ചാവക്കാട് : ബോംബ് നിര്‍മ്മാണത്തിനിടെ നാലംഗസംഘത്തെ പോലീസ് പിടികൂടി. കരുവന്തലയില്‍ നിന്നാണ് വെങ്കിടങ്ങ് സ്വദേശി നാരായണപറമ്പത്ത് അനില്‍കുമാര്‍ (44), കരുവന്തല കുന്തറ കണ്ണന് (22), അന്തിക്കാട് ആലിങ്ങല്പ്പടി മാങ്ങാട്ടുകര സുധീഷ്കുമാര്‍ (29), ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പള്ളിപ്പറമ്പില്‍ പ്രവീണ്‍ എന്നിവരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പോലീസ് അസി.കമ്മീഷണര്‍ ആര്.കെ.ജയരാജന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കൊലപാതകത്തിനായി ബോംബുണ്ടാക്കുന്നതിനിടയിലാണ് പ്രതിയായ അനില്‍കുമാറിന്റെ വീടിന്റെ മുകള്‍ ഭാഗത്ത് മുറിയില്‍ നിന്നും സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും വാള്, ഇരുമ്പ് പൈപ്പ്, നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനാവശ്യമായ വെടിമരുന്ന്.
കുപ്പിച്ചില്ല്, വെള്ളാരംകല്ല്, പ്ലാസ്റ്റിക് നൂല് എന്നിവയും മുളകുപൊടിയും മണലും ചേര്‍ന്ന മിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ രണ്ടാംപ്രതിയായ സുധീഷ്കുമാറിന്റെ ശത്രുവായ ആമ്പല്ലൂര്‍ സ്വദേശി ഗോപി എന്ന സ്വര്‍ണ പണിക്കാരനെ കൊലപ്പെടുത്തുന്നതിനാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഒന്നാം പ്രതിയായ അനില്‍കുമാറിനെതിരെ പാവറട്ടി സ്റ്റേഷനിലും സുധീഷ്കുമാറിനെതിരെ കാട്ടൂര്‍, മതിലകം, വാടാനപ്പിള്ളി, ചാവക്കാട്, വലപ്പാട്, തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ പിടിച്ചുപറി, കൊലപാത ശ്രമം തുടങ്ങിയ നിരവധി കേസുകള്‍ ഉണ്ട്. മൂന്നാം പ്രതിയായ കണ്ണനെതിരെ വലപ്പാട് സ്റ്റേഷനിലും നാലാം പ്രതി പ്രവീണിനെതിരെ അന്തിക്കാട് സ്റ്റേഷനില്‍ ഒരു കൊലപാതക കേസും നിലവിലുണ്ട്. കേസില്‍ മറ്റു പ്രതികള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഗുരുവായൂര്‍ സി.ഐ. സി.കെ.സുനില്‍കുമാര്‍, ഗുരുവായൂര്‍ എസ്.ഐ.ശ്രീജിത്ത്, പാവറട്ടി എസ്.ഐ. ലിപ്പിനി, എ.എസ്.ഐ. സജീവന്, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ പോലീസ് അംഗങ്ങളായ എ.എസ്.ഐ. ഫിലിപ്പ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡേവീസ്, കൃഷ്ണകുമാര്‍, ഗോപാലകൃഷ്ണന്, പളനിസ്വാമി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: