ന്യൂദല്‍ഹി: പെട്രോള്‍ വില അമേരിക്കയിലേതിനേക്കാള്‍ ഇന്ത്യയില്‍ കൂടുതലാണെന്ന് പെട്രോളിയം സഹമന്ത്രി ആര്.പി.എന്‍. സിങ് അറിയിച്ചു. അമേരിക്കയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 42.82 രൂപയാണ്. എന്നാല്‍ ദല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 63. 70 രൂപ നല്‍കണം.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയാണ് ഇന്ത്യയിലെ വില വര്‍ദ്ധനവിന് കാരണമെന്ന് ആര്.പി.എന്‍ സിങ് വ്യക്തമാക്കി. നികുതി ഒഴിവാക്കിയാല്‍ ദല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 23. 37 രൂപയാകും.
അയല്‍രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും ഇതാണ് അവസ്ഥ. പാക്കിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളീന്റെ വില 41.81 രൂപയാണ്. ശ്രീലങ്കയില്‍ 50.30 രുപയും. ബംഗ്ലാദേശില്‍ 44.80 രൂപയും നേപ്പാളില്‍ 63.24 രൂപയുമാണ്.
എന്നാല്‍ യൂറോപ്പിലെ അവസ്ഥ വിഭിന്നമാണ്. ഇന്ത്യന്‍ രൂപയുടെ അടിസ്ഥാനത്തില്‍ ഇവിടെ പെട്രോള്‍ വില കൂടുതലാണ്. ഫ്രാന്‍സ്-94.97 രൂപ, ജര്‍മനി- 95.99 രൂപ, യു.കെ- 96.39 രൂപ, ഇറ്റലി- 96.79 രൂപ. എന്നാല്‍ ഡീസലിന്റെ വില അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്.
ദല്‍ഹിയില്‍ ഡീസലിന് 41.29 രൂപയാണ്. നികുതി ഒഴിവാക്കിയാല്‍ 24.90 രൂപയാകും. എന്നാല്‍ ശ്രീലങ്ക (34.37 രൂപ) , ബംഗ്ലാദേശ് (27.32 രൂപ) എന്നിവിടങ്ങളില്‍ ഇതിലും താഴ്ന്ന നിരക്കിലാണ് ഡീസല്‍ വില്‍ക്കുന്നത്. അമേരിക്കയില്‍ 45.84 ഉം ഫ്രാന്‍സില്‍ 69.97 ഉം ജര്‍മനിയില്‍ 72.54 ഉം രൂപയാണു വില.
എന്നാല്‍ പാചകവാതക വിലക്കുറവിന്റെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. 14.2 കിലോ സിലിണ്ടര്‍ പാചകവാതകത്തിനു 399 രൂപയാണ് ഈടാക്കുന്നത്. പാക്കിസ്ഥാനില്‍ 757.04 രൂപയും ശ്രീലങ്കയില്‍ 863.40 രൂപയും ബംഗ്ലാദേശില്‍ 819. 60 രൂപയുമാണ്. മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും സര്‍ക്കാര്‍ നല്കുന്ന സബ്സിഡിയാണ് വിലക്കുറവിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: