1991ഡിസംബര്‍ 18ന് അന്നത്തെ ഇന്ത്യന്‍ ധനകാര്യമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ചട്ടം 193 അനുസരിച്ച് പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലാണ് പിന്നീട് ഉദാരവല്‍ക്കരണ സാമ്പത്തിക നയമെന്നറിയപ്പെട്ടത്. അടിയന്തര പ്രാധാന്യമുള്ള വോട്ടിങ്ങ് കൂടാത്ത ചര്‍ച്ചക്കും വെളിപ്പെടുത്തലിനും വേണ്ടിയുള്ള സഭാചട്ടമാണ് 193ലുള്ളത്. തലേ ദിവസം രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങളേക്കുറിച്ച് അടല്‍ ബിഹാരി വാജ്പേയ് നടത്തിയ അഭിപ്രായങ്ങളെ സ്വാംശീകരിച്ചും അഭിനന്ദിച്ചും കൊണ്ടാണ് മന്‍മോഹന്‍സിംഗ് തന്റെ പ്രസംഗം ലോക്സഭയില്‍ അവതരിപ്പിച്ചത്.
രാജ്യം നേരിടുന്ന മോശപ്പെട്ട സാമ്പത്തിക സ്ഥിതി കേവലം സാമ്പത്തിക പ്രശ്നമല്ലെന്നും മറിച്ച് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്നും സമര്‍ത്ഥിക്കാനാണ് ഡോ.സിംഗ് ശ്രമിച്ചത്. ഏതെങ്കിലുമൊരു ഭരണകൂടമോ പാര്‍ട്ടിയോ വിചാരിച്ചാല്‍ കരകയറാന്‍ സാധിക്കാത്തവിധം ആഴക്കയത്തിലാണ് സാമ്പത്തിക ഇന്ത്യ ഉള്ളതെന്നും അതിനാല്‍ കൂട്ടായ രക്ഷപ്പെടല്‍ ശ്രമത്തിന് ധനമന്ത്രി പ്രതിപക്ഷത്തിന്റേതുള്‍പ്പെടെയുള്ള പിന്തുണ അഭ്യര്ത്ഥിക്കുകയുമാണുണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക രംഗം ഗുരുതരവെല്ലുവിളി നേരിടുമ്പോള്‍ കുറ്റവും കുറവും പറയുകയോ പ്രതികളെ കണ്ടെത്താനോ അല്ല ശ്രമിക്കേണ്ടതെന്നും മറിച്ച് പ്രതിസന്ധിയെ അതിജീവിക്കാന്‍ കൂട്ടായ്മയാണാവശ്യമെന്നും ധനമന്ത്രി ഉല്‍ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയത്തെക്കാള്‍ രാഷ്ട്രമാണ് വലുതെന്ന് വിശ്വസിക്കുന്ന വാജ്പേയിയും സഹപ്രവര്‍ത്തകരും രാജ്യതാല്പര്യം കണക്കിലെടുത്ത് സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ സഹകരിക്കുകയാണുണ്ടായത്.
സ്വാതന്ത്ര്യത്തിന്റെ പാതയില്‍ 44 കൊല്ലം പിന്നിട്ട ഭാരതത്തിന്റെ സമ്പദ്വ്യവസഥ പൂര്‍ണ്ണ തകര്‍ച്ച നേരിട്ടുവെന്നായിരുന്നു മന്‍മോഹന്‍സിംഗ് അന്നു പറഞ്ഞത്. ഇന്നത്തെ പ്രതിസന്ധി കേവലം വിദേശനാണ്യ ശേഖര അഭാവം മാത്രമല്ലെന്നും ഇന്ത്യന്‍ ട്രഷറിയുടെ മൊത്തത്തിലുള്ള സ്തംഭനമാണെന്നും ഡോ.സിംഗ് തുറന്ന് സമ്മതിച്ചിരുന്നു. ഭക്ഷ്യസാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ രണ്ടാഴ്ചത്തെ ഇറക്കുമതിക്കുള്ള ധനം പോലും കയ്യിലില്ലാത്ത അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിലക്കയറ്റം, നാണയപ്പെരുപ്പം, കറന്റ് അക്കൗണ്ട് ഡെഫിസിറ്റ്, കാര്‍ഷികരംഗത്തെ തകര്‍ച്ച, അഴിമതി, ജിഡിപിയുടെ കുറവ്, വ്യാവസായിക മാന്ദ്യം, കയറ്റിറക്കുമതി രംഗത്തെ മോശസ്ഥിതി തുടങ്ങിയ ഗുരുതര പ്രശ്നങ്ങളായിരുന്നു 1991ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയത്.
വര്‍ത്തമാന സമ്പദ്വ്യവസ്ഥാവെളിപ്പെടുത്തല് പ്രസ്താവനയില്‍ ധനമന്ത്രി പേരെടുത്ത് ഉദ്ധരിച്ച രണ്ടു നേതാക്കള്‍ ശ്രീ അടല്‍ബിഹാരി വാജ്പേയിയും ജോര്‍ജ് ഫെര്ണാണ്ടസ്സുമായിരുന്നു. കഴിഞ്ഞ ദിവസം പൊതുമേഖലയുടെ ശോച്യാവസ്ഥയെക്കുറിച്ച് അടല്‍ജി പറഞ്ഞ കാര്യങ്ങള്‍ ഡോ.സിംഗ് അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു. മോശപ്പെട്ട കാര്‍ഷികരംഗത്തെക്കുറിച്ച്, ഭക്ഷ്യ ഉല്പാദനരംഗത്തെ തകര്‍ച്ചയേക്കുറിച്ച് താങ്കള്‍ക്കു നാണമില്ലേ എന്ന് ചോദിച്ച ഫെര്‍ണ്ണാണ്ടസ്സിന്റെ വിമര്‍ശനത്തെ അംഗീകരിച്ച് ശിരസ്സിലേറ്റുന്നതായി കോണ്‍ഗ്രസ്സ് മന്ത്രി അന്നു പറഞ്ഞിരുന്നു. ചുരുക്കത്തില്‍ 18-12-1991ലെ മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന നാലുപതിറ്റാണ്ടു നീണ്ട കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ സാമ്പത്തിക രംഗത്തെ പൂര്‍ണ്ണതകര്‍ച്ചയുടെ ഒരു ബാലന്‍സ് ഷീറ്റായിരുന്നു. കുറ്റസമ്മതം വഴി കോണ്‍ഗ്രസ്സ് സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു. ഗാന്ധിജിയെ മറന്ന് സോവിയറ്റ് മോഡല്‍ തേടിപ്പോയവര്‍ വിലയ്ക്കു വാങ്ങിയ നാണക്കേടുകൊണ്ട് തകര്‍ന്ന നാടാണ് ഇന്ത്യയെന്ന് പറയാനും പഠിപ്പിക്കാനും ആരുമുണ്ടായില്ല എന്നതാണ് നഗ്നസത്യം.
1992-1996 വരെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ആഴക്കയങ്ങളിലേക്ക് ആണ്ടുപോകാതെനോക്കാന് നരസിംഹറാവു സ്വീകരിച്ച സര്‍വായ സമീപനം സഹായിച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് ഇടതുപക്ഷ ഭരണകൂടങ്ങള്‍ക്കും നിലവിലുള്ള സ്ഥിതി തുടരുന്നതിനപ്പുറം നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ 1998ല്‍ അധികാരത്തില്‍ വന്ന ബിജെപി ഭരണകൂടത്തിന് ഒരുകൊല്ലംകൊണ്ട് സ്ഥ്തിഗതികള്‍ നേരേയാക്കാന്‍ കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ച 9%ത്തിലധികം എത്തിപ്പെട്ടു. വിദേശനാണ്യശേഖരം സര്‍വ്വകാല റെക്കോര്‍ഡ് നേടി ഉയരത്തിലെത്തിച്ചു. ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത നേടി കയറ്റുമതി ചെയ്യുന്ന അവസ്ഥയിലെത്തിച്ചു. 2000-2004 ഘട്ടത്തില്‍ വിലക്കയറ്റം ഒരു പ്രശ്നമായി പാര്‍ലമെന്റിലും നിയമസഭകളിലും ആരും ഉന്നയിച്ചിട്ടില്ലാത്ത അപൂര്‍വ്വ ചരിത്രം ഇന്ത്യയിലുണ്ടായി. കയറ്റുമതിരംഗം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്ത്യന്‍ കറന്‍സിയ്ക്ക് മുല്യം കൂടുകയും നാണയപ്പെരുപ്പം ഏറ്റവും കുറഞ്ഞ കാലഘട്ടവുമായി ചരിത്രം എന്‍ഡിഎ ഭരണത്തെ രേഖപ്പെടുത്തിയിരിക്കുന്നു.
2004ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടത് ഭരണം നഷ്ടപ്പെടുത്തി. കോണ്‍ഗ്രസ്സ്- ഇടതുകക്ഷികള്‍ പടച്ചുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടായ യുപിഎ അവതരിപ്പിച്ച 2004- 2005ലെ കന്നി ബഡ്ജറ്റില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്നകാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നാല്‍ യുപിഎയുടെ കീഴില്‍ രാജ്യം അര വ്യാഴവട്ടം പിന്നിട്ടപ്പോള്‍ സ്ഥിതിയെന്താണ് ? വിലക്കയറ്റംകൊണ്ട് രാജ്യം നട്ടം തിരിയുന്നു. ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി നാം വീണ്ടും മാറിയിരിക്കുന്നു. അഴിമതി നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചാനിരക്ക് 8 %ത്തിന് ചുറ്റും കറങ്ങുന്നു. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. നാണയപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലേക്കെത്തുന്നു. പ്രധാന മേഖലകളായ ഭക്ഷ്യ, ആണവ, എണ്ണ, കോള്‍ തുടങ്ങിയവയില്‍ ഇറക്കുമതി ആപത്കരമാംവിധം വര്‍ദ്ധിച്ചിരിക്കയാണ്. ചുരുക്കത്തില്‍ 1991ലേതുപോലെയുള്ള ഗുരുതരസാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം മുതലക്കൂപ്പു കുത്തുന്നത്.
സാമ്പത്തിക പരിഷ്കാരങ്ങള്‍ മനുഷ്യമുഖത്തോടെ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങളെല്ലാം ഒരടി മുന്നോട്ടുപോയാല്‍ നാലടി പിന്നോട്ട് എന്ന ദയനീയ സ്ഥ്തിയിലാണ് ഫലങ്ങള്‍ നല്‍കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, സുരക്ഷ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നിവയുടെ അടിസ്ഥാനത്തിലുള്ള എച്ച്ഡിഐ ഇന്‍ഡക്സ് പരിശോധിച്ചാല്‍ ഇന്ത്യയുടെ മുന്നിലായി 112 രാജ്യങ്ങള്‍ ഉള്ളതായി ആര്‍ക്കും കാണാന്‍ സാധിക്കും. 1991നേക്കാള്‍ കാര്യമായ മുന്നേറ്റമൊന്നും വര്‍ത്തമാന ഇന്ത്യയ്ക്കില്ലെന്ന് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ഇന്‍ഡക്സ് തെളിയിച്ചിരിക്കുന്നു.
ജിഡിപിയും ഇപ്പോള്‍ 2.5%ത്തിലുള്ള കറന്റ് അക്കൗണ്ട് ഡെഫിസിറ്റും നോക്കിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും താഴൊട്ടുപോയി 1991ലെ പരിതാപകരമായ അവസ്ഥയിലെത്തുന്നു എന്ന് ആര്‍ക്കും ബോധ്യമാവുന്നതാണ്. സിഎഡി ഇനിയും വരുംകാലങ്ങളില്‍ കൂടുമെന്ന് ഉറപ്പാണ്. കറന്റ് അക്കൗണ്ട് കമ്മിയുടെ വര്‍ദ്ധനവ് നല്ല കാര്യമായി ആരും തന്നെ കാണുമെന്ന് തോന്നുന്നില്ല. 24-7-1991 അന്നത്തെ ധനമന്ത്രി ഡോ.സിംഗ് “ഇന്ത്യയിലെ ജനങ്ങള്‍ രണ്ടക്ക നാണയപ്പെരുപ്പത്തിലെത്തുന്നു. ഇത് പാവപ്പെട്ടവരുടെ താല്പര്യങ്ങള്ക്ക് ഒട്ടും ഗുണകരമല്ല”. എന്‍ഡിഎ ഭരണത്തിന് കീഴില്‍ നിയന്ത്രിച്ചുനിര്‍ത്തിയ നാണയപ്പെരുപ്പം വിലക്കയറ്റം, സിഎഡി ഇപ്പോള്‍ വീണ്ടും 1991ലേതു പോലെ വീണ്ടും ഫണമുയര്‍ത്തിയാടുന്നു. സൂക്ഷിക്കുക. 1991ലെ സാമ്പത്തിക പ്രതിസന്ധി വീണ്ടും പടിവാതില്ക്കല് എത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: