Categories: Ernakulam

കര്‍ഷക കോണ്‍ഗ്രസ്‌ നേതാവിന്റെ കൊല: ആറംഗ സംഘം പിടിയിലായതായി സൂചന

Published by

അങ്കമാലി: കഴിഞ്ഞ ആഗസ്റ്റ്‌ 28ന്‌ മൂക്കന്നൂരില്‍ കര്‍ഷക കോണ്‍ഗ്രസ്‌ നേതാവ്‌ തൊമ്മിയുടെ കൊലപാതകത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം പോലീസിന്റെ വലയില്‍ കുടുങ്ങിയതായി സൂചന. കൊലപാതകത്തിന്റെ പ്രധാന സൂത്രധാരകനും പ്രതിയുമാണെന്ന്‌ സംശയിക്കുന്ന സജിയെ മാത്രമാണ്‌ പിടിക്കൂടാനുള്ളൂയെന്നാണ്‌ അറിയുന്നത്‌. പിടിയിലായ ആറംഗ സംഘത്തില്‍ അവശേഷിക്കുന്നവരെകൂടി പിടികൂടുവാന്‍വേണ്ടി പ്രത്യേക അന്വേഷണസംഘം മംഗലാപുരത്തും തമിഴ്‌നാട്ടിലും തെരച്ചിലിനായി കൊണ്ടുപോയിരിക്കുകയാണ്‌. റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌.

കൊല്ലപ്പെട്ട തോമസിന്റെ എടലക്കാടുള്ള കോഴിഫാമിനോട്‌ ചേര്‍ന്നുള്ള റബ്ബര്‍തോട്ടത്തില്‍വച്ചാണ്‌ തോമസിന്‌ വെട്ടേറ്റത്‌. തുടര്‍ന്ന്‌ എറണാകുളത്ത്‌ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കര്‍ഷക കോണ്‍ഗ്രസ്‌ നേതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇറച്ചിക്കോഴികളുടെ മൊത്ത വില്‍പന നടത്തിവരുന്ന പ്രബല ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈര്യമാണ്‌ കൊലപാതകത്തിന്‌ കാരണമെന്നാണ്‌ പോലീസിന്‌ കിട്ടിയിരിക്കുന്ന വിവരം. ഇത്‌ അനുസരിച്ച്‌ സജി ഏര്‍പ്പാടാക്കിയ തമിഴ്‌നാട്ടിലുള്ള ക്വൊട്ടേഷന്‍ സംഘമാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ പറയപ്പെടുന്നു. സജി ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടുവാനായിട്ടാണ്‌ പോലീസ്‌ തമിഴ്‌നാട്ടിലേക്ക്‌ പോയിരിക്കുന്നതെന്നാണ്‌ അറിയുന്നത്‌. തോമസിനെ വകവരുത്തണമെന്ന ആവശ്യവുമായി ഇപ്പോള്‍ പോലീസ്‌ കസ്റ്റിഡിയിലുള്ള ഒരാള്‍ അങ്കമാലിയിലെ ഒരു സംഘത്തെ സമീപച്ചതിനെതുടര്‍ന്ന്‌ അവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ്‌ തമിഴ്‌നാട്‌ സംഘത്തെ കൊലപാതകത്തിനായി കൊട്ടേഷ്വന്‍ ഏല്‍പിച്ചതെന്നാണ്‌ പോലീസിന്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌.

കൃത്യത്തിന്‌ ചെലവായ പണം എവിടെനിന്നാണെന്നും കോഴിവ്യാപാരം നടത്തുന്ന ഈ സംഘത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയുടെ സാമ്പത്തിക സ്രോതസ്സും പോലീസ്‌ അന്വേഷണ വിധേയമാക്കുന്നുണ്ട്‌. ഈ കൊലപാതകത്തില്‍ ഇറച്ചിക്കോഴികളുടെ മൊത്തവില്‍പനക്കാരെ കൂടാതെ തോമസിനോട്‌ നേരത്തെ പകയുള്ള ചിലരും പങ്കുചേര്‍ന്നതായി പോലീസിന്‌ അറിവു ലഭിച്ചിട്ടുണ്ട്‌. അതേ സമയം തോമസ്‌ പ്രതിയായ മൂക്കന്നൂര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വിജയാഹ്ലാദത്തിനിടെയുണ്ടായ തര്‍ക്കവും പിന്നീട്‌ പള്ളിയില്‍ പോയി മടങ്ങിയ രണ്ടു സ്ത്രീകളെ ആക്രമിച്ചതടക്കമുള്ള സംഭവങ്ങളുമായി കൊലപാതകത്തിന്‌ ബന്ധമുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷണവിധേയമാക്കിയിട്ടുണ്ട്‌. ഇതിനടകം നൂറോളം പേരെ ചോദ്യം ചെയ്യുകയും ഇരുപതോളം പേരെ പോലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by