Categories: Ernakulam

സംസ്കൃത സര്‍വകലാശാലയിലെ ശ്രീ ശങ്കരമഹോത്സവം 26ന്‌ തുടങ്ങും

Published by

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തിയോടനുബന്ധിച്ചുള്ള ശ്രീശങ്കരമഹോത്സവം വിപുലമായ പരിപാടികളോടെ 26,27 തീയതികളില്‍ ആഘോഷിക്കും. ശ്രീശങ്കര മഹോത്സവത്തിന്റെയും ദേശീയ സെമിനാറിന്റേയും ഉദ്ഘാടനം 26ന്‌ പത്തുമണിക്ക്‌ സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ.ജെ.പ്രസാദ്‌ നിര്‍വഹിക്കും. പ്രൊ.വൈസ്‌ ചാന്‍സലര്‍ ഡോ.എസ്‌.രാജശേഖരന്‍ അദ്ധ്യക്ഷനായിരിക്കും. സര്‍വകലാശാലയിലെ വിവിധ എന്‍ഡോവ്മെന്റ്‌ പുരസ്കാരങ്ങള്‍ വൈസ്‌ ചാന്‍സലര്‍ സമ്മാനിക്കും. നൃത്ത വിഭാഗം മേധാവി ഡോ.സി.വേണുഗോപാലന്‍നായരുടെ ഭരതനാട്യത്തിലെ മുദ്രകള്‍ എന്ന ഗ്രന്ഥത്തിന്റെയും വേദവിഭാഗം തയ്യാറാക്കിയതും ഡോ.സി.എം.നീലകണ്ഠന്‍, ഡോ.കെ.എ.രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു എഡിറ്റു ചെയ്തതുമായ പ്രിസര്‍വേഷന്‍ ടെക്നിക്ക്‌ ഓഫ്‌ ദ ഋഗ്‌വേദ ചാന്റിംഗ്‌ ഓഫ്‌ കേരള എന്ന ഗ്രന്ഥത്തിന്റെയും പ്രകാശനവും ഉദ്ഘാടനച്ചടങ്ങില്‍ നടക്കും. ജാദവ്പൂര്‍ സര്‍വകലാശാല റിട്ടയേര്‍ഡ്‌ ഫിലോസഫി പ്രൊഫസറും ഐസിപിആര്‍ മെമ്പറുമായ പ്രൊഫ. പി.കെ.മുഖോപാദ്ധ്യായ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. രജിസ്ട്രാര്‍ ഡോ.കെ.രാമചന്ദ്രന്‍ , കണ്‍വീനര്‍ ഡോ.സി.എം.നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിക്കും.

ശ്രീശങ്കര മഹോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി ദേശീയ സെമിനാറാണ്‌. “ഭാരതീയ തത്വചിന്താ പാരമ്പര്യത്തിലെ സൈദ്ധാന്തിക ചര്‍ച്ചകള്‍: വിച്ഛേദം, അനുസ്യൂതി, സാധ്യതകള്‍” എന്നതാണ്‌ വിഷയം. ന്യായം വൈശേഷികം, സാംഖ്യം യോഗം വേദാന്തം തുടങ്ങിയ ഭാരതീയ ദര്‍ശനങ്ങളില്‍ സൈദ്ധാന്തിക ചര്‍ച്ചകള്‍ എങ്ങനെയെല്ലാം പുരോഗമിച്ചിരുന്നു എന്നും അവക്ക്‌ എവിടെയെല്ലാം വിച്ഛേദം സംഭവിച്ചു എന്നും ആധുനിക കാലഘട്ടത്തിന്‌ അനുസൃതമായി സംവാദങ്ങളെ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകാമെന്നും രണ്ടു ദിവസത്തെ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ബംഗളൂരുവില്‍ നിന്ന്‌ ഡോ.സി.പ്രഹ്ലാദാചാര്‍, ഹൈദരാബാദില്‍ നിന്ന്‌ ഡോ.ശ്രീപാദസുബ്രഹ്മണ്യം, തിരുപ്പതിയില്‍ നിന്ന്‌ ഡോ.വിരൂപാക്ഷ റെഡ്ഡിപാല്‍, ചെന്നൈയില്‍നിന്ന്‌ ഡോ.ആര്‍.ത്യാഗരാജന്‍, എം.ജി.യൂണിവേഴ്സിറ്റി വൈസ്‌ ചന്‍സലര്‍ ഡോ.രാജന്‍ ഗുരുക്കള്‍, കോഴിക്കോട്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഡോ.ടി.വി.മധു, ഡോ.എം.വി.നാരായണന്‍ തുടങ്ങിയവര്‍ സെമിനാറില്‍ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കനകധാരാ ഓഡിറ്റോറിയം, കൂത്തമ്പലം എന്നീ വേദികളില്‍ രണ്ടു ദിവസം സന്ധ്യക്ക്‌ സംഗീത നൃത്ത തിയേറ്റര്‍ വിഭാഗങ്ങളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, സംഗീത സുധ, ഭരതനാട്യം, മോഹിനിയാട്ടം, സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയുടെ സ്വതന്ത്രാവിഷ്കാരം, വേദാന്ത വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിനി അപര്‍ണാനങ്ങ്യാരുടെ നങ്ങ്യാര്‍കൂത്ത്‌ എന്നിവ അരങ്ങേറും.

സര്‍വകലാശാലയില്‍ ശ്രീശങ്കര ജയന്തി ഈ വര്‍ഷം രണ്ടു ഘട്ടങ്ങളിലായാണ്‌ ആഘോഷിക്കുന്നത്‌. ആദ്യഘട്ടം മെയ്‌ 7,8 തീയതികളില്‍ ഉദ്ഘാടനം, ശ്രീ ശങ്കര അനുസ്മരണ പ്രഭാഷണം, കലാപരിപാടികള്‍, ശ്രീശങ്കര പ്രതിമക്കു മുന്നില്‍ മുഴുവന്‍ ദിന വിദ്വല്‍സദസ്സ്‌ എന്നിവയോടുകൂടി ആഘോഷിച്ചു. പരിപാടികളുടെ രണ്ടാം ഘട്ടമാണ്‌ 26,27 തീയ്യതികളില്‍ നടക്കുന്നതെന്ന്‌ കണ്‍വീനര്‍ ഡോ.സി.എം.നീലകണ്ഠന്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by