രത്യാശയുടെ പൊന്കിരണങ്ങള് പതിപ്പിച്ചുകൊണ്ട് പതിനായിരക്കണക്കിന് വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ വീടുവിട്ടിറങ്ങി രാംലീലാ മൈതാനത്തും രാജ്യത്തെ വിവിധ നഗരങ്ങളിലും അണ്ണായുടെ സമരത്തിന് പിന്തുണ നല്കാന് ത്രിവര്‍ണ പതാകകളേന്തി ആവേശോജ്വലമായ പ്രകടനങ്ങള്‍ നടത്തി. സമൂഹത്തിന്റെ പൊതുവികാരവും വിശ്വാസവും തന്നെയാണ് തങ്ങളുടേയും വിചാരവും വിശ്വാസവുമെന്ന് ഇന്ത്യന്‍ യുവത്വം വ്യക്തമാക്കി.
മാറിയ കാലഘട്ടത്തില്‍ പൊതുരംഗത്ത് വ്യക്തിപരമായ ത്യാഗങ്ങള്‍ക്കും ത്യാഗോജ്വലമായ ജീവിതം നയിക്കുന്നവര്‍ക്കും പ്രസക്തി ഇല്ലാതായി എന്നതായിരുന്നു മറ്റൊരു തെറ്റിദ്ധാരണ. സാമൂഹ്യപ്രവര്‍ത്തകരില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും ഇക്കാലത്തു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ത്യാഗമല്ല, കാര്യശേഷി മാത്രമാണ് എന്ന ധാരണ പ്രബലമായി വന്നിരുന്നു. അണ്ണാ ഹസാരെ സമരത്തിന്റെ വിജയം ആ മിഥ്യാധാരണയേയും ഇല്ലാതാക്കി. പ്രഗത്ഭന്മാരും പ്രഗത്ഭമതികളുമടങ്ങുന്ന “ടീം അണ്ണാ”യിലെ മറ്റേതെങ്കിലും അംഗമായിരുന്നു സമരത്തില്‍ ഉപവസിച്ചതെങ്കില് സമരത്തിന്റെ ഗതി എന്താകുമായിരുന്നു എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. ലളിതവും ത്യാഗപൂര്‍ണവുമായ ജീവിതരീതി ഒന്നുമാത്രമാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമീണനെ രാഷ്ട്രമനസ്സില്‍ മഹാത്മാഗാന്ധിയുടെ തലത്തിലേക്ക് ഉയര്‍ത്തിയത് എന്ന് ഒന്നു ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.
ലോകം ഒരു കൊച്ചുഗ്രാമമായി മാറുമ്പോള്‍ ദേശീയവികാരവും ഭാരതത്തിന്റെ സാംസ്ക്കാരികമാന ബിന്ദുക്കളും അപ്രസക്തമാകും എന്നു കരുതിയവര്‍ക്കും തെറ്റുപറ്റി. അഖണ്ഡഭാരത ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ നില്ക്കുന്ന ഭാരതമാതാവിന്റെ ചിത്രത്തിനു മുന്നില്‍ ഉപവസിച്ചുകൊണ്ട് അണ്ണാഹസാരെ പഴമക്കാരില്‍ മാത്രമല്ല യുവാക്കളിലും വിദ്യാര്‍ത്ഥികളിലും ദേശീയതയുടേയും ദേശസ്നേഹത്തിന്റേയും അഗ്നിസ്ഫുലിംഗങ്ങള്‍ കത്തിച്ചു. ആ ദേശീയ വികാരത്തില്‍ നാടെങ്ങുമുള്ള ചെറുപ്പക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം “വന്ദേമാതരം” ആയിരുന്നു. അമ്മയെ വണങ്ങുന്നത് ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുമോ എന്ന കാര്യത്തില്‍ രാംലീലാ മൈതാനില്‍ തിങ്ങിനിറഞ്ഞ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായ ചെറുപ്പക്കാര്‍ക്ക് സംശയമേ ഉണ്ടായിരുന്നില്ല. അങ്ങനെ സംശയിച്ചവര്‍ക്കു തെറ്റു പറ്റി. അണ്ണാ ഹസാരെയുടെ അഹിംസാത്മകവും തികച്ചും ഭാരതീയവുമായ ഉപവാസ സമരം അങ്ങനെ പല തെറ്റിദ്ധാരണകളും നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: