രാവിലെ പത്രം വായിക്കാന്‍ ഇരുന്നു. വിലക്കയറ്റത്തിനുവേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചടുലവും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത ആനന്ദം!…നമുക്ക് സജീവമായൊരു സര്‍ക്കാരുണ്ടല്ലോ. ഭാഗ്യം! ഈ സര്‍ക്കാരുകളില്ലായിരുന്നെങ്കില്‍ ആരുണ്ട് ഇങ്ങനെ സമയാസമയങ്ങളില്‍ വിലകളും നികുതികളും കൂട്ടാന്‍? തെരഞ്ഞെടുപ്പുകളും മന്ത്രിസഭാ വികസനവും നടത്താന്‍? കുംഭകോണങ്ങള്‍ നടത്താന്‍? ഒക്കെ നമ്മുടെ മഹാഭാഗ്യം!
തലക്കെട്ടുകള്‍ മാറിമാറി നോക്കുമ്പോഴാണ് “സലാം സാറേ, വല്ലതും തരണേ അമ്മേ!” എന്ന വിളിയുമായി ഒരു പിച്ചക്കാരന്‍ കയറിവന്നത്. രാവിലെ തൊഴിലിന് ഇറങ്ങിയ അയാളുടെ സമയനിഷ്ഠയില്‍ സന്തോഷം തോന്നി.
ആരു പറഞ്ഞു ഇവിടെ കൃത്യനിഷ്ഠ ആര്‍ക്കും ഇല്ലെന്ന്? കോടികളുടെ ഇടപാടാണ് ഭിക്ഷാടന മേഖലയില്‍ കേരളത്തില്‍ ഒരു ദിവസം നടക്കുന്നത് എന്ന്, ഏതോ ഒരു പത്രത്തിന്റെ ബിസിനസ് അന്വേഷണാത്മക റിപ്പോര്‍ട്ടിലൊരിക്കല്‍ വായിക്കുകയുണ്ടായി.
‘കനിമൊഴി ജയിലില്‍!’- വെണ്ടയ്‌ക്ക ലിപിയിലൊരു തലക്കെട്ട്! താഴെ ഒരു വനിതാ ജനപ്രതിനിധി കരഞ്ഞും കുമ്പിട്ടും പോകുന്ന പടം!
ആരു പറഞ്ഞു ഇന്നാട്ടില്‍ സ്ത്രീ വെറും തേന്‍മൊഴികളായ അബലകളാണെന്ന്?
കോടികളുടെ ഇടപാടിലും ജയില്‍ പങ്കിടുന്നതും വനിതാ സംവരണവും വേണ്ടെന്നേ!
സ്ത്രീക്കും പുരുഷനും തുല്യ അവസരം നല്‍കണമെന്ന് വാദിച്ച മഹാത്മജിയുടെ പേര്, ഒരു ഗുണമേന്മ ചിഹ്നംപോലെ കൊണ്ടുനടക്കുന്നവരുടെ ഭരണത്തിന് കൈത്താങ്ങുന്നവരുടെ കൂട്ടത്തിലെ ഇത്തിരി വല്യയൊരു കയ്യാണ് ഈ കനി! പക്ഷേ കുറ്റം പറയരുതല്ലോ, മഹാത്മജിയുടെ ആദര്‍ശങ്ങള്‍ ഇത്രമാത്രം പ്രാവര്‍ത്തികമാക്കുന്നവര്‍ വേറെയില്ല.
വനിതാബില്ലിന് വേണ്ടി ശക്തമായി മുന്നോട്ടു പോകുന്നവരാണ് ഭരിക്കുന്നത്. സ്ത്രീയ്‌ക്കും പുരുഷനും ജയിലില്‍പ്പോലും തുല്യ അവസരമൊരുക്കുകയാണ് ഈ അഭിനവ ഗാന്ധിയന്മാര്‍.
ഭരണത്തില്‍ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീ ഇന്നു മുന്നിലാണെന്ന് കനിയും മായയും റാബ്രിയുമൊക്കെ ഗാന്ധിജിയുടെ ആത്മാവിന് കാട്ടിക്കൊടുത്ത്, ആ വഴിയിലൂടെ തിഹാറിലെത്തി അവസരസമത്വം പിടിച്ചുവാങ്ങാനുള്ള യത്നത്തിലാണ്.
പുത്തന്‍ ഗാന്ധിയന്മാരെക്കൊണ്ട് രാജ്യത്തെ ജയില്‍ നിറയുകയാണ്. പൂജപ്പുര തൊട്ട് തിഹാര്‍വരെ സഹനക്കാരെക്കൊണ്ട് നിറയുകയാണ്. വല്ലവന്റേയും കയ്യില്‍നിന്നും ഭരണം നേടിയെടുക്കാനാണ് നല്ലതൊന്നും ഉടുക്കാതെ, മെതിയിട്ടു, മുളവടിയൂന്നി, ഉപ്പു കുറുക്കി, അടി വാങ്ങി ആ പാവം ജയിലില്‍ കിടന്നത്! അങ്ങനെ കിട്ടിയ ഭരണം കയ്യാളിയാണ്, ഇന്ന് അദ്ദേഹത്തിന്റെ പിറകെ എന്നുപറയുന്നവര്‍ ജയിലില്‍ കിടക്കുന്നത്!
ഒരു ദിവസത്തെ പണിയും കളഞ്ഞു, വോട്ടുകുത്തി അധികാരമേല്‍പ്പിച്ചുകൊടുത്തവരെ പിന്നൊന്നു കാണണമെങ്കില്‍ ജയിലില്‍ ചെന്ന് സന്ദര്‍ശക സമയം നോക്കി ഊഴവും കാത്ത് നില്‍ക്കണം! അരിയും മരുന്നും വാങ്ങുന്ന കാശില്‍നിന്നും പിടിച്ചു വാങ്ങുന്ന നികുതിപ്പണം സ്വന്തം കീശയിലാക്കിയെന്ന് മാത്രമല്ല ഇന്ന് പണം കൊടുത്തുതന്നെ ജയിലിലും ഈ നാഷണല്‍ വേസ്റ്റുകളെ പരിരക്ഷിക്കുകയും വേണമല്ലൊ.
രാജയും കനിയും കല്‍മാഡിയും പിള്ളയുമൊക്കെ സത്യത്തില്‍ മഹാപാപമാണ് ചെയ്യുന്നത്! ഈശ്വരന്‍ പോലും പൊറുക്കില്ല. നൂറുകണക്കിന് ആളുകള്‍ക്ക് കയറിക്കിടക്കാനുള്ള, തലചായ്‌ക്കാനുള്ള ഇടമാണ് കൈയടക്കി വെച്ചിരിക്കുന്നത്. കള്ളനും കൊലപാതകികള്‍ക്ക് തലചായ്‌ക്കാനിന്ന് ജയിലില്‍ ഇടമില്ല. അപ്പാവങ്ങള്‍ എവിടെ ഒന്നു തലചായ്‌ക്കും? എല്ലാം രാഷ്‌ട്രീയക്കാരും മന്ത്രിമാരും മുന്‍മന്ത്രിമാരും ജനപ്രതിനിധികളും കയ്യടക്കിവെച്ചിരിക്കുന്നു.
ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കുംപോലും ഇന്ന് ജയിലിലിടമില്ല. അവിടേയും പോലീസുകാരും അവരുടെ ഏമാന്മാരും എല്ലാംകൂടി കയറി പൊറുതി വെച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാംകൂടിയായപ്പോള്‍ ഒരു പഴയ നാടകഗാനം ഓര്‍ത്തുപോയി. പക്ഷേ വരികളില്‍ കാലാനുസൃതമായ തിരുത്തല്‍ മനസ്സില്‍ അറിയാതെവന്നുപോയിരുന്നു. “പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്. കള്ളനും കൊലപാതകിയ്‌ക്കും തലചായ്‌ക്കാന്‍ ജയിലില്‍ ഇടമില്ല!”
കാലിത്തീറ്റയുടെ പേരില്‍, പ്രതിമയുടെ പേരില്‍, കുറെ ജീമാര്‍ ടുജിയുടെ പേരില്‍, കോമണ്‍വെല്‍ത്ത് സ്വന്തം വെല്‍ത്താക്കി ചിലര്‍…….
എന്തിന്, വല്ലഭന് പുല്ലുമായുധം!
കുഴലുള്ളവന്‍ പൂരത്തിനൂതും. ഇല്ലാത്തവന്‍ അടുപ്പില്‍ ഊതും!
പെണ്ണുക്കര രാധാകൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: