ഡമാസ്കസ്: സിറിയയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും ഇതില്‍ ഇടപെടാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് മുന്നറിയിപ്പ് നല്കി. പ്രക്ഷോഭകാരികള്‍ക്കെതിരായ അസദ് ഭരണകൂടത്തിന്റെ സമീപനം മയപ്പെടുത്തണമെന്നുള്ള ആവശ്യം ആഗോളതലത്തില്‍ ശക്തമായ സാഹചര്യത്തില്‍ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അസദ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് മാസമായി തുടരുന്ന സിറിയന്‍ പ്രക്ഷോഭത്തിനിടെ രണ്ടായിരത്തോളം പൗരന്മാര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭകാരികളെ സൈനികശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുന്ന അസദിന്റെ നയത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ പേരും പറഞ്ഞ് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നുഴഞ്ഞുകയറാനുള്ള ശ്രമമാണ് പാശ്ചാത്യരാജ്യങ്ങള്‍ നടത്തുന്നതെന്നാണ് അസദിന്റെ വാദം. കലാപത്തിന്റെ മറവില്‍ അക്രമകാരികള്‍ രാജ്യത്ത് വിളയാട്ടം നടത്തുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നുമാണ് അസദ് അവകാശപ്പെടുന്നത്. എന്നാല്‍ നിരപരാധികളായ പൗരന്മാരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുന്ന അസദിനെ സ്ഥാനഭ്രംശനാക്കണമെന്നതാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: