ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമരത്തിന് ലഭിക്കുന്ന കനത്ത ജനപിന്തുണയില്‍ ജനാധിപത്യത്തിന്റെ ശക്തിയാണ് പ്രതിഫലിക്കുന്നതെന്ന് കരസേനാ മേധാവി വി.കെ.സിംഗ് അഭിപ്രായപ്പെട്ടു. അത്യന്തം ഗുരുതരമായ സംഭവവികാസങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും പക്ഷേ ഇത്തരമൊരു സാഹചര്യം ജനശക്തിയെ ഉണര്‍ത്തുവാന്‍ കാരണമായിത്തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം കനത്ത അരക്ഷിതാവസ്ഥ നിലവിലുള്ളതായാണ് കാണപ്പെടുന്നത്. ഇതിനെതിരായി ഒരു ജനകീയ സമരം ഉണ്ടാകുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്, സിംഗ് വ്യക്തമാക്കി. മുന്‍ എംപി സന്തോഷ് ഭാരതീയ സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയെ പല തലകളുള്ള ഒരു രാക്ഷസനോട് ഉപമിക്കാമെന്നും രാജ്യത്തെയൊന്നാകെ ഇത് വിഴങ്ങിയിരിക്കുകയാണെന്നും സിംഗ് അഭിപ്രായപ്പെട്ടു.
മോശം ഭരണസംവിധാനമാണ് അഴിമതിക്ക് വഴിയൊരുക്കുന്നത്. സാമൂഹിക-പാരിസ്ഥിതിക അരക്ഷിതാവസ്ഥകളില്നിന്നാണ് നക്സല്‍ പ്രസ്ഥാനം പോലും ഉറവെടുത്തത്, അദ്ദേഹം പറഞ്ഞു. രാജ്യത്തെ അപകടങ്ങളില്‍നിന്നും സംരക്ഷിക്കുവാന്‍ സേനക്കൊപ്പം പൊതുജനങ്ങളും ബാധ്യസ്ഥരാണ് ഇപ്രകാരം നോക്കുമ്പോള്‍ അഴിമതിക്കെതിരായ പൊതുജന സമരം ശുഭ സൂചനയാണ് നല്‍കുന്നത്, സിംഗ് കൂട്ടിച്ചേര്‍ത്തു. ദുഷിച്ച ഭരണസംവിധാനങ്ങള്‍ നിലനില്ക്കുന്നിടത്തോളംകാലം ജനങ്ങള്‍ അക്ഷമരായിരിക്കുമെന്നും, സാമൂഹിക തലത്തിലുള്ള ഒരു പൊളിച്ചെടുക്കല്‍ മാത്രമേ ഇതിന് പരിഹാരമായിട്ടുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: