Categories: Vicharam

കാന്‍സറുകള്‍ക്കൊരു കവാടം

Published by

കേരളത്തെ ആഗോള വികസന മോഡല്‍ എന്ന്‌ അമര്‍ത്യസെന്‍ വിശേഷിപ്പിച്ചത്‌ ഇവിടെ നിലനിന്നിരുന്ന ആരോഗ്യ സൂചികകള്‍ക്കൂടി കണക്കിലെടുത്തായിരുന്നു. വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം, കുറയുന്ന ശിശുമരണവും പ്രസവത്തില്‍ അമ്മമാരുടെ മരണവും പോഷകാഹാരം മുതലായവയായിരുന്നു ഈ സൂചികകള്‍. ഇന്ന്‌ അമര്‍ത്യാസെന്‍ കേരളത്തെ വികസന മോഡല്‍ എന്നുപോലും വിശേഷിപ്പിക്കുന്നില്ല.

കേരളം ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ ആസ്ഥാനമാണ്‌. പലവിധ പനികളും മറ്റും കാരണം രോഗഗ്രസ്തമാണ്‌. പക്ഷെ ആശങ്കപ്പെടുത്തുന്നത്‌ കേരളത്തില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗവും ജീവിതശൈലീ രോഗങ്ങളുമാണ്‌. തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 65,000 പേരാണ്‌ കാന്‍സര്‍ ചികിത്സ തേടിയെത്തിയത്‌. ഈ കണക്കില്‍ പ്രതിവര്‍ഷ വര്‍ധനയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. 90 ശതമാനം കാന്‍സറും ഒരു ജീവിത ശൈലീ രോഗം തന്നെയാണ്‌. കാന്‍സര്‍ ചികിത്സാ വിദഗ്‌ദ്ധനായ ഡോ.ഗംഗാധരന്‍ മഞ്ഞുമ്മല്‍ പള്ളിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ സെമിനാറില്‍ നിരത്തിയ കണക്കുകള്‍ പ്രകാരം 50 ശതമാനം കാന്‍സറും പുകയില ഉപയോഗം മൂലമാണെന്നും 20-30 ഭക്ഷണ രീതി മൂലമുണ്ടാകുന്നതാണെന്നും പറയുകയുണ്ടായി. ഫാസ്റ്റ്‌ ഫുഡ്‌ ശീലമാക്കുന്ന മലയാളിയുടെ പോഷകാഹാര ഉപയോഗം കുറഞ്ഞതും പച്ചക്കറി-പഴ ഉപയോഗം കുറഞ്ഞതും കാന്‍സര്‍ വരാന്‍ കാരണമാകുന്നുണ്ട്‌. ഫാസ്റ്റ്‌ ഫുഡില്‍ അധികവും ഇറച്ചി ചേര്‍ത്താണ്‌ കഴിക്കുക. ഭക്ഷണത്തിലും നമ്മുടെ മാംസ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്‌. ഹാനികരമായ കൊഴുപ്പ്‌ ഒഴിവാക്കേണ്ടതാണ്‌. കേരളത്തില്‍ ഓരോ വര്‍ഷവും 35,000 കാന്‍സര്‍ രോഗബാധിതര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം പുകയില നിരോധിച്ചിട്ടുള്ള കേരളത്തില്‍, പുകവലി വ്യാപകമാകുന്നതിനാലാണ്‌. പുകവലി മാത്രമല്ല പുകയില ചവയ്‌ക്കുന്നതും പാന്‍മസാലകള്‍ ഉപയോഗിക്കുന്നതും കാന്‍സര്‍ ഉണ്ടാക്കുന്നുവത്രെ. 15 ശതമാനം സ്ത്രീകളെങ്കിലും പുകയില ഉപയോഗംകൊണ്ട്‌ കാന്‍സര്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്‌. ദിനംപ്രതി വര്‍ധിക്കുന്ന മദ്യോപയോഗവും വ്യാപകമായ കീടനാശിനി പ്രയോഗവും കാന്‍സറിന്‌ കാരണമാകുന്നു. മദ്യം വായിലും ഫാറിങ്ക്സിലും ഈസോഫാഗസിലും കരളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. കുട്ടികളില്‍ പാന്‍പരാഗ്‌ ഉപയോഗം അപകടം ക്ഷണിച്ചു വരുത്തുന്നു എന്ന്‌ നിരന്തരം ചൂണ്ടിക്കാണിക്കുമ്പോഴും സ്കൂള്‍ പരിസരത്ത്‌ പെട്ടിക്കടകളിലെ പാന്‍മസാല, പാന്‍പരാഗ്‌ നിരോധിക്കാനോ സര്‍ക്കാര്‍ തയ്യാറല്ല. ഇപ്പോള്‍ പാന്‍പരാഗില്‍ മയക്കുമരുന്നും കുപ്പിച്ചില്ല്‌ പൊടിച്ച്‌ ചേര്‍ത്തതും വരെയുണ്ട്‌. ചില്ല്‌ പൊടി ഉണ്ടാക്കുന്ന മുറിവുകളിലെ രക്തസ്രാവം ലഹരി വേഗം പടരാന്‍ കാരണമാണ്‌.

പുകയില ഉപയോഗം വായിലും മോണയിലും കാന്‍സര്‍ ഉണ്ടാക്കുന്നു. തൈറോയിഡ്‌ കാന്‍സറും ഇന്ന്‌ വര്‍ധിക്കുന്നുണ്ട്‌.

കാന്‍സര്‍ തടയാന്‍ ഏറ്റവും ആവശ്യം അത്‌ നേരത്തെ കണ്ടുപിടിക്കപ്പെടണം എന്നതാണ്‌. വായിലോ നാക്കിലോ അസാധാരണമായ മുഴയോ വേദനയോ അനുഭവപ്പെട്ടാല്‍ പരിശോധനാ വിധേയമാക്കണം. 22 വര്‍ഷംമുമ്പ്‌ കാന്‍സര്‍ ബാധിച്ച്‌ ഇപ്പോള്‍ പൂര്‍ണ രോഗവിമുക്തയായ എനിക്കുപോലും രണ്ടാം സ്റ്റേജിലാണ്‌ കാന്‍സര്‍ കണ്ടുപിടിക്കാനായത്‌. എനിക്ക്‌ കാന്‍സര്‍ വരില്ല എന്ന വിശ്വാസത്തില്‍ നടുവേദനയും മറ്റു വന്നപ്പോള്‍ ഞാന്‍ ആയുര്‍വേദ ചികിത്സയാണ്‌ ചെയ്തത്‌. ഒടുവില്‍ രക്തസ്രാവം കണ്ടപ്പോള്‍ ഡോക്ടറെ സമീപിച്ചപ്പോഴാണ്‌ അറിയുന്നത്‌ ഗര്‍ഭപാത്രത്തില്‍ വലിയ ടൂമര്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു എന്ന്‌. എന്റെ അശ്രദ്ധയും അമിത വിശ്വാസവുമാണ്‌ അപകടത്തിന്‌ കാരണമായത്‌.

ഡോ.ഗംഗാധരന്‍ പറയുന്നത്‌ സ്തനാര്‍ബുദം തടയാന്‍സ്ത്രീകള്‍ സ്വയം സ്തന പരിശോധന നടത്തുന്നത്‌ ഒരു ദൈനംദിന രീതിയാക്കണമെന്നാണ്‌. എങ്ങനെ ഇത്‌ ചെയ്യണം എന്ന്‌ ഡോക്ടറോട്‌ ചോദിച്ച്‌ ശീലമാക്കണം. സ്ത്രീകളുടെ വൈകുന്ന വിവാഹം, വൈകുന്ന പ്രസവം, മുലയൂട്ടാതിരിക്കുക മുതലായതും കാന്‍സറിന്‌ കാരണമാകാന്‍ സാധ്യതയുണ്ട്‌. സ്ത്രീകളില്‍ ഗര്‍ഭാശയം, സ്തനം, സെര്‍വിക്സ്‌ ഓവറി മുതലായവയിലാണ്‌ കാന്‍സര്‍ അധികം കണ്ടുവരുന്നത്‌. പച്ചക്കറി ഉപയോഗം കുറയുന്നതും പച്ചക്കറികളില്‍ അടിക്കുന്ന കീടനാശിനികളും കാന്‍സര്‍ ഉണ്ടാക്കുന്നു. കീടനാശിനി നിരോധം ദുരുപയോഗം ഉണ്ടായിട്ടുപോലും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല.

കാന്‍സര്‍ ചികിത്സയ്‌ക്കും ആവശ്യമായ ഡോക്ടര്‍മാര്‍പോലും സംസ്ഥാനത്തില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്‌ക്ക്‌ മെച്ചപ്പെട്ട സംവിധാനങ്ങളാണ്‌ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്‌. പക്ഷെ കാന്‍സര്‍ ചികിത്സയ്‌ക്ക്‌ മൂന്ന്‌ ഡോക്ടര്‍മാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. ഇവരില്‍ ഒരാള്‍ വിദേശത്തേയ്‌ക്കും മറ്റൊരാള്‍ സ്വകാര്യ മേഖലയിലേയ്‌ക്കും പ്രവേശിച്ചതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ചെലവുകുറഞ്ഞ ചികിത്സ തേടി എത്തുന്ന ദരിദ്രരായ രോഗികളെ പരിശോധിക്കാനും ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഒരേ ഒരു ഡോക്ടര്‍ ആണുള്ളതത്രെ. കാന്‍സര്‍ ചികിത്സ ഭാരിച്ച ചെലവുള്ളതാണ്‌. ഇങ്ങനെ വരുന്ന നൂറുകണക്കിന്‌ രോഗികള്‍ക്ക്‌ ഡോക്ടറെ കാണാന്‍പോലും പറ്റാതെ തിരിച്ചുപോകേണ്ട ഗതികേടാണ്‌ ഉള്ളത്‌. തികച്ചും അനാഥരും നിസ്സഹായരുമായ സ്ത്രീകള്‍ വളരെ ദൂരസ്ഥലങ്ങളില്‍നിന്നും യാത്ര ചെയ്തുവന്നു. വൈകിട്ട്‌ വരെ ഇരുന്ന്‌ ഡോക്ടറെ കാണാന്‍ പോലും സാധിക്കാതെ മടങ്ങേണ്ടിവരുന്നു എന്നതും വിരല്‍ ചൂണ്ടുന്നത്‌ സര്‍ക്കാരിന്റെ അനാസ്ഥയിലേയ്‌ക്കാണ്‌.

റേഡിയേഷനും കാന്‍സറിന്‌ കാരണമാകുന്നുണ്ട്‌. പ്രത്യേകിച്ചും തുടര്‍ച്ചയായ മൊബെയില്‍ ഫോണ്‍ ഉപയോഗം തലച്ചോറിനേയും ചെവികളെയും പിന്‍കഴുത്തിനേയും എല്ലാം ദോഷകരമായി ബാധിക്കും. ഇന്നത്തെ തലമുറ മാത്രമല്ല, മുതിര്‍ന്നവരും ഇതിനടിമകളാണ്‌. മൊബെയില്‍ ഉപയോഗിക്കുമ്പോള്‍ ചെവിയോട്‌ ചേര്‍ത്ത്‌ വയ്‌ക്കരുതെന്നും കിടക്കുമ്പോള്‍ തലയിണ കീഴിലോ സമീപത്തോ വയ്‌ക്കരുതെന്നുമാണ്‌ ഡോ.ഗംഗാധരന്‍ നിര്‍ദ്ദേശിക്കുന്നത്‌.

കാന്‍സര്‍ ചികിത്സാ വിദഗ്ധരുടെ അഭാവം കേരളത്തില്‍ ഒരു പ്രതിസന്ധിതന്നെയാണ്‌. 1200 റേഡിയോഗ്രാഫര്‍മാര്‍, 600 റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകള്‍, 300 റേഡിയേഷന്‍ ഫിസിസിറ്റ്സ്‌, 300 സര്‍ജന്‍ എന്നിവര്‍ കൂടുതലായി വേണമെന്ന്‌ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ചികിത്സാ രംഗത്തെ പ്രതിസന്ധിയാണ്‌ വെളിപ്പെടുന്നത്‌. സര്‍ക്കാര്‍ ശമ്പളം തൃപ്തികരമല്ലെന്ന കാരണത്താല്‍ സ്വകാര്യ മേഖലയിലേക്ക്‌ പോകുന്നവരും അവധിയില്‍ പ്രവേശിച്ച്‌ വിദേശത്ത്‌ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ചികിത്സാരംഗത്തെ പ്രതിഭാസമായി തുടരുന്നു. വൈദ്യപഠനത്തിന്‌ വളരെയധികം പണം ചെലവഴിക്കേണ്ടിവരുമ്പോള്‍ ചികിത്സ സേവനമല്ല, മറിച്ച്‌ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണെന്ന ചിന്ത ഉയരുക സ്വാഭാവികമായിരിക്കാം..

കാന്‍സര്‍ എന്നാല്‍ മരണം എന്നല്ല അര്‍ത്ഥമെന്ന്‌ ഡോ.ഗംഗാധരന്‍ അടിവരയിട്ട്‌ പറയുന്നു. കാന്‍സര്‍ തരണം ചെയ്ത ഞാനും അത്‌ വിശ്വസിക്കുന്നു. കേരളത്തില്‍ ദിനംതോറും നാലുപേര്‍ റോഡപകടത്തില്‍ മരിക്കുമ്പോള്‍ രണ്ടുപേര്‍ കാന്‍സര്‍മൂലം മരണമടയുന്നു. കാന്‍സറിനെ കൃത്യസമയത്ത്‌ ലഭിക്കുന്ന ചികിത്സയും ആത്മവിശ്വാസവുംകൊണ്ട്‌ മറികടക്കാന്‍ സാധ്യമാണ്‌.

ജീവിതശൈലീ രോഗങ്ങള്‍ പടരുന്നത്‌ നമ്മള്‍ പിന്തുടര്‍ന്നിരുന്ന ഭക്ഷണ ശൈലിയില്‍നിന്ന്‌ വ്യതിചലിച്ച്‌ അമിത കൊഴുപ്പടങ്ങിയ, അനാരോഗ്യകരമായ രീതിയില്‍ തയ്യാറാക്കുന്ന ഫാസ്റ്റ്‌ ഫുഡ്‌ കഴിക്കുന്നതിനാലാണ്‌. പച്ചക്കറി-പഴം ഉപയോഗം കുറയുന്നതും രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കേരളത്തിലെ വര്‍ധിച്ചുവരുന്ന മലിനീകരണമാണ്‌ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന മറ്റൊരു ഭീഷണി. മദ്യോപയോഗത്തിലും മറ്റു പലതിലും പാശ്ചാത്യാനുകരണ ഭ്രമം കാണിക്കുന്ന മലയാളിയുടെ ജീവിതശൈലി മാറ്റത്തിന്‌ സമയമായി എന്നാണ്‌ പ്രതിവര്‍ഷം 35,000 പേര്‍ കാന്‍സര്‍ ബാധിതരാകുന്നത്‌ തെളിയിക്കുന്നത്‌.

ലീലാമേനോന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by