കോതമംഗലം: മാരകമായ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്ന മാലിന്യങ്ങള്‍ നിറഞ്ഞതാണ് കോതമംഗലം പട്ടണത്തിലൂടെ ഒഴുകുന്ന കുരൂര്‍ തോടെന്ന് എംഎ കോളേജ് പരിസ്ഥിതി വിഭാഗവും കേരള നിയമസഭ പരിസ്ഥിതി സമിതിയും നടത്തിയ പഠനങ്ങളില്‍ തെളിയുന്നു. കോതമംഗലത്തും പരിസരപ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കുരൂര്‍തോട് മാലിന്യമയമായതുകൊണ്ടാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലൂടെ ഏകദേശം അഞ്ച് കിലോമീറ്ററോളം ഒഴുകുന്ന കുരൂര്തോട്ടിലേക്കാണ് മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, സ്റ്റാര്‍ഹോട്ടലുകള്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം മത്സ്യ-മാംസ ബ്ലോട്ടര്‍ ഹൗസുകള്‍ എന്നിവിടങ്ങളിലെയും മറ്റ് വ്യാപാരവ്യവസായസ്ഥാപനങ്ങളിലെയും ലോഡ്ജുകളിലെയും പ്ലാസ്റ്റിക്, ഖര, ദ്രാവകമാലിന്യങ്ങള്‍ നേരിട്ടും, ഓടകളിലൂടെയും നിക്ഷേപിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നഗരത്തില്‍ വെയിസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും, അവ പ്രവര്‍ത്തനക്ഷമമാണോയെന്ന് നിരന്തരപരിശോധന നടത്തണമെന്നും തദ്ദേശസ്വയം ഭരണ – പരിസ്ഥിതി വകുപ്പുകളോട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എംഎ കോളേജ് പരിസ്ഥിതി വിഭാഗം നടത്തിയ പഠനത്തില്‍ പരിശോധിച്ച പതിനാല് ജലസാമ്പിളുകളിലും ഫിക്കല്‍ കോളിഫോം നമ്പര്‍ എംപിഎന്‍ ഇന്‍ഡക്സ് 1400ന് മുകളിലാണ്. കുടിക്കാനുള്ള വെള്ളത്തില്‍ അനുവദനീയമായ എംപിഎന്‍ ഇന്‍ഡക്സ് മൂന്നില്‍ കുറവായിരിക്കേണ്ടതാണെന്നും (73/10 മില്ലി), കുളിക്കുവാനുള്ള വെള്ളത്തില്‍ 1000ല്‍ എംപിഎന്‍ ഇന്‍ഡക്സ് മാത്രമാണ് അനുവദനീയമെന്നും ഇക്കാരണത്താല്‍ കുരൂര്തോട്ടിലെ ജലം മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലെന്നും പഠന റിപ്പോര്‍ട്ട് പ്രകാരം തെളിയുന്നു. ഈ സാഹചര്യത്തിലാണ് മലിനീകരണനിയന്ത്രണ ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് നടിക്കുന്ന കോതമംഗലം മുനിസിപ്പല്‍ ഭരണസമിതി കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ കോതമംഗലം പട്ടണത്തെ മാലിന്യമുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുനിസിപ്പല്‍ ചെയര്മാന് പത്രസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനത്തില്‍ കോതമംഗലം കുരൂര്‍തോടും മലിനമുക്തമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവ കേവലം പ്രഖ്യാപനങ്ങള്‍ മാത്രമായി അവശേഷിക്കുമ്പോഴും കോതമംഗലത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ജനങ്ങള്‍ എന്ന് ഇതിനൊരു പരിഹാം ഉണ്ടാകും എന്ന ഉത്തരം കിട്ടാത്ത ചോദ്യവും ഒപ്പം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചേക്കാമെന്ന ആശങ്കയും അവശേഷിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: