ആലുവ: പറവൂര്‍ കവലയില്‍ സ്പിരിറ്റ് കണ്ടെത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രധാന പ്രതികളുടെ ചിത്രങ്ങള്‍ സഹിതം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് സഹായം ആവശ്യപ്പെടാന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍ ഗോപേഷ് അഗര്‍വാളിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പോലീസ് സ്റ്റേഷനുകളില്‍ മാത്രം അറിയിപ്പ് നല്കുന്ന ലുക്ക് ഔട്ട് സര്‍ക്കുലര്‍ അയക്കാനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികളെ സംബന്ധിച്ച അറിയിപ്പ് പൊതുസ്ഥലങ്ങളിലും പതിക്കാനാണ് നീക്കം. പിടിയിലായ പ്രതികളുടെ മൊഴിപ്രകാരം ലോറിയില്‍ ആലുവായില്‍ സ്പിരിറ്റ് എത്തിച്ചതിന്റെയും പിന്നീട് വാഹനങ്ങളിലും പഴയ വര്‍ക്ക് ഷോപ്പിലെ അറയിലും ടോയ്ലറ്റിലുമൊക്കെയായി അടുക്കിയതിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. എന്നാല്‍ സ്പിരിറ്റിന്റെ ഉറവിടം ഏതെന്ന് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ പിടിപാടില്ലാത്ത അവസ്ഥയാണ്.
കോയമ്പത്തൂരിലെ ഡിസ്റ്റിലറിയില്‍ നിന്നുള്ള സ്പിരിറ്റാണെന്ന് പ്രതികള്‍ക്ക് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിലെ പ്രോഹിബിഷന്‍ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. എക്സൈസിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് സൈബര്‍സെല്ലിന്റെ സഹായം തേടാന്‍ വൈകിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: