കേന്ദ്രമന്ത്രിമാരില്‍ ചിലരും കേരള മന്ത്രിമാരും അവരവരുടെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അഴിമതിക്കെതിരായി ജനവികാരം ശക്തിപ്പെട്ടപ്പോഴാണ് സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന ആശയം പൊങ്ങി വന്നത്. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളിലെ ഒരിനമായിരുന്നു സ്വത്തു വിവരം വെളിപ്പെടുത്തുകയെന്നത്. വളരെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കണക്കുകള്‍ കേട്ടപ്പോള്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോകും. യാഥാര്‍ഥ്യവുമായി ഒട്ടും പൊരുത്തമില്ലാത്ത കണക്കുകള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതായേ മനസിലാക്കാന്‍ കഴിയൂ. മന്ത്രിമാരായിരുന്ന് എന്തിനീ കള്ളക്കണക്ക് നിരത്തുന്നു എന്ന ചോദ്യം അക്കങ്ങളുടെ വലുപ്പചെറുപ്പം അറിയാത്ത പാമരന്മാര് പോലും ചോദിച്ചു പോവുകയാണ്.
കേന്ദ്ര നഗരവികസനവകുപ്പുമന്ത്രി കമല്‍നാഥാണ് ഏറ്റവും സമ്പന്നന്. ഏറ്റവും പിന്നില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ്. 35 ലക്ഷം രൂപ മാത്രമാണ് അദ്ദേഹത്തിനുള്ള ആസ്തിയുടെ മൂല്യം. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടപ്രകാരം സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. കത്തിന് പിന്നാലെ ആവര്‍ത്തിച്ചുള്ള അറിയിപ്പുകളുണ്ടായിട്ടും പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്ന മന്ത്രിസഭാംഗങ്ങള്‍ക്ക് ആഗസ്റ്റ് 31 നകം സ്വത്തുവിവരങ്ങള്‍ അറിയിക്കാന്‍ അന്ത്യശാസനം കൊടുത്തിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ 32 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഏഴ് സഹമന്ത്രിമാരും 37 സഹമന്ത്രിമാരും സ്വത്തുവിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, എം.കെ. അഴഗിരി എന്നിവരും മന്ത്രിസഭയിലെ സമ്പന്നന്മാരാണ്. 30 കോടി രൂപ വീതമാണ് ഇവരുടെ ആസ്തി. കേന്ദ്രത്തിലെ നാലു വമ്പന്മാരായി അറിയപ്പെടുന്നവരില്‍ പ്രണബ് മുഖര്‍ജിക്ക് 3 കോടി, പി.ചിദംബരത്തിന് 25 കോടി, എസ്.എം.കൃഷ്ണയ്ക്ക് 3 കോടി രൂപയുമാണ് ആസ്തിയായുള്ളത്. ശരത് പവാറിന് 12 കോടിയുടെ സ്വത്തുണ്ട്. സ്വത്തും പണവുമടക്കം 5.1 കോടി രൂപയുടെ ആസ്തിയുള്ളതായി മൂന്ന് പേജ് വരുന്ന പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വെളിപ്പെടുത്തിയിരിക്കുന്നു. ബിഎംഡബ്ല്യു കാറുകളില്‍ ഔദ്യോഗിക യാത്രകള്‍ നടത്തുന്ന മന്മോഹന്സിംഗിന് സ്വന്തമായി 1996 മോഡല്‍ മാരുതി 800 കാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. മന്മോഹന്സിംഗിന് ചണ്ഡിഗഢില്‍ 90 ലക്ഷം രൂപയുടെ വീടും തെക്കന്‍ ദല്‍ഹിയിലെ വസന്തകുഞ്ജില് 88 ലക്ഷം രൂപയുടെ ഫ്ലാറ്റുമുണ്ട്. 1.8 കോടിയുടെ വസ്തുവകകളും 3.2 കോടി രൂപ മൂല്യമുള്ള നിക്ഷേപങ്ങളുമുണ്ട്. മന്ത്രിസഭയിലെ ദരിദ്രനായ എ.കെ.ആന്റണിക്ക് തിരുവനന്തപുരം ജഗതി ഈശ്വരവിലാസം ലെയ്നില്‍ ഒരു വീടും ഒന്നേമുക്കാല്‍ ലക്ഷം വില വരുന്ന പഴയ വാഗണ്‍ ആര് കാറും ഉണ്ട്. രണ്ട് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലായി 1,82,000 രൂപയോളം നിക്ഷേപമുണ്ട്. ഭാര്യ എലിസബത്തിന്റെ പേരില്‍ 30 ലക്ഷം രൂപയുടെ സ്വത്തുണ്ട്. വയലാര്‍ രവിക്ക് 1.38 കോടിയുടെ സ്വത്താണുള്ളത്. എ.കെ.ആന്റണിയുടെയും വയലാര്‍ രവിയുടെയും സ്വത്തു വിവരം മാത്രംമതി കണക്കിലെ പൊരുത്തക്കേടുകള്‍ വ്യക്തമാകാന്‍.
കേരളത്തിലെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ സ്വത്തുവിവരം അവിശ്വസനീയമാണെന്ന് പറയാതിരിക്കാനാകില്ല. അപൂര്‍ണമായ കണക്കാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഏക്കര്‍ കണക്കിന് വസ്തുവുള്ളവര്‍ വസ്തുവിന്റെ വില പറഞ്ഞിട്ടില്ല. കുടുംബാംഗങ്ങളുടെ പേരില്‍ നിക്ഷേപവും വസ്തുവും ബാങ്ക് ബാലന്‍സും ഉള്ളവര്‍ അതും വെളിപ്പെടുത്തിയിട്ടില്ല. ചിലര്‍ ബാങ്കില്‍ നിക്ഷേപമുള്ളതു മാത്രം ആസ്തിയായി പറഞ്ഞപ്പോള്‍, ചിലര്‍ എത്രയേക്കര്‍ ഭൂമിയുണ്ടെന്നത് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഡംബര കാറുകള്‍ രണ്ടുമൂന്നുള്ളവരുണ്ടെങ്കിലും അതിന്റെ വിലയെത്രയെന്ന് രേഖപ്പെടുത്തിയിട്ടില്ല. മന്ത്രിമാര്‍ക്ക് യഥാര്‍ഥത്തില്‍ എത്ര ആസ്തിയുണ്ടെന്നും ആരാണ് ആസ്തിയുടെ കാര്യത്തില്‍ മുന്നിലെന്നും അറിയണമെങ്കില്‍ വേറെ കണക്കു നോക്കണം.
ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മുന്നില്‍. അദ്ദേഹത്തിനും ഭാര്യക്കും കൂടി 1,43,03,294 യുടെ സമ്പാദ്യമേ ഉള്ളൂവത്രെ. 13.22 ഏക്കര്‍ ഭൂമിയും രണ്ടു വീടുകളും രണ്ടു കാറുകളും 106 പവന് സ്വര്‍ണവും ഇതിനു പുറമെയാണ്. അടൂര്‍ പ്രകാശിന് മൂന്ന് ജില്ലകളിലായി 20 ഏക്കറിലധികം സ്ഥലമാണുള്ളത്. ബംഗളൂരുവിലും കൊച്ചിയിലും സ്വന്തം പേരില്‍ ഫ്ലാറ്റുകള്‍ വേറെയുമുണ്ട്. 400 പവന് സ്വര്‍ണവും കൈവശമുള്ള അടൂര്‍ പ്രകാശ് ബാങ്കില്‍ ഉള്ള പണത്തിന്റെയും മറ്റ് ഓഹരികളുടെയും കണക്ക് കൊടുത്തിട്ടില്ല. 47 ഏക്കര്‍ ഭൂമിയുള്ള പി.ജെ.ജോസഫാണ് മന്ത്രിമാരില്‍ ഭൂപ്രമാണി. ടി.എം.ജേക്കബിന് 25 ഏക്കര്‍ സ്ഥലമുണ്ട്. അബ്ദുറബ്ബ്, അനില്‍കുമാര്‍, കെ.പി.മോഹനന്, പി.ജെ.ജോസഫ് എന്നിവരും കൈവശമെത്ര പണമുണ്ടെന്ന കാര്യം പറയുന്നില്ല.
ഷിബു ബേബി ജോണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാത്രമാണ് കടക്കാര്. ഷിബു ബേബി ജോണിന് ഒരു കോടിക്കു മുകളില്‍ കടമുണ്ട്. കാര്‍ വായ്പയും ഇതര വായ്പയുമാണ് ഷിബുവിനെ കടക്കാരനാക്കിയത്. ഭാര്യ ആനി മാത്യൂ ജോണിനു 105 പവന് സ്വര്‍ണമുണ്ട്. കടക്കാരനാണെങ്കിലും നാല് ആഡംബര കാറുകളുടെ ഉടമയാണ് ഷിബു. 6.63 ഏക്കര്‍ പുരയിടവും 25,86,805 ബാങ്ക് ബാലന്‍സും 9,58,664 രൂപയുടെ ഓഹരികളും 31 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയവും ഉണ്ടെന്നു പറയുന്ന ഷിബു എന്തിന് കടം നിര്‍ത്തിയിരിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സ്വന്തമായി ഭൂമി ഇല്ല. ഭാര്യ മറിയാമ്മ ഉമ്മന്റെ പേരില്‍ തിരുവനന്തപുരത്തു 13.5 സെന്റ് സ്ഥലവും വീടുമുണ്ട്. മറിയാമ്മ ഉമ്മന്റെ പേരില്‍ സ്വിഫ്റ്റ് കാറുണ്ടെങ്കിലും അതിനു ~3,22,759 രൂപയുടെ വായ്പയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ 38 ഗ്രാം സ്വര്‍ണവും വിവിധ ബാങ്കുകളിലായി 25,403 നിക്ഷേപവുമുണ്ട്. മകന് ചാണ്ടി ഉമ്മന്റെ പേരില്‍ 3,12,806 രൂപ നിക്ഷേപമുണ്ട്. ചാണ്ടി ഉമ്മനു വേണ്ടി 4,04,523 രൂപ വിദ്യാഭ്യാസ വായ്പയുണ്ട്. ആര്യാടന് മുഹമ്മദിനും ഭാര്യക്കുമായി 68 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. 1.07 ഏക്കര്‍ സ്ഥലം ആര്യാടനുണ്ട്.
എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങള്‍ ഏതാണ്ടിതു പോലെ തന്നെ. പട്ടികജാതി വകുപ്പു മന്ത്രി ജയലക്ഷ്മി നല്കിയ കണക്കു മാത്രമേ സത്യത്തോടടുത്തു നില്ക്കുന്നു എന്നാണു തോന്നുന്നത്. ജയലക്ഷ്മിക്കും പിതാവിനും കൂടി 1.88 ഏക്കര്‍ ഭൂമിയും 2 ലക്ഷം രൂപ നിക്ഷേപവുമുണ്ടെന്നാണ് സമ്മതിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്വത്തു പ്രഖ്യാപിച്ചവരെല്ലാം മൂന്നു മാസം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സ്വത്തു വിവരം പ്രഖ്യാപിച്ചതാണ്. രാജ്യസഭയിലേക്കു മത്സരിക്കാന്‍ കെ.കരുണാകരന് പ്രഖ്യാപിച്ച സ്വത്ത് സ്വര്‍ണമായി ഒരു മോതിരവും 750 രൂപയുടെ ബാങ്ക് ബാലന്സുമെന്നാണ്. അതില്‍ നിന്നും വിഭിന്നമല്ല ഇപ്പോള്‍ കേട്ട കണക്കുകളും. എന്തിനാണ് ഇങ്ങനെയൊരു കള്ളക്കണക്ക് എന്ന സംശയമാണ് പരക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: