പാലക്കാട്: അട്ടപ്പാടി കാറ്റാടി കമ്പനിയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരംശം ആദിവാസികള്‍ക്ക് നല്‍കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പാക്കേജ് അവരുടെ സമ്മതത്തോടെയല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സുസ്ലോണ്‍ കമ്പനി സ്ഥിതിചെയ്യുന്ന നല്ലശിങ്കയും പരിസരവും സന്ദര്‍ശിച്ച് ആദിവാസികളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം എത്തിയതായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ആദിവാസികളെ പ്രതിനിധീകരിച്ച് എത്തിയ ആരുംതന്നെ ഇത്തരമൊരു പാക്കേജിന് സമ്മതം നല്‍കിയിട്ടില്ല. ആദിവാസികളുടെ താത്പര്യത്തിന് പകരം മറ്റുചില നിക്ഷിപ്തതാല്പര്യങ്ങള്ക്കും സാമ്പത്തികതാത്പര്യത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഇതിന് പിന്നിലെ ലക്ഷ്യം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനെതിരെ ബിജെപി ആദിവാസി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയോടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സെപ്തംബര്‍ മൂന്നിന് കളക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കയ്യേറ്റക്കാരുടെ കച്ചവടകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇരുമുന്നണികളും ആദിവാസികളോട് കാണിക്കുന്ന കാപട്യത്തിന്റെ യഥാര്‍ഥമുഖം ബിജെപി തുറന്നുകാണിക്കും.
വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടതുസര്‍ക്കാര്‍ കൊറിയന്‍ കമ്പനിയുമായി കരാറുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇത് റദ്ദാക്കുകയായിരുന്നു. പ്രസ്തുത കരാറിനെതിരെ ശബ്ദമുയര്‍ത്തിയ യുഡിഎഫ് ഇപ്പോള്‍ അത് പുനപരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് അവരുടെ നയവൈകല്യത്തിന് തെളിവാണ്. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് യുഡിഎഫ് ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആദിവാസികളുടെ ഭൂമി കൃത്രിമരേഖ ചമച്ച് കൈവശപ്പെടുത്തിയ അട്ടപ്പാടിയിലെ വരഗംപാടി ഊരും അദ്ദേഹം സന്ദര്‍ശിച്ചു.
ബിജെപിയെയും ആര്‍എസ്എസിനെയും സംബന്ധിച്ച് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഭാവനാവിലാസവും മാധ്യമസൃഷ്ടിയുമാണെന്ന് അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: