കൊച്ചി: അഞ്ചുമന ദേവീക്ഷേത്രത്തിലെ ഗോപുരസമര്‍പ്പണം സെപ്തംബര്‍ 2ന് നടക്കും. പത്മപാദുകത്തോടുകൂടിയ പഞ്ചവര്‍ഗ്ഗത്തറ, ഗജവ്യാളി, സാലഭഞ്ജിക എന്നീ രൂപത്തോടുകൂടിയതും അലങ്കാരപ്പണിയുള്ളതുമായ 16 തൂണുകള്‍, ഭീമാകാരമായ കട്ട്ല എന്നിവ നാഗര്‍കോവിലിലെ മയിലാടി എന്ന പ്രദേശത്തുനിന്നുകൊണ്ടുവന്ന കൃഷ്ണശിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ചുമന ക്ഷേത്രഗോപുരത്തിന്റെ സവിശേഷതയായ വായ്ക്കകത്ത് ഗളത്തോടുകൂടിയ 12 അടി ഉയരമുള്ള ഗജവ്യാളി രൂപത്തിലുള്ള കരിങ്കല്തൂണ് കേരളത്തിലെ മറ്റൊരു ക്ഷേത്രഗോപുരത്തിലും കാണാന്‍ സാധിക്കുകയില്ല. കൃഷ്ണശിലയില്‍ നിര്‍മിച്ച പത്മപാദുകം താമരയിതളില്‍ ഗോപുരം നില്ക്കുന്ന പ്രതീതി ജനിപ്പിക്കുന്നു. ശില്പി ചെങ്ങന്നൂര്‍ മഹേഷ് പണിക്കരുടെ നേതൃത്വത്തിലായിരുന്നു ഗോപുര നിര്‍മാണം.
താഴത്തെ നിലയില്‍ മയില്‍ പറന്നിറങ്ങുന്ന രൂപം കൊത്തിയിരിക്കുന്ന 74 അലസിക്കഴുക്കോലുകളും മുകളിലത്തെ നിലയില്‍ 52 കഴുക്കോല് കൂട്ടവുമുണ്ട്. കുണ്ടന്നൂര്‍ ശ്രീധരന് ആലപ്പാട്ടിനായിരുന്നു മരപ്പണിയുടെ ചുമതല. ഗോപുരത്തിനകത്തുനിന്നും മുകളിലേക്കു നോക്കിയാല്‍ സൂര്യരശ്മികളുടെ പ്രതീതി ജനിപ്പിക്കുന്നു എന്നതാണ് “അലസികഴുക്കോലു”കളുടെ സവിശേഷത. 52 കൊടുങ്ങയുടേയും നാഗത്തിന്റെയും മച്ചുപലകമേലുള്ള നവഖണ്ഡങ്ങളുടേയും കൊത്തുപണികള്‍ ദാരുശില്പി മരട് ബിനുവാണ് നിര്‍വഹിച്ചത്. കൂടാതെ ക്ഷേത്രഗോപുരത്തില്നിന്നും ഈ ഗോപുരത്തിനുള്ള പ്രത്യേകത. അഷ്ടലക്ഷ്മി, ശ്രീ ഗണപതി, വിശ്വകര്‍മ്മാവ് കൂടാതെ ഇന്ത്യന്‍ മൊണാലിസ എന്ന് ചിത്രകാരന്മാര് വിശേഷിപ്പിക്കുന്ന രണ്ടു സാലഭഞ്ജികയും വാതിലിനുമാറ്റു കൂട്ടുന്നു. വിശേഷദിവസങ്ങളില്‍മാത്രം തുറക്കുന്ന വാതിലിനകത്തുള്ള ചെറുവാതില്‍ ദേവിയുടെ പ്രഭാമണ്ഡലത്തിന്റെ രൂപത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ കിഴക്കും, പടിഞ്ഞാറും ഭാഗത്തുള്ള മുഖപ്പിനകത്ത് ശ്രീഭുവനേശ്വരി ദേവി സമേതയായ ശ്രീ അന്നപൂര്‍ണേശ്വരി ദേവിയുടേയും, ശ്രീഭദ്രകാളി ദേവിയുടേയും രൂപം കൊത്തിവച്ചിരിക്കുന്നു. തേക്ക് ആഞ്ഞിലി എന്നിവ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഗോപുരത്തിന് 3500 ക്യൂബിക് അടി മരം ആവശ്യമായിവന്നു.
പിച്ചളയില്‍ നിര്‍മിച്ചിരിക്കുന്ന ഭീമാകാരമായ ഗജവ്യാളി മുഖത്തോടുകൂടിയ 6 മുഖപ്പുകള്‍, പറനാഗത്തിന്റെ ഉടലിന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന മൂലക്കമത്തുകള് എന്നിവ കൂടാതെ 99 ശതമാനം പരിശുദ്ധിയുള്ള ചേമ്പോല കൃത്രിമചായങ്ങള്‍ പൂശാതെ തനിമ നിലനിര്‍ത്തുന്ന രീതിയിലാണ് ഗോപുരമുകളില്‍ പാകിയിരിക്കുന്നത്. സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കോല് രണ്ടു വിരല്‍ (78 സെമീ) ഉയരമുള്ള 5 താഴികക്കുടങ്ങള്‍ സമര്‍പ്പണദിനത്തില്‍ ക്ഷേത്രംതന്ത്രി പുലിയന്നൂര്‍ ശശിനമ്പൂതിരിപ്പാട് ഗോപുരമുകളില്‍ സ്ഥാപിക്കുന്നതാണ്. ഗോപുരമുകളില്‍ സ്ഥാപിക്കുവാനുള്ള സ്വര്‍ണത്താഴികക്കുടം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആഗസ്റ്റ് 28ന് രാവിലെ 5.30ന് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് വൈക്കം, അരൂക്കുറ്റി എന്നീഭാഗങ്ങളും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളും സഞ്ചരിച്ച് ക്ഷേത്രത്തില്‍ തിരിച്ചെത്തും.
ഗോപുരത്തിന്റെ അവസാന മിനുക്കുപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചുവരുന്നതായി ജനറല്‍ കണ്‍വീനര്‍ കെ.ഡി.ഉമേഷ് കുമാര്‍, സമാജം പ്രസിഡന്റ് എ.ജി.മോഹനന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: