പത്തനംതിട്ട : പന്തളം മെഴുവേലി സഹകരണ ബാങ്കില്‍ നിന്നും 1.15 കോടി രൂപയുടെ സ്വര്‍ണവും പണവും അപഹരിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മെഴുവേലി പത്തിശേരില്‍ പുത്തന്‍പറമ്പില്‍ വാസുദേവന്റെ മകന് ബിനു(38)വിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ ബന്ധുവീടുകളില്‍ നിന്നായി മൂന്നുകിലോ സ്വര്‍ണം പോലീസ് കണ്ടെത്തി.
നിരവധി അബ്കാരി, അടിപിടി കേസുകളിലും പ്രതിയായിട്ടുള്ള ബിനുവാണ്‍് കഴിഞ്ഞ 21 ന് നടന്ന ബാങ്ക് കവര്‍ച്ചയിലെ മുഖ്യസൂത്രധാരനെന്ന് പത്തനംതിട്ട എസ്പി കെ. ബാലചന്ദ്രന് പറഞ്ഞു. ഇയാളോടൊപ്പമുണ്ടായിരുന്നവരെ സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ്് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്ക് ലോക്കര്‍ കവര്‍ച്ച ചെയ്തതെന്ന് പോലീസ് കണ്ടെത്തി. മോഷണത്തേതുടര്‍ന്ന് പോലീസിന്റെ നീക്കത്തെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും കുറ്റവാളികള്‍ നടത്തിയിരുന്നു. വിരല്‍ അടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭ്യമാകാതിരിക്കാനും കുറ്റവാളികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ബാങ്കിന്റെ പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച ഷര്‍ട്ടാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെ ഒരു തയ്യല്‍ കടയുടെ ലേബലാണ് ഷര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ കുറ്റവാളികളെ സംബന്ധിച്ചുള്ള നിര്‍ണായക തെളിവുകള്‍ ലഭ്യമാകുകയായിരുന്നു. ബാങ്ക് മോഷണത്തിനു കവര്‍ച്ചാ സംഘം എത്തിയ വാഹനവും ഒരുമാസം മുമ്പ് മോഷണം പോയതായിരുന്നെന്നും ഇതിലെ ഡ്രൈവറുടെ ഷര്‍ട്ടാണ് ബാങ്ക് പരിസരത്തുനിന്നും ലഭിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. വാന്‍ മോഷണം പോയതായി അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ടായിരുന്നു. പിന്നീട് തെങ്കാശിയില്‍ നിന്നും ഇതേവാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിരവധി പേരെ ചോദ്യം ചെയ്ത പോലീസ് കവര്‍ച്ച നടന്ന ബാങ്കിന് സമീപം വന്നുപോയ ആളുകളെ കുറിച്ചും വാഹനങ്ങളെക്കുറിച്ചും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബിനുവിന്റെ പങ്ക് വെളിവായത്.
രണ്ടുദിവസമായാണ് കവര്‍ച്ച നടന്നത്. ആദ്യദിവസം ബാങ്കിന്റെ ഭിത്തിതുരക്കാനുള്ള ശ്രമം നേരം പുലര്‍ന്നതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. അന്നു പകല്‍ ബിനു പ്രദേശത്തു തങ്ങിയതും അന്വേഷണത്തിനു സഹായമായി. ബാങ്കിന്റെ പരിസരം കാടുമൂടി കിടക്കുന്നതും കുറ്റവാളികള്‍ക്കു തുണയായി. രണ്ടാം ദിവസമായ 21നു രാത്രിയാണ് മോഷണം പൂര്‍ത്തിയാക്കിയത്. മോഷ്ടാക്കള്‍ സ്ഥലത്ത് ഉപേക്ഷിച്ചുപോയ ഗ്യാസ് സിലിണ്ടറും അന്വേഷണത്തിനു സഹായമായി. എറണാകുളത്തെ ഗ്യാസ് ഏജന്‍സിയില്‍ നിന്നും അമ്പലപ്പുഴയിലെ ഒരു വര്‍ക്ക് ഷോപ്പിനു നല്കിയ സിലിണ്ടര്‍ മോഷ്ടിച്ചാണ് ബാങ്ക് കവര്‍ച്ചയ്ക്ക് ഉപയോഗിച്ചത്.
കവര്‍ച്ച നടന്ന ദിവസം ബാങ്കിന് സമീപമുള്ള ബന്ധുവീട്ടില്‍ രാത്രി 11 വരെ ബിനുവുണ്ടായിരുന്നതായി വീട്ടുടമ പോലീസില്‍ മൊഴി നല്കി. ഇതേത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തണ്ണിത്തോട്ടില്‍ നിന്നും ബിനുവിനെ കസ്റ്റഡിയിലെടുത്ത് കോന്നി പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.പി പറഞ്ഞു.
അടൂര്‍ ഡിവൈഎസ്പി എസ്.അനില്‍ദാസ്, പന്തളം മുന്‍ സിഐ ജയരാജ്, കോന്നി സിഐ റ്റി.റ്റി.ആന്റണി, തിരുവല്ല സിഐ സഖറിയ മാത്യു, പന്തളം സിഐ എസ്.നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഒരാഴ്ചയ്ക്കുള്ളില്‍ പ്രധാന പ്രതിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: