Categories: Business

കേരളത്തില്‍ പ്രവര്‍ത്തനം തുടരും: ആംവെ

Published by

തിരുവനന്തപുരം : എന്തു പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നു ആംവെ ഇന്ത്യ എംഡി വില്യം എസ്‌.പിങ്ക്നി. കമ്പനിക്കെതിരെ കേരളത്തില്‍ നടക്കുന്ന ദുര്‍പ്രചരണങ്ങള്‍ ആശങ്കാജനകമാണ്‌. ആന്ധ്രാപ്രദേശ്‌ പോലുള്ള സംസ്ഥാനങ്ങളില്‍ ആംവെയുടെ ബിസിനസ്‌ പരിപാടികള്‍ അടച്ചുപൂട്ടിയെന്നും ഇന്ത്യയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണു പുറത്തുള്ള വിതരണക്കാര്‍ക്കു പണം നല്‍കുന്നതെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്‌. ആംവെ ഉത്പന്നങ്ങള്‍ക്കു കേരളത്തില്‍ നിരോധനമില്ലെന്നും പിങ്ക്നി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1998ല്‍ ഇന്ത്യയില്‍ വിപണനം ആരംഭിച്ചതു മുതല്‍ സാധാരണ രീതിയില്‍ രാജ്യത്തെങ്ങും ബിസിനസ്‌ നടക്കുകയാണ്‌. കമ്പനിക്ക്‌ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ്‌ കേരളം. എന്നാല്‍ ഇപ്പോള്‍ അനാവശ്യമായ പോലീസ്‌ നടപടിയിലൂടെ സംസ്ഥാനത്ത്‌ കമ്പനിയുടെ പ്രവര്‍ത്തനം സാധ്യമാകുന്നില്ല. രാജ്യത്തെ ബിസിനസ്‌ ഉടമകളോടു തികഞ്ഞ പ്രതിബദ്ധതയുണ്ടെന്നും ഡയറക്റ്റ്‌ സെല്ലിങ്‌ ബിസിനസിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ആംവെ ഡയറക്ട്‌ സെല്ലിങ്‌ കമ്പനിയാണ്‌. മണി ചെയ്ന്‍ മാതൃകയിലല്ല പ്രവര്‍ത്തിക്കുന്നത്‌. ബിസിനസ്‌ ഉടമകള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനാണു പണം നല്‍കുന്നത്‌. അല്ലാതെ ബിസിനസിലേക്കു പുതുതായി ആളുകളെ ചേര്‍ക്കുന്നതിനല്ല. 2010ല്‍ 494 കോടി രൂപയുടെ കമ്മീഷനും ബോണസുമാണ്‌ ഇന്ത്യയിലെ വിതരണക്കാര്‍ക്കു നല്‍കിയത്‌. ഇന്ത്യയില്‍ നിന്നു ലഭിക്കുന്ന വരുമാനമത്രയും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും വിപണനത്തിനും പരസ്യത്തിനുമായി ചെലവഴിക്കുകയാണ്‌. 135 പട്ടണങ്ങളിലും നഗരങ്ങളിലും സാന്നിധ്യം ഉറപ്പിക്കാന്‍ ഇതുവഴി കഴിഞ്ഞു. 55 വെയര്‍ഹൗസുകള്‍, 11 ബ്രാന്‍ഡ്‌ എക്സ്പിരിയന്‍സ്‌ സെന്ററുകള്‍ എന്നിവയുണ്ട്‌. ഉത്പാദനം മൂന്നിരട്ടിയാക്കുന്നതിനു കരാര്‍ നിര്‍മാണശാലയില്‍ 55 കോടി രൂപ മുതല്‍മുടക്കിയിട്ടുണ്ട്‌. 2002, 2003 കാലത്തെ വില്‍ക്കാന്‍ കഴിയാത്ത ഉത്പന്നങ്ങളെക്കുറിച്ചാണ്‌ ഇപ്പോള്‍ ആംവെയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്‌. ഇക്കാര്യത്തിനായി കമ്പനിയെ സമീപിച്ചിരുന്നെങ്കില്‍ അവരുടെ പണം തിരികെ നല്‍കുമായിരുന്നു. ബിസിനസ്‌ അവസരങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും 100% പണം തിരികെ നല്‍കുമെന്ന വാഗ്ദാനമാണ്‌ ആംവെ നല്‍കുന്നത്‌. ആംവെയെ ആശ്രയിച്ചു ജീവിക്കുന്ന 40000ത്തോളം പേര്‍ കേരളത്തിലുണ്ട്‌. തങ്ങളുടെ പക്ഷം ബോധിപ്പിക്കാനുള്ള യാതൊരവസരവും നല്‍കാതെയാണ്‌ കേരളാ പോലീസ്‌ പെരുമാറിയത്‌. പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും ആംവേയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക്‌ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്‌.
ആംവെയുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവരെ കമ്പനി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ആംവെ ലീഗല്‍ ആന്റ്‌ കോര്‍പ്പറേഷന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യോഗീന്ദര്‍ സിംഗ്‌, ആംവെ സൗത്ത്‌ ഇന്ത്യാ വൈസ്‌ പ്രസിഡന്റ്‌ പങ്കജ്‌ വാസല്‍, കോര്‍പ്പറേറ്റ്‌ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ എസ്‌. വിശ്വനാഥ്‌ എന്നിവരും പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts