Categories: Ernakulam

ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി വിതരണം നടത്തണം

Published by

അങ്കമാലി: കാലടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി കാലടി ടൗണില്‍ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക്‌ പോസ്റ്റുകളും ലൈനുകളും നീക്കം ചെയ്ത്‌ ഭൂഗര്‍ഭ കേബിളുകള്‍ വഴി വൈദ്യുതിവിതരണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ അഡ്വ.ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ഈ പ്രദേശങ്ങളിലേക്ക്‌ കയറി നില്‍ക്കുന്ന ഇലക്ട്രിക്‌ പോസ്റ്റുകളും ലൈനുകളും ഗതാഗതക്കുരുക്ക്‌ ഉണ്ടാക്കുന്നതുമൂലവും അപകടസാധ്യത വര്‍ധിപ്പിക്കുന്നതുമൂലവും ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി വിതരണം സുഗമമാക്കി ഗതാഗതക്കുരുക്കും അപകടസാധ്യതയും കുറയ്‌ക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദിനും പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനും അഡ്വ.ജോസ്‌ തെറ്റയില്‍ എംഎല്‍എ നിവേദനം നല്‍കി.

കെഎസ്ടിപി റോഡ്‌ നിര്‍മാണം നടത്തിയെങ്കിലും ദീര്‍ഘവീക്ഷണമില്ലാതെയും അശാസ്ത്രീയമായും റോഡ്‌ നിര്‍മാണം നടത്തിയതിനാല്‍ ഇലക്ട്രിക്‌ പോസ്റ്റുകള്‍ റോഡില്‍നിന്ന്‌ മാറ്റി സ്ഥാപിക്കുവാന്‍ സാധ്യമല്ലാതെ വന്നിരിക്കുകയാണ്‌. ഈ വസ്തുത കണക്കിലെടുത്ത്‌ ടൗണ്‍ പ്രദേശത്തെ ഇലക്ട്രിക്‌ പോസ്റ്റുകള്‍ മാറ്റി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുക മാത്രമാണ്‌ ഏക പോംവഴി. കൊച്ചി നഗരത്തിലും മറ്റും ഇത്തരത്തില്‍ ഭൂഗര്‍ഭകേബിളുകള്‍ സ്ഥാപിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്‌. ഈ സൗകര്യം അങ്കമാലി ടൗണിലും കാലടി ടൗണിലും സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

ആദി ശങ്കരന്റെ ജന്മഭൂമിയായ കാലടിയില്‍ എത്തുന്ന സ്വദേശികളും വിദേശികളുമായ തീര്‍ത്ഥാടകര്‍ക്കും പ്രശസ്ത അന്താരാഷ്‌ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍-കുരിശുമുടി, വിനോദസഞ്ചാരമേഖലകളായ മണപ്പാട്ടുചിറ, മഹാഗണിത്തോട്ടം കോടനാട്‌ ആന വളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ നിരവധിപേര്‍ പോകുന്നതുമൂലം കാലടി ജംഗ്ഷനില്‍ വന്‍ ഗതാഗതകുരുക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. ഇതുമൂലം ജംഗ്ഷനിലെ വികസനം വഴിമുട്ടി നില്‍ക്കുകയാണ്‌. വൈദ്യുതിപോസ്റ്റുകളും ലൈനുകളും മറ്റും മാറി ഭൂഗര്‍ഭകേബിളുകള്‍ വഴി വൈദ്യുതി വിതരണം നടത്തിയാല്‍ ഇതിനെല്ലാം പരിഹാരമാകുമെന്നും അഡ്വ.ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by