Categories: World

ജപ്പാന്‍ ഭരണകക്ഷി നോദയെ നേതാവായി തെരഞ്ഞെടുത്തു

Published by

ടോക്കിയോ: ജപ്പാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ധനകാര്യമന്ത്രി യോഷിഹിക്കോ നോദയെ നേതാവായി തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ആറാമത്തെ പ്രധാനമന്ത്രിയാകാന്‍ ഇതോടെ നോദക്ക്‌ വഴിയൊരുങ്ങി. വ്യവസായമന്ത്രി ബന്‍റി കൈദക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിക്കും ഭൂരിപക്ഷം കിട്ടാത്ത ആദ്യറൗണ്ട്‌ തെരഞ്ഞെടുപ്പില്‍തന്നെ നോദക്ക്‌ വിജയം ലഭിക്കുമെന്നുറപ്പായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ മുന്‍ പ്രധാനമന്ത്രി നവാട്ടോ കാന്‍ രാജി പ്രഖ്യാപിച്ചത്‌. ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള മുഖ്യ ആരോപണം. ഇന്ന്‌ നോദയെ പ്രധാനമന്ത്രിയായി പാര്‍ലമെന്റ്‌ സ്ഥിരീകരിക്കും. നോദക്ക്‌ 215 വോട്ട്‌ ലഭിച്ചപ്പോള്‍ എതിരാളി കൈദക്ക്‌ 177 വോട്ടുകളാണ്‌ ലഭിച്ചത്‌. ജനപിന്തുണ ഏറെ അവകാശപ്പെടുന്ന മുന്‍ വിദേശകാര്യമന്ത്രി സെയ്ജി മെയ്ഹറ ഒന്നാം റൗണ്ടില്‍തന്നെ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ അനുയായികള്‍ നോദയെ രണ്ടാംറൗണ്ടില്‍ സഹായിക്കുകയായിരുന്നു.

മാര്‍ച്ചിലെ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന ജപ്പാന്റെ പുനര്‍നിര്‍മാണമായിരിക്കും പ്രധാനമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴും ആണവവികിരണം നടത്തുന്ന ഫുക്കുഷിമ നിലയം സുരക്ഷിതമാക്കേണ്ടതുണ്ട്‌. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിച്ച്‌ ഒറ്റക്കെട്ടാക്കി നിര്‍ത്താനും നിശ്ചലമായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പ്രധാനമന്ത്രിക്ക്‌ കഠിന പ്രയത്നം വേണ്ടിവരും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by