ആലുവ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങിയിരുന്ന ആലുവ പാലസിലെ മുറിയിലേക്ക് യുവതി അതിക്രമിച്ച് കടന്നു. ഇന്നലെ രാവിലെ ഏഴേകാല്‍ മണിയോടെയാണ് സംഭവം. പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ 107-ാം നമ്പര്‍ മുറിയിലേക്ക് രണ്ട് കുട്ടികളുമായി യുവതി കടന്നുവരുന്നത്. യുവതി തന്റെ കുട്ടികളുടെ ചികിത്സ പിഴവുണ്ടെന്നും ഇതന്വേഷിക്കാന്‍ ഇവിടെയാരുമില്ലെന്നും മന്ത്രിമാരൊക്കെ ബെന്‍സ് കാറില്‍ സഞ്ചരിക്കുകയല്ലേയെന്നും മറ്റും യുവതി വിളിച്ചുപറഞ്ഞു. ഭക്ഷണം മുഴുവന്‍ കഴിക്കാതെ മുഖ്യമന്ത്രി മുറിക്ക് പുറത്തിറങ്ങിയെങ്കിലും യുവതി പിന്നാലെ ചെന്ന് ബഹളംവെക്കുകയായിരുന്നു.
വനിതാ പോലീസ് പാലസില്‍ ഇല്ലാത്തതിനാല്‍ യുവതിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. സ്റ്റേഷനില്‍നിന്നും വനതാ പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം വിട്ടയച്ചു. മുഖ്യമന്ത്രിയുടെ വെബ്്സൈറ്റ് പരിശോധിച്ചാണ് ഇന്നലെ ആലുവ പാലസില്‍ എത്തുമെന്നറിഞ്ഞതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
തോട്ടയ്ക്കാട്ടുകര സ്വദേശി മാലതി എന്നാണ് യുവതി വെളിപ്പെടുത്തിയത്. പിന്നീട് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് ചോദിച്ചപ്പോള്‍ താന്‍ പുതുപ്പള്ളി മണ്ഡലത്തില്‍ താമസിച്ചിരുന്നതാണെന്നും മുഖ്യമന്ത്രിയുമായി അടുത്ത പരിചയമുണ്ടെന്നും അവകാശപ്പെട്ടു. തന്റെ കുട്ടിക്ക് വിദഗ്ധചികിത്സ നല്കാന് എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. താന്‍ ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്യാമെന്ന് മുഖ്യമന്ത്രി ആശ്വസിപ്പിച്ചെങ്കിലും ഇവര്‍ മുറിയില്‍നിന്നും ഇറങ്ങാതെ നിന്നു. യുവതിയോട് മുറിയില്‍നിന്ന് മാറാന്‍ ആവശ്യപ്പെട്ട ഗണ്‍മാനോട് യുവതി തട്ടിക്കയറുകയും ചെയ്തു.
ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സുചനയുണ്ട്് എന്നാല്‍ തനിക്ക് പരാതിയില്ലെന്നും യുവതിയെ അറസ്റ്റ് ചെയ്യരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിനെത്തുടര്‍ന്ന് യുവതിയെ വിട്ടയച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഒരു മാനസികരോഗി കയറിയിരുന്ന സംഭവം ഉണ്ടായി. ഇന്നലെ ആലുവ പാലസില്‍ ഉണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ ഇനി മുതല്‍ മുഖ്യമന്ത്രിയെത്തുമ്പോള്‍ ഗണ്‍മാനെ കൂടാതെ ലോക്കല്‍ പോലീസ് അധികൃതരും മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ നിലയുറപ്പിക്കും. നിത്യേന നിരവധി വിഐപികളാണ് ആലുവ പാലസില്‍ എത്തുന്നത്. ഇവിടെ നിലവില്‍ ഏതാനും പോലീസുകാര്‍ പകല്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് വനിതാ പോലീസിനെക്കൂടി ഇനി ക്യാമ്പ് ചെയ്യിക്കുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: