Categories: Samskriti

സംഹാരം തന്നെ സൃഷ്ടിയും….

Published by

സൃഷ്ടിയും സ്ഥിതിയും സംഹാരവും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്‌. ഇതില്‍ സൃഷ്ടിയും സംഹാരവും പരസ്പരാശ്രിതവും എന്നാല്‍ നേര്‍ വിപരീതവുമാണ്‌. ഏതൊരു നാശവും മറ്റൊരു പിറവിയുടെ ആരംഭമാണ്‌. ഒന്നില്ലാതാവാതെ മറ്റൊന്നിന്‌ രൂപാന്തരപ്പെടാനാവില്ല. അഥവാ ഏതൊരു രൂപാന്തരീകരണവും ഒരവസ്ഥയുടെ നാശത്തിലൂടെ മറ്റൊന്നിന്റെ ആവിര്‍ഭാവത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. പ്രകാശത്തിന്റെ അഭാവമാണ്‌ ഇരുളെന്ന്‌ നമുക്കറിയാമല്ലോ. പ്യൂപ്പയുടെ നാശത്തോടെയാണ്‌ ശലഭങ്ങള്‍ പിറവികൊള്ളുന്നത്‌. സൃഷ്ടിപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ സംഹാരവും. ആത്യന്തികമായ അന്വേഷണത്തില്‍ ഓരോ സംഹാരവും സൃഷ്ടിയോട്‌ അഗാധമായി കടപ്പെട്ടിരിക്കുന്നു എന്നു നമുക്ക്‌ കാണാം.

എന്നോ ഒരിക്കല്‍ സംഭവിച്ച പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ മണ്‍മറഞ്ഞുപോയ ജൈവാവശിഷ്ടങ്ങളെ നാമിന്ന്‌ ഇന്ധനമായി വീണ്ടെടുക്കുകയും സൃഷ്ടിപരമായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ സൃഷ്ടികളും വേദനയിലൂടെയാണ്‌ സംഭവിക്കുന്നത്‌. ഒരു ശിലയില്‍നിന്നും ശില്‍പത്തെ വീണ്ടെടുക്കുമ്പോള്‍ ആ ശിലയില്‍ അനാവശ്യമെന്നു തോന്നുന്ന ഒട്ടേറെ ഭാഗങ്ങളെ ശില്‍പി നീക്കം ചെയ്യുന്നു. ശിലയെ സംബന്ധിച്ച്‌ അത്‌ വേദനാജനകവും നഷ്ടപ്പെടലുമാണ്‌. ഇതുപോലെതന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ അടിച്ചേല്‍പിക്കപ്പെടുന്നതും പാരമ്പര്യത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതുമായ ഒട്ടേറെ വൈകല്യങ്ങളുണ്ട്‌. ഇവയെ സംഹരിക്കാതെ അവന്‌ തന്റെ യഥാര്‍ത്ഥ ഉണ്മയില്‍ ജീവിക്കാനാവുകയില്ല. പ്രപഞ്ചത്തിലെ ഏതുകാര്യങ്ങള്‍ പരിശോധിച്ചാലും അവിടെയെല്ലാം നമുക്ക്‌ സൃഷ്ടിയുടെയും സംഹാരത്തിന്റെയും ഒരു തുലനാവസ്ഥയെ കണ്ടെത്താനാകും. എന്നാല്‍ ഇന്ന്‌ ഈ സംതുലനാവസ്ഥയ്‌ക്ക്‌ ഭംഗം സംഭവിച്ചിരിക്കുന്നു. നാശത്തിന്റെ ആസുരകാലമാണിത്‌. നന്മയുടെ അളവു കുറയുകയും തിന്മ പര്‍വ്വതാകാരം പൂണ്ട്‌ നില്‍ക്കുകയും ചെയ്യുന്നു. പ്രകൃതിക്കു മേല്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന മനുഷ്യരാശി ഈ അവസ്ഥയ്‌ക്ക്‌ പിന്നില്‍ ഒരു നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്‌. ഇവിടെ പ്രകൃതിക്ക്‌ അതിന്റെ സന്തുലിതാവസ്ഥ നിലനിറുത്തേണ്ടതുണ്ട്‌. ആ ശ്രമമാണ്‌ ദുരന്തങ്ങളായി ജീവരാശിക്കുമേല്‍ സംഭവിക്കുന്നത്‌. ഈ സംഹാരത്തെയാണ്‌ നാം ഓര്‍മ്മപ്പെടുത്തുന്നത്‌. നൂതനമായ സൃഷ്ടിയിലേക്കുള്ള ഒരു ക്ഷണംകൂടിയാണത്‌. ആസക്തിയാലും അധികാരമോഹത്താലും മലീമസമായ നമ്മുടെ വ്യക്തിത്വത്തെ നാം ഉപേക്ഷിക്കുകയും പ്രകൃതിയുടെ തനിമയെ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. സംഹാരം അനിവാര്യമായൊരു കാലഘട്ടത്തില്‍ അതിനെ സ്വാഭാവികമായിത്തന്നെ കാണേണ്ടതുണ്ട്‌. പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്ന ഒരാള്‍ക്ക്‌ സൃഷ്ടിയില്‍ സന്തോഷമോ സംഹാരത്തില്‍ ദുഃഖമോ ഉണ്ടാകുന്നില്ല. കാരണം ഇവരണ്ടും ഒരേ നാണയത്തില്‍ ഇരുവശങ്ങളാണെന്ന്‌ അയാള്‍ മനസ്സിലാക്കുന്നു. ഏതെങ്കിലും ഒരു അവസ്ഥയെക്കുറിച്ചുമാത്രം സംസാരിക്കുമ്പോള്‍ വിപരീതമായ മറ്റൊരു അവസ്ഥയെ മറക്കുന്നില്ല എന്ന സത്യം മനസ്സിലാക്കുക.

ഒരവസരത്തില്‍ നാശമെന്നു കരുതുന്ന കാര്യങ്ങള്‍ മറ്റൊരവസരത്തില്‍ നന്മയായി മാറുന്ന എത്രയോ കാഴ്ചകള്‍ നമുക്കുണ്ട്‌. രണ്ടാം ലോകമഹായുദ്ധം ജപ്പാന്റെയും ജര്‍മ്മനിയുടെയും ശാസ്ത്ര സാങ്കേതികരംഗത്തെ എത്ര ഗുണപരമായി സ്വാധീനിച്ചിരുന്നു എന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്‌. ആളുകള്‍ സംഹാരത്തെ അഥവാ മരണത്തെ ഏറെ ഭയക്കുന്നതുകൊണ്ടുതന്നെയാണ്‌ അവര്‍ സംഹാരമൂര്‍ത്തികളെ ആരാധിക്കുന്നതില്‍ തല്‍പരരായിരിക്കുന്നത്‌. എന്തിനാണ്‌ നാം സംഹാരത്തെ ഇത്രയധികം ഭയപ്പെടുന്നത്‌. യഥാര്‍ത്ഥത്തില്‍ ഒന്നും നശിക്കുകയോ പുതുതായി നിര്‍മ്മിക്കപ്പെടുകയോ ചെയ്യുന്നില്ല. ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്കുള്ള മാറ്റംമാത്രമാണ്‌ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്‌. ഈ സത്യം മനസ്സിലാക്കിയാല്‍ സൃഷ്ടിയേയും സംഹാരത്തേയും ഭേദമില്ലാതെ നമുക്ക്‌ സമീപിക്കാനാവും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by