ന്യൂദല്‍ഹി: അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ ബില്‍ വേണമെന്ന ആവശ്യവുമായി അണ്ണാഹസാരെ നടത്തുന്ന നിരാഹാര സത്യഗ്രഹം രാജ്യത്തുടനീളം തരംഗമാകുമ്പോള്‍ ഹസാരെക്കെതിരായ പരാമര്‍ശങ്ങളുമായി പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ് രംഗത്തെത്തി. ദി ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തിലാണ് അരുന്ധതി തനിക്ക് ഹസാരെയോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
വേദനാജനകമായ ദേശീയതയാണ് ഹസാരെയുടെ സത്യഗ്രഹത്തിന്റെ മുഖമുദ്രയെന്ന് ഇവര്‍ ലേഖനത്തില്‍ പറയുന്നു. നേരത്തെ എഴുതി തയ്യാറാക്കപ്പെട്ട തിരക്കഥയുടെ ഭാഗമാണ് ഹസാരെ നടത്തുന്ന നിരാഹാരമെന്നും രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേരില്‍ ഇത്തരമൊരു സംഭവം അരങ്ങേറുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും അരുന്ധതി കുറ്റപ്പെടുത്തുന്നു. ഒരു ഗാന്ധിയന്‍ എന്ന നിലയില്‍ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കാന്‍ പാടുള്ളതല്ലെന്നും ശക്തമായ ഒരു ലോബിയുടെ പിന്തുണ ഹസാരെക്കുണ്ടെന്ന് കരുതുന്നതായും ലേഖനം വ്യക്തമാക്കുന്നു. സര്‍വാധികാരമുള്ള കേന്ദ്രീകൃത ഓംബുഡ്സ്മാന്‍ എന്ന ഹസാരെയുടെ സങ്കല്‍പ്പത്തെക്കുറിച്ചറിഞ്ഞാല്‍ ഗാന്ധിജിവരെ സ്തബ്ധനാകുമെന്നും അദ്ദേഹം അധികാരവികേന്ദ്രീകരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.
ഹസാരെ ഗാന്ധി മാര്‍ഗത്തില്‍ സമരം നടത്തുമ്പോഴും അതിന് ഒരു ആഘോഷത്തിന്റെ സ്വഭാവം വരുന്നുണ്ട്. ആളുകള്‍ കൂട്ടംകൂടി നിന്ന് ചൊല്ലുന്ന ദേശഭക്തിഗാനങ്ങള്‍ക്കും ദേശീയ വികാരം തിളപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും ഈ തോന്നല്‍ ഇല്ലാതാക്കാന്‍ കഴിയുന്നില്ല, അരുന്ധതി പറയുന്നു.
യഥാര്‍ത്ഥത്തില്‍ അണ്ണാഹസാരെ എന്ന ഈ പുതിയ വിശുദ്ധന്‍ ആരാണ്? ജനങ്ങളുടെ പ്രതിനിധിയാണോ, ഇദ്ദേഹം മഹാരാഷ്‌ട്രയിലെ അഴിമതിക്കാര്‍ക്കെതിരെ എന്തുകൊണ്ട് ശബ്ദമുയര്‍ത്തുന്നില്ല, ലേഖനം ചോദിക്കുന്നു. ഇതോടൊപ്പം ലേഖനത്തില്‍ മാവോവാദികളുടെ ആവശ്യങ്ങളേയും ലോക്പാല്‍ ബില്ലിനുള്ള ആവശ്യത്തെയും അരുന്ധതി താരതമ്യം ചെയ്യുന്നുണ്ട്. മാവോവാദികളുടെ രക്തരൂഷിത വിപ്ലവത്തെ ന്യായീകരിച്ചുകൊണ്ടും കാശ്മീര്‍ പ്രശ്നത്തിലും അരുന്ധതി നേരത്തെ നടത്തിയ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു.
ഇതിനിടെ അണ്ണാഹസാരെ നടത്തുന്ന നിരാഹാര സത്യഗ്രഹത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ആവശ്യവുമായി മുസ്ലീം-ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്തെത്തി. അഴിമതിക്ക് തങ്ങള്‍ എതിരാണെങ്കിലും ഹസാരെയുടെ സമര രീതിയോട് യോജിപ്പില്ലെന്നാണ് കാത്തലിക് മൂവ്മെന്റ് മുന്‍ പ്രസിഡന്റ് രാകേഷ് സിംഗ് പറയുന്നത്. ഇതുകൂടാതെ ദല്‍ഹി ജുമമസ്ജിദിലെ ഇമാമായ സെയ്ദ് അഹമ്മദ് ബുഖാരി സമരത്തില്‍ അണിനിരക്കരുതെന്നും സമരവേദിയില്‍ പോകരുതെന്നും മുസ്ലീങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഹസാരെ മതേതരനല്ലെന്നും ഇദ്ദേഹം സമരത്തിനിടെ ഉയര്‍ത്തുന്ന വന്ദേമാതരം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളോട് എതിര്‍പ്പുണ്ടെന്നുമാണ് ഇമാം പറഞ്ഞിരിക്കുന്നത്. മുസ്ലീങ്ങള്‍ രാജ്യത്തെ മാതാവോ പിതാവോ ആയി ആരാധിക്കുന്നില്ല. ആയതിനാല്‍ മതത്തിന്റെ അടിസ്ഥാന തത്വത്തിനെതിരായ സമരത്തില്‍ പങ്കെടുക്കാനാകില്ല അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളെ സത്യഗ്രഹത്തില്‍ പങ്കെടുപ്പിക്കാന്‍ ഹസാരെ തയ്യാറായില്ലെന്നും ഇമാം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: