Categories: Kerala

അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്ക്‌ ഭക്തലക്ഷങ്ങള്‍

Published by

പത്തനംതിട്ട : വള്ളപ്പാട്ടും കൃഷ്ണ കീര്‍ത്തനങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഭഗവാന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും ലക്ഷങ്ങളെത്തി. ക്ഷേത്ര തിരുമുറ്റത്ത്‌ നീണ്ടനിരകളിലായിരുന്ന്‌ ഭഗവത്പ്രസാദം സ്വീകരിച്ച്ഭക്തലക്ഷങ്ങളാണ്‌ ആത്മനിര്‍വൃതി നേടിയത്‌.
അഷ്ടമിരോഹിണി ദിനത്തില്‍ ആറന്മുള പാര്‍ത്ഥസാരഥിയുടെ തിരുമുറ്റത്തിരുന്ന്‌ വള്ളസദ്യപ്രസാദം സ്വീകരിക്കാന്‍ 42 പള്ളിയോടങ്ങളും പാടിത്തുഴഞ്ഞെത്തി. ഇന്നലെ രാവിലെ 11 മണിയോടെ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച്‌ വള്ളസദ്യ ഉദ്ഘാടനം ചെയ്തു.

അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ 48കൂട്ടം വിഭവങ്ങളാണ്‌ വള്ളസദ്യയ്‌ക്ക്‌ ഒരുക്കിയിരുന്നത്‌. ആചാരാനുഷ്ഠാനങ്ങളാല്‍ അധിഷ്ഠിതമായ ചടങ്ങുകൂടിയാണിത്‌. കുത്തരിചോറ്‌, പരിപ്പ്‌, പര്‍പ്പടകം, നെയ്യ്‌, സാമ്പാര്‍, കാളന്‍, രസം, മോര്‌, തോരന്‍, ഇഞ്ചി, കടുമാങ്ങ, നാരങ്ങ, നെല്ലിക്ക അച്ചാര്‍, സ്റ്റൂ, ഓലന്‍, അവിയല്‍, ആറന്മുള വറുത്ത എരിശ്ശേരി, പഴുത്ത മാങ്ങാക്കറി, കിച്ചടി, പച്ചടി, വഴുതനങ്ങ മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, തകരത്തോരന്‍, മടന്തയില തോരന്‍, ചീരത്തോരന്‍, ഇഞ്ചിതൈര്‌, ഉപ്പുമാങ്ങ, പാളതൈര്‌, നേന്ത്രക്കായ്‌, ഉപ്പേരി, ചേന ഉപ്പേരി, ചേമ്പ്‌ ഉപ്പേരി, ശര്‍ക്കരപുരട്ടി, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, മുന്തിരിങ്ങ, ശര്‍ക്കര, കരിമ്പ്‌, തേന്‍, പഴംനുറുക്ക്‌, കാളിപ്പഴം, പൂവന്‍പഴം, അടപ്രഥമന്‍, കടലപ്രഥമന്‍, പഴം പ്രഥമന്‍, പാല്‍പായസം, ചുക്കുവെള്ളം, ജീരകവെള്ളം എന്നിവയാണ്‌ വള്ളസദ്യയിലെ വിഭവങ്ങള്‍. ദേവസ്വം മന്ത്രി വി.എസ്‌. ശിവകുമാര്‍, കെ.ശിവദാസന്‍നായര്‍ എംഎല്‍എ, വി.എന്‍.ഉണ്ണി, പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ.വി.സാംബദേവന്‍, സെക്രട്ടറി രതീഷ്‌ ആര്‍.മോഹന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by