Categories: Ernakulam

രാവിലെ അപേക്ഷ നല്‍കിയാല്‍ വൈകിട്ട്‌ റേഷന്‍കാര്‍ഡ്‌: മന്ത്രി ജേക്കബ്‌

Published by

കൊച്ചി: കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ കേരളത്തിലെ സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ കെട്ടികിടന്നിരുന്ന മൂന്നു ലക്ഷം റേഷന്‍കാര്‍ഡിനുള്ള അപേക്ഷകളും പുതുതായി ലഭിച്ച രണ്ടുലക്ഷം അപേക്ഷകളും തീര്‍പ്പാക്കി പുതിയ കാര്‍ഡ്‌ ലഭ്യമാക്കിയതായി ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ്‌ പറഞ്ഞു. ഇനിമുതല്‍ രാവിലെ 11-നകം ലഭിക്കുന്ന സാങ്കേതികപ്രശ്നങ്ങളൊന്നുമില്ലാത്ത അപേക്ഷകളില്‍ അന്നു വൈകുന്നേരത്തിനകം റേഷന്‍കാര്‍ഡ്‌ ലഭ്യമാക്കും. സാങ്കേതികപ്രശ്നമുള്ള അപേക്ഷകളില്‍ നാലു പ്രവൃത്തിദിവസത്തിനകം പുതിയകാര്‍ഡ്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ശിവക്ഷേത്രമൈതാനിയില്‍ ഓണം-റംസാന്‍ മെട്രോ പീപ്പിള്‍സ്‌ ബസാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റംസാന്‍ പ്രമാണിച്ച്‌ പൊതുമേഖല സ്ഥാപനമായ മീറ്റ്‌ പ്രൊഡക്ട്സ്‌ ഓഫ്‌ ഇന്ത്യയുടെ മാംസോല്‍പ്പന്നങ്ങള്‍ വിപണിവിലയേക്കാള്‍ കുറച്ച്‌ എല്ലാ ബസാറുകള്‍ വഴിയും വിതരണം ചെയ്യും. ദാരിദ്ര്യമുക്ത കേരളമാണ്‌ ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പറഞ്ഞ മന്ത്രി അതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒരു രൂപയ്‌ക്കു അരി നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 27-നു തിരുവനന്തപുരത്തു കേന്ദ്രമന്ത്രി എ.കെ.ആന്റണി നിര്‍വഹിക്കും. എ.എ.വൈ.കാര്‍ഡുടമകളായ ആറുലക്ഷം പേര്‍ക്കു പ്രതിമാസം 35 കിലോ അരിയും ഇത്തരത്തില്‍ വിതരണം ചെയ്യുമെന്ന്‌ മന്ത്രി പറഞ്ഞു.

എക്സൈസ്‌ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ ടോണി ചമ്മിണി ആദ്യവില്‍പ്പന നടത്തി. എം.എല്‍.എ.മാരായ ബെന്നി ബഹനാന്‍, ലൂഡി ലൂയീസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. സപ്ലൈകോ സി.എം.ഡി. എം.എസ്‌.ജയ സ്വാഗതവും ജനറല്‍ മാനേജര്‍ പി.എം.അലി അസ്ഗര്‍ പാഷ നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ അഞ്ചു കോര്‍പറേഷനുകളിലാണ്‌ മെട്രോ ബസാറുകള്‍ തുടങ്ങിയിട്ടുള്ളത്‌. ഇവിടെ നിന്നും 1000 രൂപയില്‍ താഴെയല്ലാതെയുള്ള എല്ലാ വാങ്ങലുകള്‍ക്കും പ്രത്യേക സമ്മാനപദ്ധതിയും ഏര്‍പ്പെടുത്തിയട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by