തിരുവനന്തപുരം : മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ സ്വത്തുവിവരം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 100 ദിവസ കര്‍മ്മ പരിപാടിയുടെ ഭാഗമായി സ്വത്ത് പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനം യാഥാര്ത്ഥ്യമായതെന്നൊഴിച്ചാല് അപൂര്‍ണമായ കണക്കാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഏക്കര്‍ കണക്കിന് വസ്തുവുള്ളവര്‍ വസ്തുവിന്റെ വില പറഞ്ഞിട്ടില്ല. കുടുംബാംഗങ്ങളുടെ പേരില്‍ നിക്ഷേപവും വസ്തുവും ബാങ്ക് ബാലന്‍സും ഉള്ളവര്‍ അതും വ്യക്തമാക്കിയിട്ടില്ല. ചിലര്‍ ബാങ്കില്‍ നിക്ഷേപമുള്ളതുമാത്രം ആസ്തിയായി പറഞ്ഞപ്പോള്‍, ചിലര്‍ എത്രയേക്കര്‍ ഭൂമിയുണ്ടെന്നത് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഡംബര കാറുകള്‍ രണ്ട് മൂന്നുള്ളവരുണ്ടെങ്കിലും അതിന്റെ വിലയെത്രയെന്ന് രേഖപ്പെടുത്തിയിട്ടില്ല. മന്ത്രിമാര്‍ക്ക് യഥാര്‍ത്ഥത്തില്‍ എത്ര ആസ്തിയുണ്ടെന്നും ആരാണ് ആസ്തിയുടെ കാര്യത്തില്‍ മുന്നിലെന്നും അറിയണമെങ്കില്‍ കവടി നിരത്തേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മന്ത്രിമാരുടെ സ്വത്തുവിവരം വായിക്കുമ്പോള്‍.
ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മുന്നില്‍. പി.കെ.കുഞ്ഞാലിക്കുട്ടിക്കും ഭാര്യ ഉമ്മുക്കുലുസുവിനും കൂടി ~1,43,03,294 യുടെ സമ്പാദ്യമുണ്ട്. 13.22 ഏക്കര്‍ ഭൂമി, രണ്ടു വീടുകളും രണ്ടു കാറുകളും 106 പവന് സ്വര്‍ണവും ഇതിനു പുറമെയാണ്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന് മൂന്ന് ജില്ലകളിലായി 20 ഏക്കറിലധികം സ്ഥലമാണുള്ളത്. ബംഗ്ലൂരുവിലും കൊച്ചിയിലും സ്വന്തം പേരില്‍ ഫ്ലാറ്റുകള്‍ വേറെയുമുണ്ട്. 400 പവന് സ്വര്‍ണ്ണവും കൈവശമുള്ള അടൂര്‍ പ്രകാശ് ബാങ്കില്‍ ഉള്ള പണത്തിന്റെയും മറ്റ് ഓഹരികളുടെയും കണക്ക് കൊടുത്തിട്ടില്ല. 47 ഏക്കര്‍ ഭൂമിയുള്ള പി.ജെ. ജോസഫാണ് മന്ത്രിമാരില്‍ ഭൂപ്രഭു. ടി.എം. ജേക്കബിന് 25 ഏക്കര്‍ സ്ഥലമുണ്ട്.
മന്ത്രിമാരായ അബ്ദുറബ്ബ്, അനില്‍കുമാര്‍, കെ.പി. മോഹനന്, പി.ജെ. ജോസഫ് എന്നിവരും കൈവശമെത്ര പണമുണ്ടെന്ന കാര്യം പറയുന്നില്ല.
ഷിബു ബേബി ജോണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാത്രമാണ് കടക്കാര്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനു ഒരു കോടിക്കു മുകളില്‍ കടമുണ്ട്. കാര്‍ വായ്പയും ഇതര വായ്പയുമാണ് ഷിബു ബേബി ജോണിനെ കടക്കാരനാക്കിയത്. ആകെ ~1,16,24,924 ആണ് കടം. 663 സെന്റ് പുരയിടവും 25,86,805 ബാങ്ക് ബാലന്‍സും ~958664 രൂപയുടെ ഓഹരികളും 31 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയവും ഷിബു ബേബിജോണിനുണ്ട്. ഭാര്യ ആനി മാത്യൂ ജോണിനു 105 പവന് സ്വര്‍ണമുണ്ട്. കടക്കാരനാണെങ്കിലും നാല് ആഡംബര കാറുകളുടെ ഉടമയാണ് ഷിബു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സ്വന്തമായി ഭൂമി ഇല്ല. ഭാര്യ മറിയാമ്മ ഉമ്മന്റെ പേരില്‍ തിരുവനന്തപുരത്തു 13.5 സെന്റ് സ്ഥലവും വീടുമുണ്ട്. മറിയാമ്മ ഉമ്മന്റെ പേരില്‍ സ്വിഫ്റ്റ് കാറുണ്ടെങ്കിലും അതിനു ~3,22,759 രൂപയുടെ വായ്പയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ 38 ഗ്രാം സ്വര്‍ണവും വിവിധ ബാങ്കുകളിലായി ~25,403 നിക്ഷേപവുമുണ്ട്. മകന് ചാണ്ടി ഉമ്മന്റെ പേരില്‍ ~31,28,06 രൂപ നിക്ഷേപമുണ്ട്. ചാണ്ടി ഉമ്മനു വേണ്ടി ~4,04,523 രൂപ വിദ്യാഭ്യാസ വായ്പയുണ്ട്. വൈദ്യുതി മന്ത്രി ആര്യാടന് മുഹമദിനും ഭാര്യയ്ക്കുമായി ~68 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. 107 സെന്റ് സ്ഥലം ആര്യാടനുണ്ട്. 20 പവന്റെ സ്വര്‍ണം ഭാര്യയുടെ പേരിലുണ്ട്. ഭക്ഷ്യമന്ത്രി ടി.എം. ജേക്കബിന് ~47,15,645 രൂപ നിക്ഷേപവും 24.44 ഏക്കര്‍ ഭൂമിയുമുണ്ട്. 350 ഗ്രാം സ്വര്‍ണവും കാറും ഭാര്യയ്ക്കുണ്ട്. പഞ്ചായത്ത് മന്ത്രി എം.കെ. മുനീറിനു 50 സെന്റ് സ്ഥലവും 28 ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ട്. ഇതിന്റെ ഭൂരിഭാഗം ഓഹരി വിപണിയിലെ നിക്ഷേപമാണ്.
സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനു 39 സെന്റ് സ്ഥലവും 22 ലക്ഷത്തിന്റെ സമ്പാദ്യവുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ 576 ഗ്രാം സ്വര്‍ണവും കാറുമുണ്ട്. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പേരില്‍ 185സെന്റ് സ്ഥലവും 19 ലക്ഷത്തിന്റെ നിക്ഷേപവുമുണ്ട്. സാംസ്കാരിക മന്ത്രി കെ.സി. ജോസഫിനു 90 സെന്റ് സ്ഥലവും 18ലക്ഷം രൂപയും അംബാസഡര്‍ കാറും ഭാര്യയുടെ പേരില്‍ 39 പവന് സ്വര്‍ണവുമുണ്ട്. ധനമന്ത്രി കെ.എം. മാണിക്ക് 11 ലക്ഷം സമ്പാദ്യവും 1.92 ഏക്കര്‍ ഭൂമിയും ഭാര്യക്കു 30 പവന് സ്വര്‍ണവുമുണ്ട്. രണ്ടു കാറുകളും ഇദ്ദേഹത്തിനു സ്വന്തം. വനം മന്ത്രി കെ.ബി.ഗണേശ് കുമാറിനു 11ലക്ഷത്തിന്റെ സമ്പാദ്യവും 6.57 ഏക്കര്‍ പുരയിടവും ഭാര്യയുടെ പേരില്‍ 175 പവന് സ്വര്‍ണവുമുണ്ട്.
എക്സൈസ് മന്ത്രി കെ.ബാബുവിനു എട്ടു ലക്ഷത്തില്‍ പരം രൂപയുടെ നിക്ഷേപവും 1.5 ഏക്കര്‍ ഭൂമിയും ഭാര്യക്കു 48 പവന്റെ ആഭരണങ്ങളുമുണ്ട്. ജലവിഭവ മന്ത്രി പി.ജെ.ജോസഫിന് 47 ഏക്കറിലധികം ഭൂമിയുണ്ട്. മറ്റു സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 11 ലക്ഷം രൂപയുടെ സമ്പാദ്യവും 1.88 ഏക്കര്‍ ഭൂമിയുമുണ്ട്. ഗതാഗത മന്ത്രി വി.എസ്. ശിവകുമാറിനു മൂന്നു ലക്ഷം രൂപയില്‍ താഴെയാണ് നിക്ഷേപമുള്ളത്. ഭാര്യ സിന്ധുവിന്റെ പേരില്‍ 30 സെന്റ് ഭൂമിയുമുണ്ട്.സ്വര്‍ണമാകട്ടെ 51 പവനും. കൃഷി മന്ത്രി കെ.പി. മോഹനന് 438സെന്റ് പുരയിടവും 400 ഗ്രാം സ്വര്‍ണവും അംബാസഡര്‍ കാറുമുണ്ട്. യുവജന ക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മിക്കും പിതാവിനും കൂടി 1.27 ഏക്കര്‍ ഭൂമിയും 30 പവന് സ്വര്‍ണവുമുണ്ട്. പണ സമ്പാദ്യമാകട്ടെ രണ്ടു ലക്ഷം രൂപ മാത്രം. മന്ത്രിമാര്‍ വെളിപ്പെടുത്തിയ സ്വത്തു വിവരത്തില്‍ ഭൂരിഭാഗത്തിലും പൂര്‍ണമായ വെളിപ്പെടുത്തലുകളില്ല. പത്തു മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രമെ സ്വത്തു വിവരം വെളിപ്പെടുത്തിയിട്ടുള്ളൂ. അതും പൂര്‍ണമല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, എക്സൈസ് മന്ത്രി കെ.ബാബു, വനം മന്ത്രി കെ.ബി. ഗണേശ് കുമാര്‍, യുവജനകാര്യമന്ത്രി പി.കെ. ജയലക്ഷ്മി, ജലവിഭവ മന്ത്രി പി.ജെ.ജോസഫ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കൃഷി മന്ത്രി കെ.പി.മോഹനന്, തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍, ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരുടെ പേഴ്സനല്‍ സ്റ്റാഫിലെ ആരും തന്നെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അഖിലേന്ത്യാ സര്‍വീസിലുള്ള ഐഎഫ്എസുകാര്‍ മാത്രമാണ് സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. 38 പേര് സ്വത്തു വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഐഎഎസ്, ഐപിഎസ് വിഭാഗത്തിലെ ആരുടെയും സ്വത്തു വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. 75 വകുപ്പ് തലവന്മാര് സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ അഡീഷണല്‍ സെക്രട്ടറിയും സ്പെഷ്യല്‍ സെക്രട്ടറിയും വരെയുള്ള 67 പേര് സ്വത്തു വിവരങ്ങള്‍ പരസ്യമാക്കി. പൊതു ഭരണ വകുപ്പിലെയും ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ അഡീഷണല്‍ സെക്രട്ടറി വരെയുള്ള 175 പേര് സ്വത്തു വിവരം പ്രഖ്യാപിച്ചു. നിയമവകുപ്പിലെ 74 സെക്രട്ടറിമാരും സ്വത്തു വിവരം പരസ്യപ്പെടുത്തി. ഇതര സ്ഥാപനങ്ങളിലെ തലവന്മാരില് സീ മാറ്റ് ഡയറക്ടര്‍ ജോണി കെ. ജോണിന്റെ സ്വത്തു വിവരം മാത്രമെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: