Categories: Kerala

ഓണംവിപണി: കേരളത്തിലേക്ക്‌ പാല്‍ എത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍

Published by

കോഴിക്കോട്‌: ഓണം വിപണി ലക്ഷ്യമിട്ട്‌ കര്‍ണ്ണാടകത്തില്‍ നിന്ന്‌ കേരളത്തിലേക്ക്‌ പാലെത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍.കൂടുതല്‍ പാല്‍ നല്‍കണമെന്ന മില്‍മയുടെ ആവശ്യത്തോട്‌ കര്‍ണ്ണാടക മില്‍ക്ക്‌ ഫെഡറേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ്‌ കാരണം. ഓണം നാളില്‍ കേരളത്തില്‍ പാലിന്റെ ആവശ്യം ഇരട്ടിയാകും. പ്രതിദിനം 12 ലക്ഷം ലിറ്റര്‍വരെ വില്‍പ്പനയുണ്ടാകും. പൂരാടം, ഉത്രാടം, തിരുവോണം നാളില്‍ ഇത്‌ 18 ലക്ഷം വരെയാകും.
കേരളത്തില്‍ മില്‍മക്ക്‌ തദ്ദേശീയമായി സംഭരിക്കാനാകുന്ന പാല്‍ ഇപ്പോള്‍ ആറ്‌ ലക്ഷം ലിറ്ററാണ്‌. ഓണം നാളില്‍ ഒരുലക്ഷം ലിറ്റര്‍കൂടി അധികം സംഭരിച്ചേക്കും. ബാക്കിയുള്ള പാല്‍ കൊണ്ടുവരുന്നത്‌ പ്രധാനമായും കര്‍ണ്ണാടകയില്‍ നിന്നാണ്‌. പ്രതിദിനം നാല്‌ ലക്ഷത്തോളം ലിറ്ററാണ്‌ ഇപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്ന്‌ ഇവിടേക്കെത്തുന്നത്‌.

ഈ ഓണത്തിന്‌ പതിവായി തരുന്നതിന്റെ ഇരട്ടിയെങ്കിലും പാല്‍ നല്‍കണമെന്നാണ്‌ മില്‍മ കര്‍ണ്ണാടകയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ ഇതിനനുകൂലമായി കര്‍ണ്ണാടക മില്‍ക്ക്‌ ഫെഡറേഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേരളത്തിന്‌ നല്‍കുന്നതിനേക്കാള്‍ മെച്ചപ്പെട്ട വിലക്ക്‌ പാല്‍ കര്‍ണ്ണാടക ഇപ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്നുമുണ്ട്‌. അതിനാല്‍ കേരളത്തിന്റെ ആവശ്യത്തോട്‌ അവര്‍ക്ക്‌ വലിയ താല്‍പ്പര്യമല്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

സംസ്ഥാനത്ത്‌ പാല്‍വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട്‌ സര്‍ക്കാര്‍ വിമുഖത കാട്ടിയത്‌ മില്‍മയുടെ ഉല്‍സാഹം കെടുത്തിയതായാണ്‌ സൂചന. വിലവര്‍ദ്ധന വിഷയമിപ്പോള്‍ കോടതിയുടെ പരിഗണനയിലുമാണ്‌.

വിപണിയില്‍ പാലിന്റെ ആവശ്യം കൂടിയതോടെ, സ്കൂളുകളില്‍ പാല്‍ നല്‍കുന്നത്‌ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മില്‍മ നിര്‍ത്തി. അടുത്തമാസം 19വരെ സ്കൂളില്‍ പാല്‍ നല്‍കേണ്ടെന്നാണ്‌ തീരുമാനം. ആഴ്ചയില്‍ നാല്‌ ദിവസമായി നാല്‌ ലക്ഷം ലിറ്റര്‍ പാലാണ്‌ മില്‍മ സ്കൂളിന്‌ നല്‍കുന്നത്‌.

എം.കെ.രമേഷ്കുമാര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by