Categories: World

പാക്‌ സ്കൂളുകളില്‍ ചൈനീസ്‌ ഭാഷ നിര്‍ബന്ധമാക്കുന്നു

Published by

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ സിന്ധ്‌ പ്രവിശ്യയിലെ സ്കൂളുകളില്‍ ചൈനീസ്‌ ഭാഷ നിര്‍ബന്ധ വിഷയമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 2013 ഓടുകൂടി ഇത്‌ നടപ്പില്‍ വരുമെന്നാണ്‌ സൂചന. വരുന്ന ദിവസങ്ങളില്‍ സിന്ധ്‌ പ്രവിശ്യയിലെ മന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ആറാം ക്ലാസുമുതല്‍ ചൈനീസ്‌ ഭാഷ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കുകയും 2013 ഓടുകൂടി കോളേജ്‌ തലത്തിലും ഇത്‌ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ചൈന സാമ്പത്തികമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത്‌ ചൈനയുമായി നല്ല ബന്ധം ഉണ്ടാക്കുവാന്‍ വേണ്ടിയാണ്‌ ഇത്തരത്തിലുള്ള ഒരു തീരുമാനമെന്ന്‌ സിന്ധിലെ വിദ്യാഭ്യാസ മന്ത്രി പിര്‍മസാര്‍-ഉല്‍-ഹക്ക്‌ വ്യക്തമാക്കി. ചൈനയുമായി വ്യവസായപരമായും വിദ്യാഭ്യാസപരമായും പാക്കിസ്ഥാന്‍ മികച്ച സഹകരണമാണ്‌ പുലര്‍ത്തുന്നതെന്നും ഈ സാഹചര്യത്തില്‍ വരും തലമുറ ചൈനയുമായി കൂടുതല്‍ മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയാണ്‌ സ്കൂളുകളില്‍ ചൈനീസ്‌ ഭാഷ നിര്‍ബന്ധമാക്കുന്നത്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം ചൈനീസ്‌ ഭാഷ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനത്തോട്‌ യോജിക്കുന്നതായി കറാച്ചി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.പീര്‍സാദാ ക്വാസിം വ്യക്തമാക്കി. ചൈനയ്‌ക്ക്‌ പാക്കിസ്ഥാനുമായി നല്ലൊരു ബന്ധം മാത്രമല്ല ഉള്ളത്‌. ചൈന ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം കൂടിയാണ്‌. ചൈനീസ്‌ ഭാഷ പഠിക്കുന്നത്‌ പാക്കിസ്ഥാന്റെ ഭാവിക്ക്‌ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനീസ്‌ ഭാഷയില്‍ പ്രാവീണ്യം നേടിയിട്ടുള്ള അദ്ധ്യാപകരെ ആയിരിക്കും ഈ കോഴ്സ്‌ പരിശീലിപ്പിക്കുവാന്‍ തെരഞ്ഞെടുക്കുന്നത്‌. എന്നാല്‍ ചൈനീസ്‌ ഭാഷ പ്രചരിപ്പിക്കാനുള്ള ഇത്തരത്തിലുള്ള ഒരു നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നും ചൈന ഇതിന്റെ പിന്നില്‍ വന്‍ ലാഭം പ്രതീക്ഷിക്കുന്നതായും സിന്ധിലെ കോളേജ്‌ അദ്ധ്യാപക സംഘടന ആരോപിച്ചു. ഇപ്പോള്‍ തന്നെ കുട്ടികള്‍ക്ക്‌ മൂന്ന്‌ നിര്‍ബന്ധ വിഷയങ്ങളായ ഇംഗ്ലീഷ്‌, ഉറുദു, സിന്ധി എന്നിവ പഠിക്കേണ്ടതുണ്ടെന്നും ഇതോടൊപ്പം ചൈനീസ്‌ ഭാഷ കൂടി നിര്‍ബന്ധമാക്കിയാല്‍ കുട്ടികള്‍ക്ക്‌ പഠനഭാരം കൂടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by