Categories: Ernakulam

എഇഒ ഓഫീസ്‌ അധികൃതരുടെ അനാസ്ഥ: പോഷകാഹാര പദ്ധതി അവതാളത്തിലായി

Published by

ആലുവ: ആലുവ എഇ ഓഫീസ്‌ അധികൃതരുടെ അനാസ്ഥമൂലം നിര്‍ന്ധനവിദ്യാര്‍ത്ഥികള്‍ക്കുള്ള പോഷകാഹാര പദ്ധതി അവതാളത്തിലായി. സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളില്‍ നിന്ന്‌ ഉച്ചഭക്ഷണം കഴിക്കുന്ന ഒന്ന്‌ മുതല്‍ എട്ട്‌ വരെക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഴ്ചയില്‍ രണ്ട്‌ ദിവസം 150 മില്ലി ലിറ്റര്‍ പാല്‍ വീതം നല്‍കുന്ന പദ്ധതിയാണ്‌ ഇവിടെ മുടങ്ങികിടക്കുന്നത്‌. കഴിഞ്ഞവര്‍ഷം ആരംഭിച്ച പദ്ധതി ഈ അദ്ധ്യയനവര്‍ഷം ജൂലായ്‌ 12ന്‌ മുമ്പ്‌ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതനുസരിച്ച്‌ ജില്ലയിലെ 14 ഉപജില്ലകളില്‍ 13ലും കഴിഞ്ഞ മാസം തന്നെ പദ്ധതി ആരംഭിച്ചെങ്കിലും ആലുവായില്‍ മാത്രം നടപ്പായില്ല. ചില ഉപജില്ലകളില്‍ ജൂണ്‍ അവസാനവാരത്തോടെ പാല്‍വിതരണം ആരംഭിച്ചിരുന്നു. അതാത്‌ ഉപജില്ലകളിലെ എ.ഇ.ഒമാര്‍ മില്‍മ അധികൃതരുമായി സ്കൂളുകളില്‍ പാല്‍നല്‍കുന്നതിന്‌ കരാറുണ്ടാക്കുകയും ഇതനുസരിച്ച്‌ സ്കൂളിന്‌ സമീപത്തെ മില്‍മ ബൂത്തുകളിലെത്തുന്ന പാല്‍ സ്കൂള്‍ അധികൃതര്‍ ശേഖരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുകയുംചെയ്യുന്നതാണ്‌ പദ്ധതി. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ്‌ പാല്‍ വിതരണം ചെയ്തിരുന്നത്‌. ഈരീതിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച പദ്ധതി ആലുവ ഉപജില്ലയിലും ശരിയായ നിലയില്‍തന്നെ നടന്നതാണ്‌. എന്നാല്‍ ഇത്തവണ എഇഒ ഓഫീസ്‌ അധികൃതരുടെ ഭാഗത്ത്‌ പദ്ധതിക്ക്‌ വേണ്ട നടപടിയുണ്ടായില്ല. അതുമൂലം ആലുവ ഉപജില്ലയിലെ 19 സ്പെഷ്യല്‍സ്കൂള്‍ അടക്കം 98 സ്കൂളിലെ പാല്‍വിതരണമാണ്‌ മുടങ്ങികിടക്കുന്നത്‌. വിവരം തിരക്കിയെത്തുന്ന അദ്ധ്യാപകരോട്‌ ഉടന്‍ ശരിയാക്കാമെന്ന മറുപടിയാണ്‌ എഇഒ ഓഫീസ്‌ അധികാരികള്‍ നല്‍കുന്നത്‌. ചിലസ്ക്കൂളിലെ പിടിഎ ഭാരവാഹികളും രക്ഷിതാക്കളും കുട്ടികള്‍ക്ക്‌ പാല്‍ലഭിക്കാത്തതിന്‌ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരാണ്‌ കാരണക്കാരെന്ന്‌ ധരിച്ച്‌ ഇവര്‍ക്കെതിരെ തിരിയുന്നുണ്ട്‌. സംഭവം വിവാദമായതോടെ വിവിധ സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by