നഗരസഭയുടെ വരുമാന സ്രോതസ്സായ നികുതിപ്പണം പിരിക്കുമ്പോള്‍ മേയറും കൗണ്‍സിലര്‍മാരും ഇറങ്ങുക, നഗരത്തില്‍ നിയമംലംഘിച്ചു നടക്കുന്ന കെട്ടിടം പണിയെകുറിച്ച് നഗരസഭാ കേന്ദ്രത്തില്‍ അറിയിക്കുവാന്‍ നാട്ടുകാരോട് മേയര്യാചിക്കുക, ഭരണകക്ഷിയിലെ കൗണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയും മേയറെക്കുറിച്ചും ഭരണപരാജയത്തെക്കുറിച്ചും പത്രമാധ്യമങ്ങളില്‍ പരാതിപറയുക, എല്ലാരംഗത്തും ഭരണമില്ലായ്മ ജനങ്ങള്‍ക്ക് അനുഭവപ്പെടുക, പിടിപ്പുകേടിന് ആക്കം കൂട്ടുന്നതരത്തില്‍ ഭരണം കാര്യക്ഷമമാക്കേണ്ട സമയം ഉദ്ഘാടന പെരുമഴയുമായി മേയറും, ഡെപ്യൂട്ടിമേയറും നടക്കുക. ഒരു നഗര ഭരണം അലങ്കോലപ്പെട്ടിരിക്കുന്നു, ജനാവകാശങ്ങള്‍ തമസ്ക്കരിക്കപ്പെട്ടിരിക്കുന്നു. ഭരണം സ്തംഭനവസ്ഥയിലായിരിക്കുന്നു എന്നു മനസ്സിലാക്കുവാന്‍ ഏതൊരു പൗരനും ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും ആവശ്യമില്ലല്ലോ.
നഗരസഭപിരിച്ചെടുക്കേണ്ട നികുതിപണം കോടികള്‍ കുടിശികനില്ക്കുമ്പോള് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ഭരണം നടത്തുക, നഗരസഭകാര്യങ്ങള് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമ്പോള്‍ നടപടി സ്വീകരിക്കാതിരിക്കുക, വെള്ളക്കെട്ട്, ഗതാഗതയോഗ്യമല്ലാത്ത റോഡുകള്‍, മലിനജലം ഓടകളില്‍ കെട്ടിക്കിടന്ന് കൊതുകുപെരുകുക, ദുര്‍ഗന്ധം വമിക്കുന്ന നടപ്പാതകള്‍-ഓടകള്‍, പൊട്ടിപൊളിഞ്ഞ സ്ലാബുകള്‍, ഗതാഗതക്കുരുക്ക്, അഴുക്കുചാലുകളില്‍ പൊട്ടിയൊലിക്കുന്ന കുടിവെള്ള പൈപ്പുകള്‍, പൈപ്പില്‍ ജലമില്ലാത്ത തുടര്‍ച്ചയായ ദിവസങ്ങള്‍, അപ്രഖ്യാപിത പവര്‍ക്കട്ട്, മഴവെള്ള സംഭരണികളില്ലാത്തതിനാല് പാഴായിപോകുന്ന ശുദ്ധജലം, ഇത്രയുമായാല്‍ കൊച്ചി നഗരത്തിന്റെ ഏകദേശ രൂപമായി. ഈ പ്രശ്നങ്ങളില്‍ പലതും പരിഹരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പും, ജല അതോറിറ്റിയും, വൈദ്യുതി വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ടെലിഫോണ്‍ വകുപ്പും പോലീസും മറ്റുമാണെന്നായിരിക്കും നഗരസഭയുടെ വിശദീകരണം. എന്നാല്‍ ഒരു നഗരത്തിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാനാണ് ഈ വകുപ്പുകള്‍ക്ക് മുകളില്‍ നഗരസഭ ജനാധിപത്യ രീതിയില്‍ സ്ഥാപിതമായിട്ടുള്ളത്. ഈ വകുപ്പുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ഏകോപിപ്പിക്കുകയും, കാര്യക്ഷമമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കുണ്ട്. എല്ലാ ചുമതലകളും മറ്റുവകുപ്പുകളുടെത് എന്നാണെങ്കില്‍ നഗരസഭയുടെ ആവശ്യമില്ലല്ലോ. പദവികള്‍ അലങ്കാരമായി മാത്രം കാണരുതെന്ന് മേയറോടും, ഡെപ്യൂട്ടിമേയറോടും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരോടും ഒരപേക്ഷയാണ് ഈ നാട്ടിലെ ജനങ്ങള്‍ക്കുള്ളത്.
ഭരണ കക്ഷിയിലെ ഒരു നേതാവുതന്നെ ഭരണത്തെ കുറിച്ചും ഭരണക്കാരും കോണ്ട്രാക്ടര് മാരും തമ്മിലുള്ള അവിശുദ്ധകുട്ടുകെട്ടിനെകുറിച്ചും, റോഡുകള്‍ കോടികള്‍ ചിലവഴിച്ചിട്ടും വീണ്ടും വീണ്ടും കേടുവരുന്നതിനെ കുറിച്ചും ആരോപണ മുന്നയിച്ചിരിക്കുന്നത് വന്‍ അഴിമതിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രതിപക്ഷമാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെങ്കില്‍ അതവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് കരുതാമായിരുന്നു. എന്നാല്‍ ഭരണക്കാര്‍ അരോപിക്കുന്ന അവിശുദ്ധകൂട്ടുകെട്ടുകള്‍ സത്യമായിരിക്കും. നഗരസഭ ഇപ്പോള്‍ നടത്തുന്ന ഒരു ധൂര്‍ത്തും ദുര്‍വ്യയവും ഉദാഹരണമായിപറയാം. ഹൈക്കോടതി ജംഗ്ഷന് മുതല്‍ കച്ചേരിപ്പടിവരെ ബാനര്ജിറോഡിന്റെ നടപ്പാതയില്‍ ചുവന്ന ടെയില്‍ വിരിക്കുന്ന ജോലിനടന്നുകൊണ്ടിരിക്കുകയാണ്. എറണാകുളം നോര്‍ത്ത്, ബാനര്‍ജി റോഡ്, മാര്‍ക്കറ്റ് റോഡ്, നോര്‍ത്തിലെ ചെറിയചെറിയറോഡുകളിലെ വെള്ളക്കെട്ടിന് പരിഹാരമായ കാനയാണ് ഈ നടപാതയുടെ താഴെയുള്ളത്. സവിത-സരിത തിയേറ്ററുകള്ക്കെതിര്വശത്തുള്ള കാനയ്ക്ക് ഏതാണ്ട് ഒരാള്‍ ആഴമുണ്ടായിരുന്നു. എന്നാല്‍ ഈ കാനവൃത്തിയാക്കാതെ ലക്ഷങ്ങള്‍ ചിലവഴിച്ച് ടെയില്വിരിച്ചാല് ഉടനടി കാനവൃത്തിയാക്കാന്‍ ടെയില്‍ പൊളിക്കേണ്ടിവരും. കാനവൃത്തിയാക്കാന്‍ ഇടയ്ക്കിടെ ചില സ്ലാബുകള്‍ വിട്ടിട്ടുണ്ടെങ്കിലും കാന പൂര്‍ണമായും വൃത്തിയാക്കണമെങ്കില്‍ സ്ലാബുകള്പൂര്ണമായും മാറ്റേണ്ടതായിവരും. ആയതിനാല്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു നടക്കുന്നടെയില് വിരിക്കല്‍ പാഴ്ചിലവും, ദുര്വ്യയവുമായിരിക്കും. കാനവൃത്തിയാക്കാതെയും ആഴം കൂട്ടാതെയും സ്ലാബിനുമുകളില്‍ ടെയില്‍ വിരിക്കുന്നത് അറിഞ്ഞുകൊണ്ടുതന്നെയാണ്.
റോഡുപണിത ആള്‍ക്ക് തന്നെയാണെത്രെ നടപ്പാത നിര്‍മാണവും ടെണ്ടര്‍ ലഭിച്ചിരിക്കുന്നതെന്നും കേള്‍ക്കുന്നുണ്ട്. ഏച്ചുകൂട്ടി മീഡിയന് നിര്‍മാണം, പിന്നീട് റോഡ് ഉയര്‍ത്തല്‍, അതിനുശേഷം കാനകളുടെ ഒരം ഉയര്‍ത്തല്‍ പിന്നെ സ്ലാബ് പൊളിക്കല്‍ വീണ്ടും മീഡിയന് ഉയര്‍ത്തല്‍ ഈമരാമത്ത് പണിയുടെ ചംക്രമണം കൊച്ചിനഗരം കണ്ടുതുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ വൈദ്യുതികേബിളുകള്‍, ടെലിഫോണ്‍ കേബിളുകള്‍, ഫൈബര്‍ ഓപ്റ്റിക്കല്‍ കേബിളുകള്‍, കാനകോരല്‍, നടപ്പാതനിര്‍മാണം, കാന ആഴംകൂട്ടല്‍ എന്നിവയ്ക്കായി പൊതുജനങ്ങള്‍ക്ക് നടക്കുവാന്‍ വയ്യാത്ത അവസ്ഥയില്‍ നടപ്പാതകളും റോഡുകളും കുത്തിപ്പൊളിക്കല്‍ നടക്കും. കൃത്യമായി പറഞ്ഞാല്‍ നഗരത്തിലെ കാല്‍നടയാത്രക്കാര്‍ എന്നും ദുരിതത്തിലാണ്.
ഭരിക്കുവാനും, പണം തുലക്കുവാനും വേണ്ടിയുള്ള ഒരു ഭരണം സര്‍ക്കാര്‍ വകുപ്പുകളായ ജലം, വൈദ്യുതി, ടെലിഫോണ്‍, പൊതുമരാമത്ത് എന്നീവകുപ്പുകള്ക്കൊന്നും ഒരു ഏകോപനവുമില്ല. പുതുക്കിപണിത റോഡുകള്‍, നടപ്പാതകള്‍ എപ്പോള്‍വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും എവിടെവേണമെങ്കിലും പൊളിക്കാം എന്ന അവസ്ഥയാണ് നഗരത്തിലുള്ളത്. നഗരസഭയുടെ പിടിപ്പുകേടാണ് ഇവിടെ വ്യക്തമാക്കുന്നത്. ആത്മാര്‍ത്ഥമായി ജനോപകാരപ്രദമായി നഗരഭരണം കാര്യക്ഷമമാക്കണമെങ്കില്‍ ഒട്ടനവധി പശ്ചാത്തല സൗകര്യമൊരുക്കലും, പ്ലാനിംഗും, നടത്തേണ്ടതായിട്ടുണ്ട്. ഒന്നിലും ഒരു വ്യവസ്ഥയില്ലെങ്കില്‍ അഴിമതി നടത്തുവാന്‍ വളരെ എളുപ്പമാണ്. ഭരണത്തിന് വ്യക്തതയും സുതാര്യതയും കൃത്യതയുമുണ്ടെങ്കില്‍ അഴിമതിയുടെ പഴുതുകള്‍ അടയ്ക്കുവാന്‍ എളുപ്പമാണ്.
നഗര വാസികള്‍ വലിയ വികസനമൊന്നും ആവശ്യപ്പെടുന്നില്ല. ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യാനാകണം, വെള്ളക്കെട്ട് ഒഴിവാക്കണം, കൊതുകുശല്യം കുറയ്ക്കണം, തുടര്‍ച്ചയായി ശുദ്ധജല വിതരണം നടക്കണം, കാല്‍നടയാത്രക്കാര്‍ക്ക് റോഡുകളില്‍ നടപ്പാതവേണം, നഗരത്തില്‍ വൃത്തിയായ മല-മൂത്ര വിസര്‍ജ്ജനത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം, പവര്ക്കെട്ടില്ലാതെ വൈദ്യുതി വിതരണം നടക്കണം, വികസനത്തിന്റെ പേരില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയൊഴിപ്പിച്ച നഗരത്തിലെലോഡ്ജുകളിലും ഹോട്ടലുകളിലും താമസിപ്പിച്ചിരിക്കുന്നവരെ പുനരധിവസിപ്പിക്കണം, കാനകള്‍ സമയാസമയങ്ങളില്‍ വൃത്തിയാക്കണം, പൊതുജനാരോഗ്യ രംഗം ശക്തിപ്പെടുത്തണം, മാലിന്യനിര്മാണം കാര്യക്ഷമമാക്കണം, നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിക്കണം, വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കണം, നഗരത്തിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം, നഗരത്തില്‍ ഹരിതകൊച്ചിയുടെ ഭാഗമായി വൃക്ഷവല്‍ക്കരണം നടത്തുക, വൃക്ഷങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റുക, നഗരത്തിലെ മലിനജലം സംസ്ക്കരിക്കുക തുടങ്ങിയ മനുഷ്യജീവിതം നഗരത്തില്‍ സാധ്യമാക്കുവാനുള്ള ചുരുങ്ങിയ ആവശ്യങ്ങള്‍ മാത്രമാണ് നഗരവാസികള്‍ക്കുള്ളത്. അതിനാല്‍ ജനങ്ങള്വീട്ടുകരം, ജലകരം, റോഡ്നികുതി, വേതനനികുതി, ഭൂമിനികുതി, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്ര നികുതികള്‍ സര്‍ക്കാരില്‍ ഒടുക്കുന്നുണ്ട്. തിരിച്ച് ജനങ്ങള്‍ക്ക് നിത്യജീവിതം ദുരിതപൂര്ണമാകാതിരിക്കാനുള്ള മിനിമം നടപടിയെങ്കിലും നഗരസഭ ചെയ്തു നല്കേണ്ടതല്ലേ?.
നഗരസഭയില്‍നിന്നും ആവശ്യം ലഭിക്കേണ്ട സേവനങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കുമായി നല്കേണ്ടിവരുന്ന കൈക്കൂലി നിര്‍ത്തലാക്കണം. വീടുപണിക്കുള്ള പെര്‍മിറ്റ് ലഭിക്കല്‍ വീട്ടുനമ്പര്‍ ഇടല്, എന്നീ വിഭാഗങ്ങളില്‍ നടക്കുന്ന പകല്‍കൊള്ള അവസാനിപ്പിക്കണം. മാലിന്യ നീക്കത്തിന്റെയും, ശേഖരണത്തിന്റേയും, വൃത്തിയാക്കലിന്റെയും, ആരോഗ്യപരിപാലനത്തിന്റെയും, പേരില്‍ നടക്കുന്ന അഴിമതി അവസാനിപ്പിക്കണം, ജനങ്ങളുടെ സേവനാവകാശം ഉറപ്പാക്കണം. നികുതിപണം യഥാസമയങ്ങളില്‍ പിരിച്ചെടുക്കണം ലഭിക്കാത്തപക്ഷം റവന്യൂറിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കണം. പരസ്യം സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുന്നതിലും, അനധികൃമായി പരസ്യബോര്‍ഡ് സ്ഥാപിക്കുവാന്‍ മൗനാനുവാദം നല്‍കുന്നതിലും നടക്കുന്ന അഴിമതികള്‍ അവസാനിപ്പിക്കണം. നഗസഭാ ഭൂമി അന്യായമായി കയ്യേറിയതിനും, കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതിനും, മറ്റു കയ്യേറ്റങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കണം. നഗരത്തിലെ വീടുകളില്‍ മട്ടുപ്പാവു കൃഷി പ്രോത്സാഹിപ്പിക്കുകയും, ഹരിതനഗരം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയും വേണം. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനും, ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും, വെള്ളക്കെട്ട് ഇല്ലാതാക്കുവാനും നഗരസഭ സത്വരനടപടിസ്വീകരിക്കണം.
ഇക്കാര്യങ്ങളിലെല്ലാം ജില്ലാഭരണകൂടത്തിന്റെയും, വിശാലകൊച്ചി വികസന അതോറിറ്റിയുടേയും, ഗോശ്രീ ദ്വീപുവികസന അതോറിറ്റിയുടെയും, ജനങ്ങളുടെയും സഹകരണം ഉറപ്പാക്കുവാന്‍ നഗരസഭ പരിശ്രമിക്കണം. നഗര വികസനം സമഗ്രമായി കണ്ടുകൊണ്ട് അടുത്ത 20 വര്‍ഷത്തെ വികസനം ലാക്കാക്കി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുവാന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. കൊതുകുശല്യം കുറയ്ക്കുവാന്‍ വേണ്ടി വെക്ടര്‍ കണ്റോള്റിസര്ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പഠിച്ച് തയ്യാറാക്കിയ നഗരസഭയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള മാസ്റ്റര്‍ പ്ലാനും നടപ്പാക്കപ്പെടണം. നഗരപരിധിയില്‍ നടന്നിട്ടുള്ള അനധികൃത നിര്‍മിതികള്‍ പൊളിച്ചുമാറ്റണം. നഗരവാസികള്‍ക്ക് 24 മണിക്കൂറും വെള്ളംലഭിക്കണം. കുടിവെള്ളമൊഴികെയുള്ള ആവശ്യങ്ങള്‍ക്ക് നഗരത്തിലെക്കളങ്ങളും മറ്റു ജലസ്രോതസുകളും ഉപയോഗപ്പെടുത്തിമറ്റൊരു ജല വിതരണസംവിധാനത്തിന് തൃശൂര്‍ നഗരസഭയെപോലെ കൊച്ചിനഗരസഭയും നേതൃത്വം നല്‍കണം.
കുടിവെള്ളത്തിനായി പെരിയാറില്‍ നിന്നും, മൂവാറ്റുപുഴയാറില്‍നിന്നും ജലം ലഭ്യമാക്കണം. മൂവാറ്റുപുഴയാറില്‍ നിന്നും ജലം പമ്പ് ചെയ്യുമ്പോള്‍ തീരുമാനിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ താറുമാറാകാതിരിക്കുവാന് മൂവാറ്റുപുഴ മീനച്ചിലാര്‍ പദ്ധതിയെ എതിര്‍ക്കുക, പെരിയാറിനെ സംരക്ഷിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രശ്നങ്ങളും പ്രതിവിധികളും നഗരസഭയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ജനപ്രതിനിധികള്‍ കാര്യക്ഷമമായി നഗരഭരണം നടത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം നഗരഭരണം കൂടുതല്‍ സ്തംഭനത്തിലേയ്ക്ക് മൂക്ക് കുത്തും.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: