Categories: India

ദല്‍ഹിയില്‍ ആകാശം മേല്‍ക്കൂരയാക്കി ആയിരങ്ങള്‍

Published by

ന്യൂദല്‍ഹി: ഇത്‌ കാലവര്‍ഷം. രാത്രിയും പകലും മഴ പെയ്യുന്ന കാലം. റോഡുകളില്‍ വെള്ളം നിറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ജീര്‍ണിച്ച രാത്രിതാവളത്തേക്കാള്‍ തലചായ്‌ക്കാന്‍ ദല്‍ഹിയിലെ കൂരയില്ലാത്തവരും ഭിക്ഷക്കാരും ഇഷ്ടപ്പെടുന്നത്‌ തുറസായ ആകാശത്തിന്‌ കീഴെയാണ്‌.

ദല്‍ഹിയില്‍ അറുപത്‌ സര്‍ക്കാര്‍ രാത്രിതാവളങ്ങളുണ്ട്‌. 43 താല്‍ക്കാലികവും 17 സ്ഥിരം സംവിധാനങ്ങളുമാണ്‌ നിലവിലുള്ളത്‌. സര്‍ക്കാരിന്റെ കണക്കില്‍ ദല്‍ഹിയില്‍ തല ചായ്‌ക്കാന്‍ ഇടമില്ലാത്ത മനുഷ്യപുത്രര്‍ 70000 ആണ്‌. ചില സംഘടനകള്‍ ഇതിനെ 150,000 ആയി തിരുത്താറുണ്ട്‌. സാധാരണ രാത്രിതാവളങ്ങളെ ആശ്രയിക്കുന്നത്‌ ദല്‍ഹിയിലെ റിക്ഷക്കാരും ബലൂണ്‍, പച്ചക്കറി കച്ചവടക്കാരും നഗരത്തിലേക്ക്‌ കുടിയേറിപാര്‍ത്ത ജോലിക്കാരുമാണ്‌. രാത്രി താവളങ്ങള്‍ മരാമത്ത്‌ പണികള്‍ നടത്താതെ, ജലവിതരണമില്ലാതെ വൈദ്യൂതിയില്ലാതെ ശോച്യാവസ്ഥയിലാണ്‌. ഇതിനാല്‍ നഗരത്തിലെ പാവപ്പെട്ടവര്‍ ഇവിടെ ചേക്കേറാറില്ല.

കഴിഞ്ഞ ചൊവ്വാഴ്ച പഴയ ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ ഒരു രാത്രിത്താവളം കനത്ത മഴയില്‍ നിലംപൊത്തി. ഒതു ഡസന്‍ ആളുകള്‍ അതിലുണ്ടായിരുന്നുവെങ്കിലും ഭാഗ്യംകൊണ്ട്‌ ആര്‍ക്കും കാര്യമായ പരിക്കൊന്നുമേറ്റില്ല. ഇത്തരം അപകടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണെന്ന്‌ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. കഴിഞ്ഞ മൂന്ന്‌ മാസമായി ഇവിടെ വെള്ളവും വെളിച്ചവുമില്ല. പായകള്‍ നനഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുന്ന ചിലതില്‍ മണ്ണിരകളുമുണ്ട്‌, ഇടിഞ്ഞുവീണ താവളത്തിലെ അന്തേവാസി സാവിത്രി പറഞ്ഞു. മഴ പെയ്താല്‍ ഇത്തരമിടങ്ങളിലേക്ക്‌ മഴവെള്ളം കയറി മനുഷ്യന്‌ കഴിയാന്‍ പറ്റാത്ത സ്ഥിതിയാവും. ഇത്തരം താവളങ്ങള്‍ നന്നാക്കുവാനുള്ള പണം സര്‍ക്കാരില്‍നിന്നും ലഭിക്കാത്തതിനാല്‍ പല സംഘടനകള്‍ക്കും അതിന്‌ കഴിയുന്നില്ല.
ഫെബ്രുവരി മുതല്‍ തങ്ങള്‍ക്ക്‌ ഇതിനായുള്ള പണം ലഭിക്കുന്നില്ലെന്ന്‌ 10 വര്‍ഷമായി ഭവനരഹിതരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബെഗാര്‍ സംഘര്‍ഷസമിതിയിലെ അശോക്‌ പാണ്ടെ ചൂണ്ടിക്കാട്ടി. ആറുമാസമായി സര്‍ക്കാര്‍ തങ്ങള്‍ക്ക്‌ ഇതിനായി പണമൊന്നും നല്‍കുന്നില്ല. ഈ താവളങ്ങളുടെ സംരക്ഷണത്തിന്‌ ഇതുവരെ തങ്ങള്‍ സ്വന്തം പൈസ ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ അതും ബുദ്ധിമുട്ടായിത്തുടങ്ങി, അദ്ദേഹം തുടര്‍ന്നു.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ താല്‍ക്കാലിക താവളങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഴക്കാലത്ത്‌ മാത്രമാണ്‌ താല്‍ക്കാലിക മേല്‍ക്കൂരകള്‍ നിലവില്‍വരുന്നത്‌. ഇതിനായി എല്ലാ താവളങ്ങളും ഒഴിഞ്ഞുകിടക്കുകയാണെന്നും അവയുടെ പരിരക്ഷക്കായി കൂടുതല്‍ ധനം ആവശ്യമാണെന്നതുമായിരുന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍ കോടതി ഈ ഹര്‍ജി തള്ളി. സര്‍ക്കാര്‍ ഇതര സാമൂഹ്യ സംഘടനകള്‍ക്ക്‌ താവളങ്ങളുടെ സംരക്ഷണത്തിനായി നല്‍കിയിരുന്ന പണം നല്‍കാതിരിക്കുന്നതുവഴി താവളങ്ങള്‍ അടച്ചുപൂട്ടാന്‍ ഗൂഢമായി ശ്രമിക്കുകയാണെന്ന്‌ സാമൂഹ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ഇതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ ദല്‍ഹി സര്‍ക്കാരിന്റെ വക്താക്കള്‍ തയ്യാറായില്ല. ദല്‍ഹി ഭരണകൂടം പ്രതിമാസം 45 ലക്ഷം രൂപയാണ്‌ താല്‍ക്കാലിക താവളങ്ങള്‍ക്കായി ചെലവിടുന്നത്‌. ഒരു ലക്ഷം വീതം ഓരോ താവളത്തിനും എന്ന്‌ കണക്കാക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by