Categories: Kerala

ഗുരുപവനപുരിയില്‍ പുണ്യം തേടി പതിനായിരങ്ങള്‍

Published by

ഗുരുവായൂര്‍ : ഉണ്ണിക്കണ്ണന്റെ പിറന്നാളാഘോഷത്തിന്‌ ഗുരുപവനപുരിയിലെത്തി പതിനായിരങ്ങള്‍ പുണ്യം നേടി. പിറന്നാള്‍ നാളില്‍ ഉണ്ണിക്കണ്ണനെ ദര്‍ശിക്കാനും പിറന്നാള്‍ സദ്യയുണ്ണാനും ക്ഷേത്രത്തിലേക്ക്‌ വന്‍ ഭക്തജന പ്രവാഹമായിരുന്നു. ഗുരുപവനപുരിയില്‍ നിര്‍മ്മാല്യദര്‍ശനത്തോടെയാണ്‌ ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്‌.

ഗുരുവായൂരപ്പന്റെ വിശിഷ്ട സ്വര്‍ണ്ണകോലം എഴുന്നള്ളിച്ചു. ഗുരുവായൂര്‍ സിദ്ധാര്‍ത്ഥന്‍ തങ്കത്തിടമ്പേറ്റി. പെരുവനം കുട്ടന്‍മാരാരുടെ മേളം, അന്നമനട പരമേശ്വരന്‍ മാരാരുടെ പഞ്ചവാദ്യം എന്നിവയും ഇന്നലെ നടന്നു. നെയ്യപ്പവും പാല്‍പായസവുമായിരുന്നു അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാട്‌. 2,63,000 രൂപയുടെ അപ്പമാണ്‌ ഇതിനായി തയ്യാറാക്കിയിരുന്നത്‌.

പിറന്നാള്‍ സദ്യക്ക്‌ പതിനായിരക്കണക്കിന്‌ ഭക്തര്‍ പങ്കെടുത്തു. അവിയല്‍, എരിശ്ശേരി, കാളന്‍ ഉള്‍പ്പെടെ വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയായിരുന്നു ഇന്നലെ ഗുരുപവനപുരിയിലെത്തിയവര്‍ക്ക്‌ നല്‍കിയത്‌. ഇതിനായി പ്രത്യേക പന്തലുകളും ഒരുക്കിയിരുന്നു. വിവിധ ഹൈന്ദവ സംഘടനകളുടേയും ബാലഗോകുലങ്ങളുടേയും ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ സമാപിച്ചു. രാത്രിയില്‍ വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by