ആലുവ: നാര്‍ക്കോട്ടിക് സെല്‍ പോലീസ് വിഭാഗം ആലുവയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്ന് പരാ തി. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ഏറെപേരും മയക്കുമരുന്നിന് അടിമകളാണ്. മയക്കുമരുന്ന് വിപണനവും ഇവരുടെ തൊഴിലാണ്. ആലുവ പോലീസ് സ്റ്റേഷന് രണ്ടാക്കി വിഭജിച്ചുവെങ്കിലും വേണ്ടത്ര പോലീസിനെ ഇവിടേയ്ക്ക് നിയോഗിച്ചിട്ടില്ല. ആലുവ പാലസിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുമായി നത്യേന വിഐപി കളുടെ ഒഴുക്കേറുന്നതിനാല്‍ ഇവരുടെ സുരക്ഷയ്ക്കും മറ്റുമായി കൂടുതല്‍ പോലീസിനെ വിന്യസിക്കേണ്ടതായി വരികയാണ്. ആലുവയില്‍ സംസ്ഥാനന്തര കുറ്റവാളികള്‍വരെ തമ്പടിക്കുന്ന പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്ത് സിറ്റിക്ക് തുല്യമായ പോലീസിന്റെ വിന്യാസം ഇവിടെ അനിവാര്യമാണ്. ആലുവ നഗത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുവാന്‍ വലിയൊരു പരിധിവരെ കഴിയണമെങ്കില്‍ പോലീസിന്റെ നിരന്തരമായ റോന്തുചുറ്റല്‍ രാപ്പകല്‍ അനിവാര്യമാണ്. അന്യ സംസ്ഥാന തൊഴിലാളികളില്‍ ഏറെയും മയക്കുമരുന്ന് ഉപയോഗിച്ച് പട്ടാപ്പകല്‍ വരെ പരസ്പരം വഴക്കടിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്നാഴ്ചക്കിടെ രണ്ടുപേരാണ് ഇത്തരത്തില്‍ തമ്മിലടിച്ച് മരണമടഞ്ഞത്. കടത്തിണ്ണകളിലും മറ്റുമായി കിടന്നുറങ്ങുന്ന സ്ത്രീകള്‍വരെ മയക്കുമരുന്നിനും അടിമകളാണ്. ആലുവ നഗരത്തില്‍ മാത്രം പരസ്യമായി അഭിസാരികവൃത്തിയിലേര്‍പ്പെട്ടിട്ടുള്ള 40 ഓളം സ്ത്രീകളുണ്ട്. ഇവരെ പിടികൂടി പോലീസ് കോടതിയില്‍ ഹാജരാക്കാറുണ്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും അഭിസാരികവൃത്തിയില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. ഇവരില്‍ ഏറെപ്പേരും ആലുവയ്ക്ക് പുറത്തുള്ളവരാണ്. ഇതിനു മുമ്പ് ആലുവയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒരു പോലീസ് ഓഫീസര്‍ ഇത്തരം സ്ത്രീകളെ പിടികൂടി എല്ലാദിവസവും സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ വച്ചിരുന്നു. ഇത് പതിവാക്കിയപ്പോള്‍ ഇതില്‍നിന്നും മോചനം നേടാന്‍ സ്റ്റേഷനില്‍ ആളുകളെത്തുമ്പോള്‍ ഉറക്കെ കരഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്തിരുന്നത്. ഇതേതുടര്‍ന്നാണ് ഈ രീതി ഉപേക്ഷിച്ചത്. നഗരത്തിലേക്ക് മാത്രമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാല്‍ നഗരം കേന്ദ്രീകരിക്കുന്ന സാമൂഹ്യദ്രോഹികളെ വലിയൊരു പരിധിവരെ അമര്‍ച്ചചെയ്യുവാന്‍ കഴിയും. വനിതാസെല്‍ ആലുവായില്‍ ഉണ്ടെങ്കിലും ഇവരുടെ സാന്നിദ്ധ്യവും നഗരത്തില്‍ കാര്യമായരീതിയില് ഉണ്ടാകുന്നില്ല. നഗരത്തിന്റെ പല പ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ നര്‍ത്തനമാടുകയാണ്. സന്ധ്യമയങ്ങിയാല്‍ നഗരത്തിലെ ചില ഇടുങ്ങിയ വഴികളില്‍ വഴിവിളക്കുകള്‍ തകര്‍ത്ത് ഇരുട്ടാക്കി അവിടെവച്ചാണ് ബൈക്കിലും ഓട്ടോറിക്ഷയിലുമെത്തി മയക്കുമരുന്ന് കുത്തിവയ്ക്കുന്നത്. അടുത്തിടെ പറവൂര്‍ കവലയില്‍ സ്പിരിറ്റ് പിടിച്ചപ്പോള്‍ ഓട്ടോറിക്ഷക്കാരില്‍ ചിലരും സ്പിരിറ്റ് കഞ്ചാവ് മാഫിയയ്ക്ക് ഒപ്പമാണെന്ന് കണ്ടെത്തുകയുണ്ടായി. പരമാവധി അംഗബലമുണ്ടാക്കാന്‍ യൂണിയനുകള്‍ മത്സരിക്കുന്നതിനാല്‍ ഓട്ടോറിക്ഷക്കാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്ക്കാന് ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവരികയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: