കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ ആക്രമിച്ച നടപടി വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമെന്ന് വിലയിരുത്തല്‍. ആഗസ്റ്റ് 21 ന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിലേക്കുള്ള ശോഭായാത്ര ആണ് അക്രമിക്കപ്പെട്ടത്. ശോഭായാത്ര ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ നാസര്‍ ശോഭായാത്രയിലേക്ക് ബൈക്കോടിച്ചു കയറ്റിയത്. തുടര്‍ന്ന് ശോഭായാത്ര കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നവരെ കുറ്റ്യാടി ടൗണില്‍ വെച്ചും ആക്രമിച്ചു. അക്രമത്തില്‍ പരുക്കേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
തുടര്‍ന്ന് കുളങ്ങരത്ത്,ചേലക്കാട് എന്നിവിടങ്ങളില്‍ വ്യാപകമായ ആക്രമണം നടന്നു. ചേലക്കാട് സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചു. ബസ് പൂര്‍ണ്ണമായും തകര്‍ത്തു. ഓരോരുത്തരുടേയും പേരുചോദിച്ചായിരുന്നു അക്രമം. ബസ് പെട്രോളൊഴിച്ച് കത്തിക്കാനുള്ള ശ്രമം പോലീസ് സംഘം എത്തിയതിനാല്‍ വിഫലമായി. തലനാരിഴകൊണ്ടാണ് ജീവന് രക്ഷപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷപ്രദേശമായ ചേലക്കാട് ടൗണില്‍ നിരന്തരമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ആക്രമിക്കുന്ന സംഭവം നിത്യേനയെന്നോണം നടക്കുന്നു. കുറ്റ്യാടി അക്രമം നടന്ന് ഏതാനും നിമിഷങ്ങള്‍ക്കകമാണ് ചേലക്കാട് ടൗണില്‍ അക്രമികള്‍ സംഘടിച്ച് ആക്രമണത്തിന് മുതിര്‍ന്നത്. ബോംബുനിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായി 5 മുസ്ലിംയുവാക്കള്‍ മരണപ്പെട്ടത് ഇതിനടുത്തുള്ള നരിക്കാട്ടേരിയിലാണ്.
നാദാപുരം മേഖലയില്‍ പ്രശസ്തമായ രീതിയില്‍ നടക്കുന്ന സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ എം.കെ.വിനോദ്കുമാര്‍ ആക്രമിക്കപ്പെട്ടു. ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ പൂര്‍ണ്ണമായും തകര്‍ത്തു.
നാദാപുരം മേഖലയില്‍ വ്യാപകമായി നടക്കുന്ന സി.പി.എം, ലീഗ് എന്‍ഡിഎഫ് സംഘര്‍ഷങ്ങള്‍ക്ക് യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുതിയമാനം കൈവന്നിരിക്കുകയാണ്. ക്ഷേത്രഉത്സവങ്ങളും ശോഭായാത്രകളും അസഹിഷ്ണുതയോടെ ആക്രമിക്കുന്ന ശൈലിയിലേക്ക് അത് വളര്‍ന്നിരിക്കുന്നു. പോലീസിനെ നിഷ്ക്രിയമാക്കിയാണ് അക്രമം അരങ്ങേറുന്നത്.
ശോഭായാത്ര ആക്രമിക്കപ്പെടുമ്പോള്‍ കുറ്റ്യാടി ടൗണില്‍ വിരലിലെണ്ണാവുന്ന പോലീസ് മാത്രമാണുണ്ടായിരുന്നത്. ശോഭായാത്രയില്‍ ബൈക്ക് ഇടിച്ചു കയറ്റിയ നിസാര്‍ രക്ഷപ്പെട്ടത് പോലീസിന്റെ നിലപാട് മൂലമാണ്. ശോഭായാത്ര കഴിഞ്ഞ് തിരിച്ചുപോകുന്നവരെ ആക്രമിച്ചസംഘം മുസ്ലിംപള്ളിയില് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ച് പോലീസ് സംഘത്തെക്കൊണ്ട് അറസ്റ്റു ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു. ഡെയ്ഞ്ചര്‍ ബോയ്സ് എന്ന പേരില്‍ കുറ്റ്യാടി ടൗണില്‍ അറിയപ്പെടുന്ന അക്രമിസംഘത്തില്പെട്ടയാളാണ് നാസറെന്ന് പറയപ്പെടുന്നു.
കുറ്റ്യാടി ഗവ. ഹോസ്പിറ്റലിലെ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് നാസര്‍. എന്നാല്‍ നാസറെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യറായില്ല. നാസറെ അറസ്റ്റുചെയ്യണമന്നും അല്ലാത്തപക്ഷം അയാള്‍ രക്ഷപ്പെടുമെന്നും കുറ്റ്യാടി സി.ഐ. യ്ക്ക് രാഷ്ട്രീയ-സംഘടനാനേതാക്കള്‍ സൂചനനല്കിയിട്ടും പോലീസ് ചെവിക്കൊണ്ടില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: