പാപ പുണ്യങ്ങളെ മറികടന്ന് എങ്ങനെ ഈശ്വരസാക്ഷാത്കാരം നേടാം എന്നാണ് എല്ലാവരുടേയും ചോദ്യം. ദൈവത്തിന് നിരക്കാത്തജീവിതം കൊണ്ട് തന്റെ മേല്‍ ഈശ്വരനാകെ കോപിച്ചിരിക്കുകയാണ്. ഈശ്വരകോപം മൂലം താനൊരു പാപിയായിപ്പോയല്ലോ എന്നാണ് വിലാപം. ഈശ്വരന് ആരെയും ശപിക്കുന്നില്ല എന്നതാണ് വസ്തുത. ഇത്തരം തെറ്റിദ്ധാരണകളും അജ്ഞതകളും മാറ്റിവച്ചിട്ട് യഥാര്‍ത്ഥ ജ്ഞാനം അല്ലെങ്കില്‍ ഈശ്വാരാധീനം എങ്ങനെ കൈവരിക്കണമെന്ന് ആലോചിക്കണം. ഈശ്വരന് ആര്‍ക്കും പാപവും പുണ്യവും വീതിച്ചുനല്‍കുന്നില്ല. ഓരോത്തരുടേയും കര്‍മഫലങ്ങള്‍ തന്നെയാണ് പാപപുണ്യങ്ങളുടെ സൃഷ്ടാവ്. ഈശ്വരസാമീപ്യംകൊണ്ട് പാപഫലങ്ങള്‍ കുറയുന്നു. ഈശ്വരന്റെ സമീപമെത്താനുള്ള വഴിയെക്കുറിച്ച് ആലോചിക്കണം.
ഈശ്വരസാക്ഷാത്കാരത്തിന് ഒരു ഗുരു വേണം. ഈശ്വരനെ തേടുന്ന നാമോരോരുത്തരും ശിഷ്യന്മാരാണ്. ജ്ഞാനമാണ് നമ്മള് തേടുന്നത്. ആ ജ്ഞാനം നമ്മുടെ പുണ്യത്തെ വര്‍ദ്ധിപ്പിക്കുകയും പാപത്തെ തുടച്ചുനീക്കുകയും ചെയ്യുന്നു. ജ്ഞാനം നേടാന്‍ ഗുരുവേണം. ഗുരുവിന്റെ കൈപിടിച്ചുകൊണ്ടായിരിക്കണം ആത്മാവിന്റെയും ആത്മ#ീയരഹസ്യങ്ങളുടെയും നിഗൂഡതയിലേയ്ക്ക് നാം ഇറങ്ങിച്ചെല്ലേണ്ടത്. കൃഷ്ണനും ബുദ്ധനുമൊക്കെ ഗുരുശിഷ്യബന്ധത്തിലൂന്നിയായിരുന്നു ആത്മീയതയുടെ നാമറിയാത്ത രഹസ്യങ്ങള്‍ പകര്‍ന്നത്.
ഗുരുശിഷ്യബന്ധം ഭാരതീയപാരമ്പര്യത്തില്‍ ആത്മീയതയുടെ നെടുംതൂണായി നിലകൊള്ളുന്നു. സ്വജീവിതം തന്നെ സമര്‍പ്പിച്ചുകൊണ്ടാണ് ശിഷ്യന് ഗുരുവിനെ അറിയുന്നത്. തന്നിലേക്കുള്ള അന്വേഷണം ഗുരുവിലെത്തിനില്ക്കുന്നു. അവിടന്ന് ഗുരുവാണ് വഴി നയിക്കുന്നത്. സ്വന്തം പ്രയത്നത്താല്‍ നേടേണ്ട ഒന്നാണ് ഗുരുശിഷ്യബന്ധത്തിലെ ആത്മീയത. ആത്മീയഗ്രന്ഥത്തില്‍ നിന്നും ഗ്രഹിക്കാവുന്ന തത്വശാസ്ത്രമല്ല ഇത്. ജീവനില്‍ അന്തര്‍ഗതമായിരിക്കുന്ന കര്മസ്വഭാവത്തെയും ജീവന്റെ തന്നെ പ്രത്യേക അവസ്ഥാവിശേഷത്തെയും വെളിപ്പെടുത്തുന്ന ഒന്നാണ് ഗുരുശിഷ്യബന്ധത്തിലെ ആത്മീയശാസ്ത്രം.
ഓരോ ചലനത്തിലും പ്രതിചലനമുണ്ടെന്ന് ശാസ്ത്രം പഠിപ്പിക്കുന്നു. അങ്ങനെയാണെങ്കില്‍ ശാരീകമായ ഓരോചലനവും നമ്മുടെ ഉള്ളിലടങ്ങിയിരിക്കുന്ന ആന്തരീകചൈതന്യത്തിന്റെ ബഹിര്‍സ്ഫുരണമായി കണക്കാക്കാം. അപ്പോള്‍ ഈ പ്രപഞ്ചത്തിന്റെ സകലതും ചൈതന്യത്തിന്റെ വിവിധ അവസ്ഥാവിശേഷങ്ങളും ബഹിര്‍സ്ഫുരണങ്ങളുമാണ്. എല്ലാ ജീവജാലങ്ങളും അതാതിന്റേതായ സവിശേഷതകളോടുകൂടി പ്രപഞ്ചത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഓരോ ശരീരങ്ങളിലും പ്രകടമാകുന്ന ഈ ചൈതന്യവിശേഷംമാറ്റത്തിന് വിധേയമാണ്. പ്രകൃതിയില്‍ ദൈവത്തിന്റെ ഇച്ഛയായി അവശേഷിക്കുന്ന ഈ നിയമത്തിന് മനുഷ്യനും വിധേയമാണ്.അഷ്ടരാഗങ്ങള്‍ നിറഞ്ഞതും ചിന്തിക്കാന്‍ കെല്പുള്ള മൃഗമെന്നാണ് ഭാരതീയചിന്ത മനുഷ്യനെ നിര്‍വചിക്കുന്നത്. ചിന്ത എന്നത് മനുഷ്യനെപ്പറ്റിയുള്ള ബോധമാണ്. ഇപ്പോള്‍ നടക്കുന്നതും കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ അവസ്ഥാവിശേഷങ്ങളെക്കുറിച്ചുള്ള ചിന്ത. ചൈതന്യത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള ബോധം. ഈ പരിമാണത്തെയാണ് ജ്ഞാനം അല്ലെങ്കില്‍ ആത്മാസാക്ഷാത്കാരം എന്ന് പറയുന്നത്. ഈ പഠനസ്വഭാവത്തിന് ഭാരതീയപാരമ്പര്യത്തില്‍ ഉപനിഷദ് എന്ന് വിളിക്കപ്പെടുന്നു. താന്‍ പേറിയ ഓരോ ഗുണവിശേഷങ്ങളുടെ പാതയിലൂടെ പ്രപഞ്ചത്തിലുള്ള ഓരോ ചരാചരങ്ങളും ഈ പരിമാണചക്രത്തില്ക്കൂടി കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. ഓരോ ജന്മത്തിലും ആര്‍ജ്ജിച്ച കര്‍മവാസനകളാണ് ജീവനെ വ്യത്യസ്തമാക്കുന്നതും പരിമിതപ്പെടുത്തുന്നതും.
യഥാര്‍ത്ഥ ആത്മീയത ജീവനെ ഈ പരിമിതികളില്‍ നിന്നും മോചനപ്പെടുത്തുന്നതായിരിക്കണം.ജീവനിലുള്ള വൈപരീത്യസ്വഭാവങ്ങളെ വേര്‍പ്പെടുത്തുവാന്‍ ഒരാള്‍ ബോധപൂര്‍വം ശ്രമിക്കണം. ബോധപൂര്‍വമായ ഈ പരിശ്രമത്തെയാണ് ധര്‍മം എന്ന് വിളിക്കുന്നത്. ഗുരുവാണ് ധര്‍മത്തിന്റെ അധികാരിയായി നിലകൊള്ളുന്നത്. ദേവാവസ്ഥയ്ക്കും കോടിക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആത്മീയഅവസ്ഥാതലം ആയിരിക്കും അത്. അങ്ങനെയുള്ള മഹാത്മാവിന്റെ കരം പിടിച്ചുനടക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ആന്തരീകയാത്ര ആരംഭിക്കുന്നത്.
ഗുരുവിന്റെ സമീപമിരുന്ന് ജീവന്റെ രഹസ്യങ്ങളെ ഗുരുമുഖത്തുനിന്നും കേട്ട് പഠിക്കുന്നു. ജീവിതത്തിലെ സുഖദുഃഖങ്ങളും വിജയപരാജയങ്ങളും നന്മയും തിന്മയും തിരിച്ചടികളുമെല്ലാം ഗുരുവിനൊടുത്ത് പങ്കുവെയ്ക്കുന്നു. തല്‍ക്ഷണം അനുഭവവേദ്യമാകുന്ന ഈ ആത്മീയാനുഭവം തന്നെയാണ് ഈ കാലഘട്ടത്തന് ആവശ്യം. ഇപ്രകാരമുള്ള എല്ലാ കര്‍മങ്ങളുടെയും ധര്‍മങ്ങളുടെയും രഹസ്യം അനുഭവിച്ചറിയുകയും അതേസമയം അതില്‍നിന്നെല്ലാം അതീതനായിരിക്കുകയും ചെയ്യുന്ന ആത്മജ്ഞാനി ആയിരിക്കുകയും ചെയ്യും.
സനാതനധര്‍മം അങ്ങനെയുള്ള ഒരു ഗുരുവിനെ ബ്രഹ്മമായി ദൈവമായി കണക്കാക്കുന്നു. മനുഷ്യകുലത്തെ മനുഷ്യന് ദേവന് ഋഷി സന്യാസി ജ്ഞാനി ഭക്തന് എന്നീ ആത്മീയവസ്ഥകള് കടത്തിവിടുന്നത് ഇത്തരം ഗുരുക്കന്മാരാണ്. ഇപ്രകാരമുള്ള ഗുരുവിനെ കിട്ടിയവന് ജീവന്റെ പരിമിതികളെ ഭേദിച്ച് ഈശ്വരസായുജ്യം തേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: