കൊച്ചി: മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ സാമൂഹിക പ്രതിബദ്ധതയ്ക്കും വിശ്വാസ്യതയ്ക്കും സുപ്രധാന സ്ഥാനമാണുളളതെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവമാധ്യമപ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സമ്പ്രദായത്തില്‍ നിയമനിര്‍മാണ സഭയ്ക്കും എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കുമൊപ്പമുളള സ്ഥാനമാണ് മാധ്യമങ്ങള്‍ക്കുളളത്. മറ്റു മൂന്നുഘടകങ്ങള്ക്കുമുളള നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കുണ്ടാകുന്നത് പ്രായോഗികമല്ല. പക്ഷേ സ്വയം സൃഷ്ടിക്കേണ്ടുന്ന ചില അതിരുകളില്ലാതെ മുന്നോട്ടുപോകുന്നത് അപകടകരവുമാണ്. ആ അതിര്‍വരമ്പുകള്‍ ഏതെന്നും എവിടെയെന്നും വ്യക്തതയോടെ തിരിച്ചറിയാന്‍ കഴിയുന്നതാണ് പത്രപ്രവര്‍ത്തകന്റെ വിജയം.
സമൂഹത്തിന്റെ കാഴ്ചപ്പാടിനെ വലിയ അളവില്‍ സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ചയോടെ ഈ സ്വാധീനശക്തി പലമടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. സാമൂഹികപ്രതിബദ്ധതയും സത്യസന്ധതയും ഇല്ലാത്ത റിപ്പോര്‍ട്ടിംഗ് വിനാശകരമായ ഫലം സമൂഹമധ്യത്തില്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ധാര്‍മികതയും സത്യസന്ധതയും പത്രസമൂഹത്തിന്റെ മുഖമുദ്രയാകണമെന്ന് മന്ത്രി പറഞ്ഞു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ ജോണ്‍ സാമുവല്‍ ആമുഖസംഭാഷണം നടത്തി. യുവജനക്ഷേമ സെക്രട്ടറി രാജു നാരായണ സ്വാമി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വിനോദ്, യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പി.ഫ്രാന്‍സിസ് ഡിക്രൂസ്, കൗണ്‍സിലര്‍ ഗ്രേസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
മാധ്യമധര്‍മവും മാധ്യമങ്ങളുടെ ഉത്തരവാദിത്തവും, മാധ്യമങ്ങളുടെ സ്ത്രീശാക്തീകരണ സമീപനം, ഹരിതപ്രപഞ്ചത്തിലേക്കൊരു മാധ്യമജാലകം, എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ആകാശവാണി ഡയറക്ടര്‍ കെ.എ.മുരളീധരന്, ദൂരദര്ശന് കേന്ദ്രം ഡയറക്ടര്‍ പി.കെ.സുഭാഷ്, എ.കെ.മീരാ സാഹിബ്, വീണാ ജോര്‍ജ്, മെര്‍ലി മറിയം എല്‍ദോ, മാത്യൂസ് വര്‍ഗീസ്, ഇ.പി.ഷാജുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തൊട്ടാകെയുളള 200 ല്‍പ്പരം യുവമാധ്യമപ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: