Categories: Ernakulam

പിറവത്ത്‌ വള്ളംകളിയും അത്തച്ചമയഘോഷയാത്രയും

Published by

കൊച്ചി: ചിങ്ങ മാസത്തിലെ ഓണത്തിനോടനുബന്ധിച്ച്‌ പിറവം പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്‌ വിപുലമായ ഒരുക്കങ്ങളായി. 31ന്‌ അത്തച്ചമയ സാംസ്കാരിക സായാഹ്ന ഘോഷയാത്രയും, സെപ്റ്റംബര്‍ നാലിന്‌ പിറവം ജലോത്സവത്തോടനുബന്ധിച്ച്‌ വള്ളംകളിയും നടക്കും. 15വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ പിറവത്ത്‌ വള്ളംകളി നടക്കുന്നത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തൊട്ട്‌ പിറവം പുഴയില്‍ ആരംഭിച്ചതാണെങ്കിലും നീണ്ട ഒരു ഇടവേളയ്‌ക്കുശേഷം പിറവം പഞ്ചായത്ത്‌ സമിതി വള്ളം കളി പുനരാരംഭിച്ചിരിക്കുകയാണ്‌. ചുണ്ടന്‍ വള്ളങ്ങളുടേയും എ ഗ്രേഡ്‌, ബി ഗ്രേഡ്‌ വള്ളങ്ങളുടേയും മത്സരങ്ങളുമായാണ്‌ പുനരാരംഭിക്കുന്നത്‌. വള്ളം കളിയോടനുബന്ധിച്ച്‌ വാട്ടര്‍ സ്കീയിംഗ്‌ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്‌.

കെ.കരുണാകരന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടി ചുണ്ടന്‍വള്ളങ്ങളും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉമാദേവി അന്തര്‍ജനം എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടി എ ഗ്രേഡ്‌ വെള്ളങ്ങളും, ടി.എസ്‌.മാത്യു താണിക്കുന്നേല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടി ബി ഗ്രേഡ്‌ വള്ളങ്ങളും മത്സരിക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.എം.ജേക്കബ്‌ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്‌, ജോസ്‌ കെ.മാണി എംപി, എംഎല്‍എമാരായ ബെന്നി ബഹന്നാന്‍, ജോസഫ്‌ വാഴയ്‌ക്കന്‍, ഹൈബി ഈഡന്‍, മോന്‍സ്‌ ജോസഫ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, മുന്‍ എംഎല്‍എ, വി.ജെ.പൗലോസ്‌ എം.ജെ.ജേക്കബ്‌ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു കെ.ജേക്കബ്‌ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ നടന്‍ ലാലു അലക്സിനെയും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറത്തെയും ആദരിക്കും.

31ന്‌ വൈകുന്നേരം നാലിനാണ്‌ അത്തച്ചമയ സാംസ്കാരിക സായാഹ്ന ഘോഷയാത്ര നടക്കുന്നത്‌. പിറവം സെന്റ്‌ ജോസഫ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന്ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മന്ത്രി ടി.എം.ജേക്കബ്‌ ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര ജോസ്‌ കെ.മാണി എംപി ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു കെ.ജേക്കബ്‌ അദ്ധ്യക്ഷത വഹിക്കും. ഘോഷയാത്രയില്‍ വിവിധ ദൃശ്യനാട്യ കലാരൂപങ്ങളും വാദ്യമേളങ്ങളും ടാബ്ലോയും പ്രച്ഛന്നവേഷവും അണിനിരക്കും, സെപ്റ്റംബര്‍ ആറിന്‌ വൈകുന്നേരം സൈനോജ്‌ കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഗാനമേള അവതരിപ്പിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by